SignIn
Kerala Kaumudi Online
Wednesday, 09 July 2025 3.46 AM IST

ദേശീയ അംഗീകാര നിറവിൽ ഇരവികുളം ദേശീയോദ്യാനം

Increase Font Size Decrease Font Size Print Page

iravikulam

ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനമെന്ന അംഗീകാര നിറവിൽ ഇരവികുളം ദേശീയോദ്യാനം. മൂന്നാർ വന്യജീവി ഡിവിഷനു കീഴിലുള്ള ദേശീയോദ്യാനത്തിന്റെ 50–ാം വാർഷിക ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് ഇരട്ടിമധുരം. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2020 മുതൽ 2025 വരെ സംരക്ഷിത വനമേഖലകളിൽ നടത്തിയ മാനേജ്‌മെന്റ് എഫക്ടീവ് എവാല്യൂവേഷന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടത്തിന് മൂന്നാർ വന്യജീവി ഡിവിഷന് കീഴിലുള്ള ഇരവികുളം തിരഞ്ഞെടുക്കപ്പെട്ടത്. വരയാടുകളുടെയും നീലക്കുറിഞ്ഞികളുടെയും പേരിൽ പ്രശസ്തമായ ഇരവികുളം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. അമ്പതാം വാർഷികത്തിന്റെ നിറവിൽ നിൽക്കുമ്പോഴാണ് രാജ്യത്തെ 438 സംരക്ഷിത വനമേഖലകളിൽ പലഘട്ടങ്ങളിലായി വിദഗ്ദ്ധ സമിതി നടത്തിയ പരിശോധനകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ 92.97 ശതമാനം സ്‌കോർ നേടി ഇരവികുളം ദേശീയോദ്യാനം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നാഷണൽ പാർക്കുകളിൽ ഒന്നായി അറിയപ്പെടുന്ന ഇരവികുളം പ്രാദേശിക ജന വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഇക്കോ ടൂറിസത്തിന്റെ ഏറ്റവും മികച്ച മാതൃകയാണെന്നും റിപ്പോർട്ടിൽ വിലയിരുത്തിയിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമുള്ള നിരവധി സംരക്ഷിത മേഖലകളെയും റിസർവ് ഫോറസ്റ്റുകളെയും ബന്ധിപ്പിക്കുന്ന ജൈവവൈവിധ്യമേഖലയാണ് ഈ പ്രദേശം. ഉഷ്‌ണമേഖല പർവത ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ സസ്യജന്തു ജാലങ്ങളുടെ വിപുലമായ പട്ടിക രൂപപ്പെടുത്തി, ഇവിടെ സംരക്ഷിച്ചു വരുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. സംരക്ഷിത വനമേഖലയ്ക്ക് കോട്ടം താട്ടാത്ത രീതിയിൽ നന്നായി വേർതിരിക്കപ്പെട്ടതും നിയന്ത്രിതവുമായ ടൂറിസം സോൺ, ഇന്റർപ്രട്ടേഷൻ സെന്റർ, ഓർക്കിഡേറിയം ഫേണറി, ആവാസവ്യവസ്ഥയിൽ കടന്നുകയറാതെ ജൈവവൈവിദ്ധ്യം ആസ്വദിക്കുന്നതിനുള്ള വെർച്വൽ റിയാലിറ്റി എക്സ്പീരിയൻസ് സെന്റർ, നേച്ചർ എജ്യുക്കേഷൻ സെന്റർ എന്നിവ പ്രത്യേകതകളാണ്.

വരയാടുകളുടെ

സ്വപ്നഭൂമി

പശ്ചിമഘട്ട മലനിരകളിൽ 97 സ്‌ക്വയർ കീലോമീറ്ററാണ് ഇരവികുളം ദേശീയോദ്യാനത്തിന്റെ വിസ്തീർണം. പുൽമേടും ഷോലവനങ്ങളും നിറഞ്ഞ ജൈവ സമ്പന്നമായ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയാണ്. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന അപൂർവ ഇനത്തിൽപ്പെടുന്ന നീലക്കുറിഞ്ഞി ഉൾപ്പെടെ ഇരുപതോളം കുറിഞ്ഞി ഇനങ്ങളും ഇവിടെയുണ്ട്. ലോകത്ത് ഏറ്റവുമധികം വരയാടുകൾ കാണപ്പെടുന്ന പ്രദേശം കൂടിയാണിത്. രാജമലയിലെ 97 ചതുരശ്രമൈൽ പ്രദേശമാണ് ഇവയുടെ മുഖ്യ ആവാസകേന്ദ്രം. സമുദ്രനിരപ്പിൽ നിന്ന് 2,500 മീറ്ററിലധികം ഉയരത്തിലുള്ള പ്രദേശമാണിത്. വരയാടുകളുടെ സംരക്ഷണം മുൻനിറുത്തി 1975ലാണ് ഇരവികുളത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. വരയാടുകൾ വംശനാശം നേരിട്ടതോടെയാണ് പ്രജനന കാലത്ത് ദേശീയോദ്യാനത്തലേയ്ക്ക് സഞ്ചാരികളുടെ വരവ് വനംവകുപ്പ് നിയന്ത്രിച്ചത് തുടങ്ങിയത്. ഒരു സീസണിൽ ആകെയുണ്ടാകുന്ന കുഞ്ഞുങ്ങളിൽ 45 ശതമാനം മാത്രമാണ് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുക. 30 വയസാണ് ഇവയുടെ ശരാശരി ആയുസ്. കീഴ്ക്കാംതൂക്കായ പാറക്കെട്ടുകൾക്കിടയിലാണ് വരയാടുകൾ പ്രസവിക്കുന്നത്. മൂന്നാഴ്ച കഴിഞ്ഞാലേ കുഞ്ഞുങ്ങളുമായി ഇവ പുറത്തു വരൂ. സാധാരണ ഒരു പ്രസവത്തിൽ ഒരു കുട്ടിയാണ് ഉണ്ടാവുക. അപൂർവമായി ഇരട്ടകളും ഉണ്ടാകും. ജനുവരി മുതൽ മാർച്ച് വരെയാണ് പ്രജനനകാലം. ഈ സമയങ്ങളിൽ സന്ദർശകരെ അനുവദിക്കാറില്ല.

പ്രവേശനം

ഓൺലൈൻ വഴി

കൊച്ചി- ധനുഷ്‌കോടി ദേശീയപാത വഴി മൂന്നാർ ടൗണിലെത്തിയ ശേഷം മറയൂർ റോഡിൽ എട്ട് കിലോമീറ്റർ സഞ്ചരിച്ച് അഞ്ചാംമൈലിലെ രാജമല പ്രവേശന കവാടത്തിലെത്താം. രാവിലെ എട്ട് മുതൽ വൈകിട്ട് 4.30 വരെയാണ് സന്ദർശന സമയം. ദിവസം 2880 പേർക്ക് മാത്രമാണ് പ്രവേശനം.
മുതിർന്നവർക്ക് 200 രൂപ, വിദ്യാർത്ഥികൾക്ക് 150, വിദേശികൾക്ക് 500 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഉദ്യാനത്തിൽ പ്രവേശനം പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെയാണ്. മൂന്നാറിലെ ഹോട്ടലുകൾ, ഹോംസ്റ്റേകൾ, റിസോർട്ടുകൾ എന്നിവിടങ്ങളടക്കം മുന്നൂറിലേറെ സ്ഥാപനങ്ങളിൽ ഓൺലൈൻ ബുക്കിംഗിനായി പ്രത്യേകം തയ്യാറാക്കിയ ക്യൂ.ആർ കോഡ് സ്റ്റാൻഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് കൂടാതെ www.munnarwildlife.com, www.iravikulamnationalpark.in എന്നീ വെബ്സൈറ്റുകൾ വഴിയും ബുക്കിംഗ് സൗകര്യമുണ്ട്. ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ ആപ്പുകൾ വഴിയും പണം അടയ്ക്കാം. ഒരാൾക്ക് ഒരു സമയം പരമാവധി 50 ടിക്കറ്റാണ് എടുക്കാനാകുക. പ്രവേശന കവാടത്തിലെത്തി ഫ്രീ വൈ ഫൈ ഉപയോഗിച്ചും ടിക്കറ്റെടുക്കാം. വാഹന പാർക്കിംഗ് മേഖലയിലടക്കം വൈഫൈ ലഭിക്കും. പരിശോധനകൾ പൂർത്തിയാക്കി വനംവകുപ്പിന്റെ തന്നെ ബസിൽ കയറി ഉദ്യാനത്തിലെത്താനാകും. ബസിൽ ശബ്ദരേഖയിലൂടെ ഉദ്യാനത്തിലെ വിവരങ്ങൾ, സേവനങ്ങൾ തുടങ്ങിയവ സഞ്ചാരികൾക്ക് കേൾക്കാം. നാല് കിലോ മീറ്ററോളം ദൂരം കാനനഭംഗി ആസ്വദിച്ചുള്ള യാത്രയ്‌ക്കൊപ്പം തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പർവതമായ ആനമുടിയും കാണാനാകും. ഉദ്യാനത്തിലെ 1.5 കിലോ മീറ്റർ ദൂരമാണ് സഞ്ചാരികൾക്ക് നടന്ന് കാണാനാകുക. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇവിടെ ബഗ്ഗി കാർ സൗകര്യവുമുണ്ട്.

മതികെട്ടാനും ചിന്നാറും തൊട്ടുപിന്നിൽ

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചർ, വേൾഡ് കമ്മീഷൻ ഓൺ പ്രൊട്ടക്ടഡ് ഏരിയ എന്നിവയുടെ മൂല്യനിർണ്ണയ ചട്ടക്കൂട് അടിസ്ഥാനമാക്കിയാണ് സ്‌കോർ നിർണയിച്ചത്. 32 മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സ്‌കോർ നൽകിയത്. 90.63 ശതമാനം സ്‌കോറോടെ മൂന്നാർ വന്യജീവി ഡിവിഷനിലെ മതികെട്ടാൻ ഷോല നാഷണൽ പാർക്കും 89.84 ശതമാനം സ്‌കോറോടെ ചിന്നാർ വന്യജീവി സങ്കേതവും മികച്ച സംരക്ഷിത വനമേഖലകളായി ഇരവികുളം ദേശീയോദ്യാനത്തിന്റെ തൊട്ടു പിന്നിലായി പട്ടികയിൽ ഇടം നേടി.

TAGS: IRAVIKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.