കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികൾക്കും അവബോധങ്ങൾക്കും അനുസരിച്ച് വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വരും കാലഘട്ടത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കുട്ടികളെ സഹായിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസമാണ് അവർക്കു നൽകേണ്ടത്. പുതിയ വിദ്യാഭ്യാസമനുസരിച്ച് വിദ്യാർത്ഥികളെ സുസ്ഥിരമായ അറിവ് സമ്പാദനത്തിലേയ്ക്ക് തിരിച്ചുവിടുകയും വൈജ്ഞാനിക ഉള്ളടക്കം ശരിയായി കൈകാര്യം ചെയ്യാനുള്ള കഴിവ് അവരിൽ വളർത്തിയെടുക്കുകയും ചെയ്യുന്നു. വികാരങ്ങളെ ബുദ്ധിയും പ്രായോഗിക അറിവും ഉപയോഗിച്ച് സൈദ്ധാന്തികമായി സംയോജിപ്പിക്കാൻ അനുവദിക്കുന്ന ഒരു വിദ്യാഭ്യാസ പരിഷ്കാരമാണ് ഇന്ന് ആവിഷ്കരിച്ചു വരുന്നത്, അത് കണ്ടില്ലെന്നു നടിച്ച് പഴയ രീതിയിൽ അവരെ പഠിപ്പിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് നാം അറിയണം.
പുതിയ കാലഘട്ടമനുസരിച്ച് അദ്ധ്യാപകർ മാറാൻ തയ്യാറാകുന്നതാണ് പൊതുവെ കാണുന്നതെങ്കിലും രക്ഷിതാക്കൾ ഈ മാറ്റങ്ങളെ ഉൾക്കൊള്ളാൻ പലപ്പോഴും തയ്യാറാകാറില്ല. തങ്ങളുടെ താത്പര്യങ്ങൾ കുട്ടികളിലേയ്ക്ക് അടിച്ചേല്പിക്കാൻ രക്ഷിതാക്കൾ ശ്രമിക്കുമ്പോൾ അവരിലെ കഴിവുകളെ തച്ചുടയ്ക്കുകയാണ് ചെയ്യുന്നതെന്ന് മറന്നുപോകരുത്. പുതിയ കാലത്ത് ഇന്നത്തെ വിദ്യാർത്ഥികളുടെ കഴിവിൽ ഊറ്റംകൊള്ളുകയാണ് വേണ്ടത്. അതിന് അവരെ പ്രാപ്തരാക്കാൻ അദ്ധ്യാപകർ ആത്മാർത്ഥമായി പരിശ്രമിക്കുമ്പോൾ അതിന് തടസം നിൽക്കാതെ, ആ മാറ്റം ഉൾക്കൊണ്ട് തികഞ്ഞ ജാഗ്രതയോടെ വേണം രക്ഷിതാക്കൾ മക്കൾക്കു കൂട്ടായി നിൽക്കേണ്ടത്.
പരീക്ഷകളെ അഭിമുഖീകരിക്കാനുള്ള യന്ത്രങ്ങളാക്കി കുട്ടികളെ മാറ്റാൻ പണിപ്പെടുന്ന രക്ഷിതാക്കൾ ഓന്നോർക്കേണ്ടതുണ്ട്. സയൻസും കണക്കും പഠിക്കുന്നതു മാത്രമല്ല ജീവിത വിജയത്തിന് ആവശ്യം. കുട്ടികൾക്കും ലക്ഷ്യബോധത്തോടെയുള്ള സ്വപ്നങ്ങളുണ്ടെന്നു മനസിലാക്കി, അവയ്ക്ക് ചിറകേകാൻ സഹായിക്കുകയാണ് ഇന്നത്തെ കാലത്ത് നാം ചെയ്യേണ്ടത്. പ്രവേശന പരീക്ഷകൾ എഴുതാൻ പരിശീലിപ്പിക്കേണ്ടെന്നോ, അവസരം നൽകേണ്ടെന്നോ അല്ല ഉദ്ദേശിക്കുന്നത്. കുട്ടികളുടെ അഭിരുചിക്കാണ് നാം പിന്തുണയേകേണ്ടത്. പുതിയ ലക്ഷ്യങ്ങളോട്, പുത്തൻ മേഖലകളോട് കുട്ടികൾ താത്പര്യം കാണിക്കുമ്പോൾ അവ എന്തെന്നു മനസിലാക്കിക്കൊണ്ട് കുട്ടികൾക്കൊപ്പം നിൽക്കുകയാണ് രക്ഷിതാക്കളുടെ ഉത്തരവാദിത്വം.
പരീക്ഷകളിൽ ഉന്നത മാർക്ക് നേടുന്നതിൽ കുട്ടികളുടെ 'സ്വപ്രയത്ന"ത്തിന് വലിയൊരു പങ്കുണ്ട്. ഏതൊരു പരീക്ഷയ്ക്കും നേടേണ്ടുന്ന ആകെ മാർക്കിന്റെ 25 ശതമാനം മാത്രമാണ് അദ്ധ്യാപകരുടെ സഹായത്താൽ ലഭിക്കുന്നത്. സ്കൂളിൽ പഠിക്കുന്നതിനു പുറമെ, കുട്ടികളെ വിവിധ ഇടങ്ങളിൽ ഒരേ വിഷയത്തിന് വീണ്ടും പഠിക്കാനയച്ചാൽ അവർ അമിത സമ്മർദ്ദത്തിലാകും. മാത്രമല്ല, കുട്ടിക്ക് നേടാനാവുന്ന ആകെ മാർക്കിന്റെ 25 ശതമാനത്തിൽ കൂടുതൽ അദ്ധ്യാപകർക്ക് സംഭാവന ചെയ്യാനാകില്ല എന്നതും ഒരു പ്രപഞ്ച സത്യമാണ്. അടുത്ത 25 ശതമാനം മാർക്ക് കുട്ടി കണ്ടും കേട്ടും വായിച്ചും ഗ്രഹിച്ചും സ്വന്തമായി നേടുന്നതാണ്.
പിന്നെയുള്ള 25 ശതമാനം, കൂട്ടുകാരുമായി പാഠഭാഗങ്ങൾ ആശയവിനിമയം ചെയ്തും സംവാദം നടത്തിയും നേടുന്ന അറിവിലൂടെ സമ്പാദിക്കുന്നതമാണ്. ഒടുവിലത്തെ 25 ശതമാനമാകട്ടെ, സ്വന്തം വീക്ഷണത്തിലൂടെ ക്രിയാത്മകമായും വിമർശനാത്മകമായും ചിന്തിച്ചും പരീക്ഷണം നടത്തിയും ആർജ്ജിച്ചെടുക്കുന്ന ശരിയായ അറിവിലൂടെമാണ് നേടേണ്ടത്. അങ്ങനെയാകുമ്പോൾ, 75 ശതമാനം മാർക്ക് കുട്ടിയുടെ സ്വന്തം കഴിവുകൊണ്ട് മാത്രം നേടിയെടുക്കുന്നതാണെന്ന് വ്യക്തമാകും. ഇന്ന് കുട്ടികൾ പരീക്ഷയെഴുതുന്നത് പാഠഭാഗങ്ങൾ വെറുതെ മനഃപാഠമാക്കിയല്ല. യുക്തിപരമായും ഏതെല്ലാം ചോദ്യങ്ങൾക്ക്, എങ്ങനെയൊക്കെ ശരിയായ ഉത്തരമെഴുതി പരമാവധി മാർക്ക് നേടുവാൻ കഴിയുമെന്ന ഉത്തമ ബോധ്യത്തോടെയും മത്സരബുദ്ധിയോടെയുമാണ്.
ഈ നവയുഗത്തിൽ എണ്ണിയാലൊടുങ്ങാത്ത പുത്തൻ തൊഴിൽമേഖലകളാണ് യുവതലമുറയെ കാത്തിരിക്കുന്നത്. അതിനനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായവും മാറിക്കൊണ്ടിരിക്കുന്നു. പുതിയ ജോലി സാദ്ധ്യതകളുടെ വിസ്മയലോകം ഇന്നത്തെ വിദ്യാർത്ഥികളുടെ വിരൽത്തുമ്പിൽതന്നെയുണ്ട്. അവയൊക്കെ ഉൾക്കൊണ്ട് വ്യക്തമായ ലക്ഷ്യബോധത്തോടെയും സ്പഷ്ടമായ നിശ്ചയദാർഢ്യത്തോടെയും ചിന്തിച്ച് പ്രവർത്തിക്കുന്ന കുട്ടികളാണ് ഇന്നത്തെ നമ്മുടെ അഭിമാനം. അവരുടെ ലക്ഷ്യപ്രാപ്തിക്കായി, സ്വന്തം അഭിരുചിക്കനുസരിച്ച് അവർ തിരഞ്ഞെടുക്കുന്ന മേഖലകളിലേക്ക് എത്തുവാൻ വേണ്ട പൂർണ പിന്തുണയാണ് നമ്മൾ നൽകേണ്ടത്.
കുട്ടികൾക്ക് പുതിയ ജോലി സാദ്ധ്യതകൾ കണ്ടെത്താനും അവ നേടാൻ പരിശീലിക്കാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും കാൺപൂർ ഐ.ഐ.ടിയും ചേർന്ന് ആവിഷ്കരിച്ച സെൽഫ് അസസ്മെന്റ് ടെസ്റ്റ് ആന്റ് ഹെൽപ് ഫോർ എൻട്രൻസ് എക്സാംസ് (SATHEE) എന്ന സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. ഏതു പരീക്ഷയെഴുതാനും 9 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം തികച്ചും സൗജന്യമായി ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഉന്നതവിജയം നേടാവുന്നതാണ്. കുട്ടികൾക്ക് സ്വയം തങ്ങളുടെ കഴിവുകൾ വിലയിരുത്താൻ ഇതിലൂടെ കഴിയും.
പ്രവേശന പരീക്ഷകളിൽ ഉന്നത വിജയം നേടാൻ മറ്റൊന്നിനേയും ആശ്രയിക്കേണ്ട ആവശ്യമില്ല.
(തിരുവനന്തപുരത്തെ പ്രശസ്തമായ ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്കൂൾസ് ചെയർമാൻ ആണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |