തിരുവനന്തപുരം: കഴിവുണ്ടായിട്ടും സിനിമയിൽ തിളങ്ങാൻ കഴിയാത്ത താരമാണ് താനെന്ന് സത്താർതന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്. അതിനു മറ്റാരെയുമല്ല തന്നെത്തന്നെയാണ് സ്വയം കുറ്റപ്പെടുത്തുന്നത്. 'സിനിമയിൽ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കേണ്ടത് ആവശ്യമാണ്. അക്കാര്യത്തിൽ മാതൃകയാക്കേണ്ടത് മമ്മൂട്ടിയെയാണ്. ചെറിയ വേഷങ്ങളിലായിരുന്നു തുടക്കം. കരിയറിൽ മുന്നേറണമെന്ന ലക്ഷ്യവുമായി ദിശ തെറ്റാതെ മുന്നേറി. അതിന്റെ പ്രതിഫലമാണ് ഇന്നത്തെ മമ്മൂട്ടി' എന്നാണ് ഒരു അഭിമുഖത്തിൽ സത്താർ പറഞ്ഞത്.
സത്താർ, മമ്മൂട്ടി, രതീഷ് എന്നിവർ സമകാലികരായി സിനിമയിലെത്തിയവരാണ്. രണ്ടാമത്തെ ചിത്രത്തിൽ തന്നെ നായകവേഷമണിയാനുള്ള ഭാഗ്യം സത്താറിനെ തേടി എത്തിയിരുന്നു. മികച്ച വേഷങ്ങളിലൂടെ രതീഷും താരമായി കുതിച്ചുയർന്നു. പക്ഷേ, പിന്നീട് ഇവർ ഇരുവരും സിനിമയിൽ നിന്ന് പിന്നാക്കം പോയി. ലാവ, മൂർഖൻ, ശക്തി, പ്രകടനം, ബെൻസ് വാസു, അമ്മയും മകളും, കായലും കയറും, നീലത്താമര, ചക്രയുദ്ധം, പദ്മതീർത്ഥം, ലിസ, ബെൽറ്റ് മത്തായി, സുഖത്തിനു പിന്നാലെ തുടങ്ങി 80കളിലും 90 കളിലും നായകനായും സഹനടനായും പ്രതിനായകനായും ഒക്കെ തിളങ്ങിയിരുന്നു സത്താർ.
2000 മുതൽ സിനിമയിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് ആ പ്രതിഭയുടെ വെള്ളിത്തിര ജീവിതത്തിൽ ഇടവേള വന്നത്. തുടർന്ന് സീരിയലുകളിലേക്ക് എത്തിയെങ്കിലും വൈകാതെ അതിൽ നിന്നും ഇടവേളയെടുത്തു. സിനിമയിലെ തന്റെ ഉറ്റ സുഹൃത്തായ രതീഷുമായി ചേർന്ന് സത്താർ മൂന്നു സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. കമ്പോളം, റിവഞ്ച്, ബ്ളാക്മെയിൽ. മൂന്നു ചിത്രങ്ങളും സാമ്പത്തികമായി വിജയിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |