നായകനായും വില്ലനായും മലയാള സിനിമയിൽ നാലുപതിറ്റാണ്ടുകാലം നിറഞ്ഞു നിന്ന നടൻ. എൺപതുകളിലെ ഹിറ്റ് ചിത്രങ്ങളിൽ തിളങ്ങി. മലയാളത്തിൽ മാത്രമല്ല തമിഴ്-തെലുങ്ക് ഭാഷകളിലും അഭിനയ മികവ് കാഴ്ചവച്ചു. ബെൻസ് വാസു, ഈ നാട്, ശരപഞ്ചരം, അവളുടെ രാവുകൾ,അനാവരണം, പറയാൻ ബാക്കിവച്ചത് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിലെത്തി. മലയാള സിനിമയിൽ നിന്ന് മാത്രമല്ല ജീവിതത്തിന്റെ തിരശീലയ്ക്കു പിന്നിൽപോയി മറഞ്ഞിരിക്കുകയാണ് സത്താർ എന്ന മഹാനടനിന്ന്.
എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സത്താർ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. തുടർന്ന് 1976ലാണ് വിൻസന്റ് മാഷ് സംവിധാനം ചെയ്ത അനാവരണത്തിലെ നായക വേഷത്തിൽ എത്തിയത്. പ്രേംനസീർ സിനിമയിലേക്ക് പുതുമുഖത്തെ ആവശ്യമുണ്ട് എന്ന പരസ്യമാണ് സത്താറിന്റെ ജീവിതം മാറ്റിമറിച്ചത്. തുടർന്നാണ് "അനാവരണ "ത്തിലേക്കുള്ള കാൽവയ്പ്പ്. പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമാരംഗത്ത് നിറഞ്ഞു നിന്നു. "ശരപഞ്ജരം " അടക്കമുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സത്താർ പിന്നീട് വില്ലൻ വേഷങ്ങളിൽ കൂടുതൽ ശ്രദ്ധ നേടിയത്.
പ്രേംനസീർ,ജയൻ തുടങ്ങി അന്നത്തെ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിച്ചു. അതിനിടെയാണ് "ബീന"യിൽ കൂടെ അഭിനയിച്ച മുൻനിര നായിക ജയഭാരതി ജീവിതസഖിയാക്കുന്നത്. അന്ന് ജയഭാരതിയെപ്പോലെ ഒരു നടിയെ സത്താർ ജീവിതസഖിയാക്കുന്നത് സിനിമാലോകം അസൂയയോടെയാണ് നോക്കിക്കണ്ടത്. പിന്നീട് ഇരുവരും വേർപിരിയേണ്ടി വന്നത് സത്താറിന്റെ ജീവിതം ഏറെ ദുഃഖത്തിലാഴ്ത്തി.
മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാൽ മമ്മൂട്ടി താരങ്ങളുടെ കടന്നുവരവോടെ സത്താർ വില്ലൻ വേഷങ്ങളിൽ സജീവമായി. എന്നാൽ, 2003-ന് ശേഷം അഭിനയരംഗത്ത് സജീവമായിരുന്നില്ല. ശേഷം, 2012ൽ പുറത്തിറങ്ങിയ ആഷിഖ് അബുവിന്റെ 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിൽ സത്താർ വീണ്ടും മടങ്ങി വന്നു. തുടർന്ന് കാഞ്ചി,നത്തോലി ചെറിയ മീനല്ല തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |