സുപ്രീംകോടതിയുടെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായി സുപ്രീംകോടതി ജീവനക്കാരുടെ നിയമനത്തിൽ ഒ.ബി.സി വിഭാഗത്തിന് 27 ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം കൈക്കൊണ്ട സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നടപടിയെ ചരിത്രപരമായ തീരുമാനം എന്ന് തന്നെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. സുപ്രീംകോടതിയിലെ രജിസ്ട്രാർമാർ, സീനിയർ പേഴ്സണൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് ലൈബ്രേറിയൻ, ജൂനിയർ കോർട്ട് അസിസ്റ്റന്റ്, ചേംബർ അറ്റൻഡന്റ് തുടങ്ങിയ തസ്തികകളിലാണ് സംവരണം ബാധകമാക്കിയിട്ടുള്ളത്. സംവരണം പൂർണമായി നടപ്പാകുമ്പോൾ കുറഞ്ഞത് 700 ജീവനക്കാർ ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ളവരാകും. സുപ്രീംകോടതിയിൽ മൊത്തം 2577 നോൺ ജുഡിഷ്യൽ ജീവനക്കാരാണുള്ളത്.
അംഗപരിമിതർ, വിമുക്തഭടന്മാർ, സ്വാതന്ത്ര്യ സമരഭടന്മാരുടെ ആശ്രിതർ എന്നിവർക്കും സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. നിയമനങ്ങളിലും സ്ഥാനക്കയറ്റത്തിനും പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും പട്ടികവർഗത്തിന് 7.5 ശതമാനവും സംവരണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഒ.ബി.സി വിഭാഗത്തിനും സംവരണം അനുവദിച്ചത്. ചരിത്രപരമായ ഈ തീരുമാനമെടുക്കാൻ ദളിത് വിഭാഗത്തിൽ നിന്നുള്ള ഒരു ചീഫ് ജസ്റ്റിസ് വേണ്ടിവന്നു എന്നത് ചിന്തനീയമാണ്. വാക്കിലല്ല, പ്രവൃത്തിയിലാണ് നീതി വേണ്ടത് എന്നത് തെളിയിച്ചിരിക്കുകയാണ് ചീഫ് ജസ്റ്റിസ് ഈ നടപടിയിലൂടെ. ജസ്റ്റിസ് ഗവായിയുടെ ഈ പരമോന്നത നടപടി എക്കാലവും ഓർമ്മിക്കപ്പെടാൻ പോന്നതാണ്. യഥാർത്ഥത്തിൽ സുപ്രീംകോടതിയെ തന്നെ ഗ്രസിച്ചിരുന്ന കാപട്യത്തിന്റെ മുഖം മൂടി അഴിച്ചുമാറ്റുകയാണ് ജസ്റ്റിസ് ഗവായ് ചെയ്തത്. താൻ ആചരിക്കാത്തത് മറ്റുള്ളവർക്കായി നിർദ്ദേശിക്കരുത് എന്നത് ഇന്ത്യയുടെ ആത്മീയ തത്വങ്ങളിൽ പരമപ്രധാനമായ ഒന്നാണ്. എന്നാൽ ഇന്ത്യയിൽ ആത്മീയതയുടെ പ്രഭാഷകരായി സ്വയം അവരോധിക്കപ്പെട്ടിട്ടുള്ളവർ പോലും വാക്കിലും പ്രവൃത്തിയിലും അജഗജാന്തര വ്യത്യാസം പുലർത്തിയിരുന്നു.
പലപ്പോഴും ആത്മീയത വിളമ്പുന്നത് പോലും സമൂഹത്തിലെ താഴ്‌ന്ന തട്ടിൽ നിൽക്കുന്നവരെ വിഡ്ഢികളാക്കാൻ വേണ്ടിയായിരുന്നു എന്നുപോലും സംശയിക്കേണ്ട നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. എന്തിന് ചാതുർവർണ്യം ഭഗവത് സൃഷ്ടിയാണെന്നും അതിനാൽ താഴ്‌ന്നതെന്ന് വരേണ്യർ നിശ്ചയിച്ചിട്ടുള്ള ജാതിയിൽ പിറന്നവർ താഴ്‌ന്ന തട്ടിലുള്ള ജോലികൾ നിർവഹിച്ചുകൊണ്ട് കഴിയണമെന്നു മാത്രമല്ല അതാണ് ദൈവഹിതമെന്ന് കരുതി സർവം സഹരായി കഴിയണമെന്നുമാണ് വേദതത്വങ്ങൾ പോലും വ്യാഖ്യാനിച്ചുകൊണ്ട് പല പണ്ഡിതന്മാരും വ്യാഖ്യാനിച്ചിരുന്നത്. മനുഷ്യന് ഒരു ജാതിയേ ഉള്ളൂവെന്നും അത് മനുഷ്യത്വമാണെന്നും ഉദ്‌ബോധിപ്പിച്ച ശ്രീനാരായണ ഗുരുദേവനാണ് കപട ആത്മീതയതയുടെ പേരിൽ ജനങ്ങളെ വേർതിരിക്കാനും ചൂഷണം ചെയ്യാനുമുള്ള ശ്രമങ്ങൾക്കെതിരെ ശാന്തമെങ്കിലും ഒരു കൊടുങ്കാറ്റിന്റെ ശക്തിയോടെ ആഞ്ഞടിച്ചത്. സത്യം ഒന്നേ ഉള്ളൂ. അതിന് സവർണർക്ക് ഒന്ന് അവർണർക്ക് മറ്റൊന്ന് എന്ന ഭേദമില്ല. ആ ഭേദം സൃഷ്ടിക്കുന്നത് കാലാകാലങ്ങളായി പല മായാജാലങ്ങളും കാട്ടി താഴ്‌ന്ന വിഭാഗങ്ങളിലുള്ളവരെ തങ്ങളുടെ സുഖസൗകര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വെള്ളംകോരികളും വിറകുവെട്ടികളുമായി മാത്രം നിലനിറുത്തിയിരുന്നവരാണ്.
ഇന്ത്യയുടെ ആർഷ സംസ്കാരവും ആത്മീയതയും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ഒസ്യത്തല്ല. നിർമ്മലമായ മനസോടെ അകംപൊരുൾ തിരയുന്ന ആർക്കും ജാതി മത വർണ്ണ ഭേദമന്യെ പ്രാപ്യമാണ്. ഭഗവത് സ്വരൂപം നൂറ്റാണ്ടുകളായി ഭരണം നടത്തിയിരുന്നവരും അവരുടെ അനുയായിവൃന്ദങ്ങളും കോട്ടമതിലുകൾ കെട്ടി താഴ്‌ന്ന തട്ടിലുള്ള വിഭാഗങ്ങളെ അധികാരത്തിന്റെ അരികിൽ നിന്നുപോലും അകറ്റിനിറുത്തിയിരുന്നു. ആ കോട്ടമതിലുകൾ പലയിടത്തും തകർത്ത ജനാധിപത്യത്തിന്റെ ആഗ്നേയാസ്‌ത്രമാണ് സംവരണം. ഏറ്റവും ഒടുവിൽ അത് സുപ്രീംകോടതിയുടെ നോൺ ജുഡിഷ്യൽ വിഭാഗങ്ങളിലെ നിയമനത്തിലും പാലിക്കപ്പെടുമെന്നത് ഇന്ത്യയിലെ ഭൂരിപക്ഷം ജനവിഭാഗങ്ങൾക്കും ചാരിതാർത്ഥ്യം പകരുന്നതാണ്. എന്നാൽ പിന്നാക്ക വിഭാഗക്കാരുടെ സ്വപ്നം സാഫല്യമടയണമെങ്കിൽ സുപ്രീംകോടതിയിലെ ജഡ്‌ജി നിയമനങ്ങളിലും സംവരണം പ്രാബല്യത്തിൽ വരുത്തേണ്ടതുണ്ട്. അതിന് ഇനി അധികം ദൂരമില്ല. അതിനായി നമുക്ക് കാത്തിരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |