SignIn
Kerala Kaumudi Online
Monday, 07 July 2025 11.41 PM IST

'സിസ്റ്റത്തിന്റെ' തകരാർ; പാവം ഡോക്ടറും

Increase Font Size Decrease Font Size Print Page
a

ഈ കപ്പൽ ആടിയുലയുകയില്ല സാർ. ഇതിനൊരു ക്യാപ്ടനുണ്ട് സാർ. ഈ കപ്പൽ നവകേരള തീരത്തോട് അടുത്തു കൊണ്ടിരിക്കുകയാണ് സാർ...- നിയമസഭയിൽ ആരോഗ്യ വകുപ്പിന് എതിരായ പ്രതിപക്ഷ വിമർശനത്തിന് ആരോഗ്യ മന്ത്രി വീണാ ജോർജ് നൽകിയ ഈ മറുപടിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമ ട്രോളുകളിൽ നിറയുന്നത്. കപ്പൽ ആടിയുലഞ്ഞു. അകത്ത് വെള്ളം കയറിത്തുടങ്ങി. കപ്പൽ മുങ്ങാതിരിക്കാനുള്ള അടിയന്തര രക്ഷാപ്രവർത്തനത്തിലാണ് ഇപ്പോൾ മന്ത്രിയും കൂട്ടരും.

പശ്ചാത്തലം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടി വരുന്നുവെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് സഹികെട്ട് മാദ്ധ്യമങ്ങളോടു നടത്തിയ പരസ്യ വെളിപ്പെടുത്തൽ. അതുയർത്തിയ കോലാഹലത്തിനിടെ, കോട്ടയം മെഡിക്കൽ കോളേജിൽ പഴഞ്ചൻ കെട്ടിടത്തിന്റെ ശുചിമുറി ഇടിഞ്ഞുവീണ്,​ രോഗിയായ മകളുടെ അമ്മയുടെ ദാരുണ മരണം. മൃതദേഹം കണ്ടെടുത്തതാവട്ടെ, പൊളിഞ്ഞ കെട്ടിടത്തിനുള്ളിൽ ആരുമില്ലെന്ന് മന്ത്രിമാരായ വീണാ ജോർജും വി.എൻ. വാസവനും സാക്ഷ്യപ്പെടുത്തി മടങ്ങിയതിനു ശേഷവും. ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചാലത്തെ സ്ഥിതി. പ്രതിപക്ഷം അത് ആയുധമാക്കി ചാടിവീണു. പാവങ്ങളുടെ ആശ്രയമായ സർക്കാർ ആശുപത്രികൾ വെന്റിലേറ്ററിൽ! സർക്കാർ കൊട്ടിഘോഷിക്കുന്ന 'നമ്പർ വൺ ആരോഗ്യ കേരളം" ഇതാണോയെന്ന് പ്രതിപക്ഷവും മാദ്ധ്യമങ്ങളും.

ആരോഗ്യ മേഖലയിലെ കുഴപ്പങ്ങൾക്കെല്ലാം കാരണം താനല്ലെന്നും സിസ്റ്റത്തിന്റെ തകരാണാന്നെന്നും മന്തി വീണാ ജോർജ്. രാജ്യത്തെ നമ്പർ വൺ ആരോഗ്യ സംവിധാനത്തെ തകർക്കാനാനുളള ശ്രമമാണ് പ്രതിപക്ഷവും മാദ്ധ്യമങ്ങളും നടത്തുന്നത്. സ്വകാര്യ മേഖലയ്ക്കു വേണ്ടി ബഹുരാഷ്ട്ര പെറ്റി ബൂർഷ്വാ കുത്തകകൾ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമെന്ന് പാർട്ടിയുടെ നിലവിലെ താത്വികാചാര്യൻ എം.വി. ഗോവിന്ദൻ മാഷിന്റെ കണ്ടുപിടിത്തം. കോട്ടയം മെഡിക്കൽ കോളേജിലെ പഴയ കെട്ടിടം നിലംപൊത്തിയതും ഈ ഗൂഢാലോചനയുടെ ഭാഗമാണോ എന്നു ചോദിക്കുന്നത് വരട്ടുതത്വവാദമാണ്. എല്ലാ കുഴപ്പങ്ങൾക്കും കാരണമായ ഈ സിസ്റ്റം ആരാണ്? അതിന്റെ ഉത്തരവാദിത്വം തങ്ങളുടെ തലയിൽ ചാരേണ്ടെന്ന് പ്രതിപക്ഷം. സിസ്റ്റം തകരാറിലാക്കിയത് ബഹുരാഷ്ട്ര കുത്തകകളാണെന്ന് താത്വികാചാര്യൻ പറഞ്ഞതു ശരിയാണെന്ന് സ്വന്തം പാർട്ടിക്കാർക്കെങ്കിലും ബോദ്ധ്യമാവണം. പിന്നെയും സംശയം ശേഷിക്കുന്നുണ്ടെങ്കിൽ അത് സ്റ്റഡി ക്ളാസിൽ കൂത്യമായി പങ്കെടുക്കാത്തതു കൊണ്ടാണ്.

 

ശസ്ത്രക്രിയാ ഉപകരണങ്ങൾക്കു വേണ്ടി മേലധികാരികൾക്കു മുമ്പിൽ ഇരന്ന്,​ ഒടുവിൽ ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോഴാണ് താൻ ഇല്ലായ്മകൾ വെളിപ്പെടുത്തിതതെന്ന് ഡോ. ഹാരിസ്. പക്ഷേ, അത് മെച്ചപ്പെട്ട ആരോഗ്യ സംവിധാനം തകർക്കാൻ മാദ്ധ്യമങ്ങൾക്ക് വടി കൊടുക്കലായെന്ന് മുഖ്യമന്ത്രി. ചട്ടലംഘനം ആരോപിച്ച് മന്ത്രിമാരും പിന്നാലെ ചാടിവീണു. മുഖ്യമന്ത്രിക്കും മന്ത്രിക്കുമെതിരെ ഒരക്ഷരം ഉരിയാടാതിരുന്ന ഇടതു സഹയാത്രികൻ കൂടിയായ ഡോ. ഹാരിസ് അതോടെ ഉറപ്പിച്ചു- തന്റെ ചീട്ട് കീറിയതു തന്നെ! ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറായ അദ്ദേഹം ജൂനിയറെ ചുമതലയേല്പിച്ച് കാത്തിരുന്നു. പക്ഷേ,​ തൊട്ടുപിന്നാലെ സംഭവിച്ച കോട്ടയത്തെ ദുരന്തത്തോടെ, ഡോ. ഹാരിസിനെതിരായ അന്വേഷണവും നടപടിയുമെല്ലാം ഡിം!

 

സംസ്ഥാനത്തെ ബി.ജെ.പിയിൽ നേതാക്കൾ തമ്മിലുള്ള ചക്കളത്തിപ്പോരാട്ടത്തിന് ശമനമില്ല. 'വെളുക്കാൻ തേച്ചത് പാണ്ടായി" എന്നാണ് പുതിയ നേതൃമാറ്റത്തെക്കുറിച്ച് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ പറയുന്നത്. കെ. സുരേന്ദ്രൻ പ്രസിഡന്റായിരുന്നപ്പോൾ എതിർവിഭാഗത്തെ അവഗണിച്ചെന്നായിരുന്നു പരാതി. രാജീവ് ചന്ദ്രശേഖർ പ്രസിഡന്റായ ശേഷം കെ. സുരേന്ദ്രനെയും വി. മുരളീധരനെയും പാർട്ടി നേതൃയോഗങ്ങളിൽ നിന്ന് അകറ്റിനിറുത്തുന്നുവെന്നാണ് പരാതി. രാജീവ് ചന്ദ്രശേഖർ പറയുന്നത് വികസന രാഷ്ട്രീയം. പാർട്ടിക്ക് ഒരു എം.എൽ.എ പോലും ഇല്ലാതിരിക്കെ, വികസന രാഷ്ട്രീയംകൊണ്ടു മാത്രം ക്ളച്ച് പിടിക്കില്ലന്നും ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ ഉൾപ്പെടെ ഏറ്റെടുത്ത് സമരം ചെയ്യണമെന്നും സുരേന്ദ്രൻ പക്ഷം. തമ്മിലടി തുടർന്നാൽ നിയമസഭയിൽ എങ്ങനെ വീണ്ടും ആക്കൗണ്ട് തുറക്കുമെന്ന് അണികൾ.

 

യൂത്ത് കോൺഗ്രസുകാർ ഏതുതരം വസ്ത്രം ധരിക്കണം?​ ലാളിത്യത്തിന്റെ പര്യായമായ ഖാദി വസ്ത്രത്തിനു പകരം അവരിൽ പലരും വിലകൂടിയ കളർ ഷർട്ടുകൾ ധരിച്ചു നടക്കുന്നുവെന്ന് പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ. കോൺഗ്രസിന്റെ ഭരണഘടന പ്രകാരം അംഗങ്ങൾക്ക് ഖാദി വസ്ത്രം നിർബന്ധമാണെന്ന് അവർ പറയുന്നു. പക്ഷേ, അംഗങ്ങൾ സാദ്ധ്യമാകുന്നത്രയും സ്വദേശി ഉപയോഗിച്ചാൽ മതിയെന്ന ഭേദഗതി പിന്നീട് കൊണ്ടുവന്നത് അവർ അറിഞ്ഞില്ലേ എന്നാണ് ഖാദി വസ്ത്രം കൈകൊണ്ടു തൊടാത്ത യൂത്ത്, മൂത്ത നേതാക്കളുടെ ചോദ്യം. 'ഇപ്പോൾ സ്വാതന്ത്ര്യ സമരമൊന്നും നടക്കുന്നില്ലല്ലോ. അന്നത്തെക്കാലത്ത് ഒരു പ്രതീകമായാണ് ഖദർ ധരിച്ചത്. വസ്ത്രധാരണത്തിൽ ഒരു നിയന്ത്രണവും ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല" എന്നാണ് വി.ഡി. സതീശന്റെ പ്രതികരണം.

കാലം മാറി; കോലവും.

നുറുങ്ങ്:

 രക്തസമ്മർദ്ദം കൂടി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരോഗ്യ മന്ത്രി വീണാ ജോർജിന് മരുന്ന് ലഭ്യമല്ലാത്തതിനാൽ നൽകിയത് ഉപ്പിട്ട കഞ്ഞി വെള്ളമെന്ന് വാർത്ത.

□ മന്ത്രിക്ക് കാര്യങ്ങൾ ഏതാണ്ട് പിടികിട്ടിക്കാണും!

(വിദുരരുടെ ഫോൺ: 99461 08221)

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.