മെഗാതാരങ്ങളും സൂപ്പർ താരങ്ങളും ക്രിസ്മസ് റിലീസുകളുമായി ബോക്്സ് ഒാഫീസിനെ പ്രകമ്പനം കൊള്ളിക്കാനൊരുങ്ങുന്നു. മെഗാതാരങ്ങളായ മമ്മൂട്ടിയുടെ ഷൈലോക്കിനും മോഹൻലാലിന്റെ ബിഗ് ബ്രദറിനുമൊപ്പം സൂപ്പർ താരങ്ങളായ ദിലീപിന്റെ മൈ സാന്റയും പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസൻസും ഫഹദ് ഫാസിലിന്റെ ട്രാൻസുമാണ് ക്രിസ്മസിന് തിയേറ്ററുകളിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായ ചിത്രങ്ങൾ. രാജാധിരാജയ്ക്കും മാസ്റ്റർ പീസിനും ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ് എന്റർടെയ്നറായ ഷൈലോക്കിന്റെ ചിത്രീകരണം ഇന്ന് മുതൽ വീണ്ടും കോയമ്പത്തൂരിൽ തുടങ്ങും. കഴിഞ്ഞ ദിവസം വരെ എറണാകുളത്തായിരുന്നു ഷൂട്ടിംഗ്.
മമ്മൂട്ടിക്കൊപ്പം രാജ്കിരൺ, മീന, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ജോൺ കൈപ്പിള്ളി, ബിബിൻ ജോർജ് തുടങ്ങിയ ഒരു വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ഷൈലോക്കിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അമൽ നീരദിന്റെ ശിഷ്യനായ രണദിവെയാണ്. അമലിന്റെ ദുൽഖർ ചിത്രം സി.ഐ.എയിലൂടെ അരങ്ങേറിയ രണദിവെയുടെ മറ്റൊരു ചിത്രം വിജയ് സൂപ്പറും പൗർണമിയുമാണ്. ഗോപിസുന്ദറാണ് ഷൈലോക്കിന് സംഗീതമൊരുക്കുന്നത്.
ലേഡീസ് ആൻഡ് ജെന്റിൽമാന് ശേഷം സിദ്ദിഖ് രചനയും സംവിധാനവും നിർവഹിക്കുന്ന മോഹൻലാൽ ചിത്രം ബിഗ് ബ്രദറിന്റെ ഷൂട്ടിംഗ് എറണാകുളത്തും ചേർത്തലയിലുമായി പുരോഗമിക്കുകയാണ്.ഒക്ടോബർ ആദ്യവാരം ബംഗളൂരുവിലേക്ക് ഷിഫ്ട് ചെയ്യുന്ന ചിത്രം ഡിസംബർ പത്തൊൻപതിന് തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
എസ്. ടാക്കീസ്, ഷാമാൻ ഇന്റർനാഷണൽ, വൈശാഖ സിനിമ എന്നിവയുടെ ബാനറിൽ സിദ്ദിഖ്, ജെൻസോ ജോസ്, ഫിലിപ്പോസ് കെ. ജോസഫ്, മനു മാളിയേക്കൽ, വൈശാഖ് രാജൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ബിഗ് ബ്രദറിൽ അർബാസ് ഖാൻ, അനൂപ് മേനോൻ, മിർണാ മേനോൻ, സിദ്ദിഖ്, ചെമ്പൻ വിനോദ് ജോസ്, നവീൻ കുഞ്ഞുമോൻ, സർജാനോ ഖാലിദ്, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ഹണിറോസ് തുടങ്ങിയവരും വേഷമിടുന്നുണ്ട്. കാമറ: ജിത്തു ദാമോദർ, സംഗീതം: ദീപക് ദേവ്.
ക്രിസ്മസ് റിലീസുകളിൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ട്രാൻസ്. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ട്രാൻസിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അമൽ നീരദാണ്.
ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിൽ നസ്രിയയാണ് നായിക. സൗബിൻ ഷാഹിർ, വിനായകൻ, ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ്, സ്രിൻഡ, ദിലീഷ് പോത്തൻ, ധർമ്മജൻ ബോൾഗാട്ടി എന്നിവർക്കൊപ്പം പ്രശസ്ത സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ വേഷമിടുന്നുണ്ട്. നവാഗതനായ വിൻസന്റ് വടക്കന്റേതാണ് രചന.
ദിലീപിനെ നായകനാക്കി സുഗീത് ഒരുക്കുന്ന മൈസാന്റയും ക്രിസ്മസ് റിലീസുകളിലെ മറ്റൊരു പ്രതീക്ഷയാണ്. വാൾ പോസ്റ്റർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിഷാദ് കോയ, അജീഷ് ഒ.കെ, സാന്ദ്രമറിയം ജോസ്, സരിത സുഗീത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം സെപ്തംബർ 18 മുതൽ ഊട്ടിയിൽ ആരംഭിക്കും. നവാഗതനായ ജെമിൻ സിറിയക്കാണ് മൈ സാന്റയുടെ രചന നിർവഹിക്കുന്നത്. കാമറ : ഫൈസൽ അലി, സംഗീതം : വിദ്യാസാഗർ.അനുശ്രീ നായികയാകുന്ന ചിത്രത്തിൽ സായ്കുമാർ, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഇന്ദ്രൻസ്, ബേബി മാനസ്വി തുടങ്ങിയവരും വേഷമിടുന്നു.
പൃഥ്വിരാജിനെ നായകനാക്കി ലാൽ ജൂനിയർ (ജീൻ പോൾ ലാൽ) സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസ് എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്നു. പൃഥ്വിരാജ് പ്രൊഡക് ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും മിയയുമാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. സച്ചിയുടേതാണ് രചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |