താരദമ്പതികളുടെ വിവാഹമോചനം വലിയ വാർത്തയാകാറുണ്ട്. അത്തരത്തിൽ വർഷങ്ങൾക്ക് മുമ്പുള്ള ഒരു വാർത്തയായിരുന്നു ജയഭാരതിയുടെയും സത്താറിന്റെയും പരസ്പരം പഴിചാരാതെയുള്ള വേർപിരിയൽ. വിവാഹ മോചനശേഷവും അഭിമുഖങ്ങളിലൊക്കെ ജയഭാരതിയെപ്പറ്റി ബഹുമാനത്തോടു കൂടിയെ സത്താർ സംസാരിച്ചിട്ടുള്ളു.
വിവാഹ മോചിതരായെങ്കിലും സത്താർ എന്ന പേര് കേൾക്കുമ്പോൾ ആരാധകരുടെ മനസിൽ ആദ്യം ഓർമ്മയിലെത്തുക ജയഭാരതി എന്ന പേരായിരുന്നു. അത്തരത്തിലുള്ള ഒരു അനുഭവം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുകയാണ് ചലച്ചിത്ര നിരൂപകനും ഫിലിം സൊസൈറ്റി പ്രവർത്തകനുമായ കെ.ജെ സിജു.
'എനിക്കൊരു കോൾ വരുന്നു."ഞാൻ സത്താറാണ്. സിനിമയിലൊക്കെ അഭിനയിക്കുന്ന.." ഔദ്യോഗികമായ എന്തോ ആവശ്യവുമായാണ് വിളി. ജയഭാരതി സത്താറിലെ സത്താറാണോന്ന് പെട്ടെന്ന് ഞാൻ. ആളറിയാനാണ്.ഫോണിന്റെ മറുവശത്ത് ഉച്ചത്തിൽ ഒരു പൊട്ടിച്ചിരി. ഇപ്പൊഴും അങ്ങനെയാണോ അറിയപ്പെടുന്നതെന്ന് സത്താർ എന്നോട്. ഞാനും ചിരിച്ചു. ആളെ മനസിലാക്കാൻ പെട്ടെന്ന് ഓർമ്മ വന്നത് അതാണെന്ന് ഞാൻ'-അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
95-98 കാലത്താണ്. ഞാൻ എറണാകുളത്ത് പേജിംഗ് സർവീസിൽ ജോലി ചെയ്യുന്നു. ഒരു ദിവസം എനിക്കൊരു കാൾ വരുന്നു.
"ഞാൻ സത്താറാണ്. സിനിമയിലൊക്കെ അഭിനയിക്കുന്ന.."
ഔദ്യോഗികമായ എന്തോ ആവശ്യവുമായാണ് വിളി.
ജയഭാരതി സത്താറിലെ സത്താറാണോന്ന് പെട്ടെന്ന് ഞാൻ. ആളറിയാനാണ്.
ഫോണിന്റെ മറുവശത്ത് ഉച്ചത്തിൽ ഒരു പൊട്ടിച്ചിരി. ഇപ്പൊഴും അങ്ങനെയാണോ അറിയപ്പെടുന്നതെന്ന് സത്താർ എന്നോട്. ഞാനും ചിരിച്ചു. ആളെ മനസിലാക്കാൻ പെട്ടെന്ന് ഓർമ്മ വന്നത് അതാണെന്ന് ഞാൻ.
പിന്നീട് ഇടക്കൊക്കെ സത്താർ വിളിക്കുമായിരുന്നു. ജോലി വിട്ട ശേഷം ആ ബന്ധം മുറിഞ്ഞു.
ഇപ്പൊ ഇതാ ഏറെ വർഷങ്ങൾക്കിപ്പുറം സത്താറിന്റെ മരണവാർത്തക്കു മുന്നിലിരിക്കുമ്പൊഴും അന്നത്തെയാ പൊട്ടിച്ചിരി കാതിൽ മുഴങ്ങുന്നു.
സത്താറിന് ആദരാഞ്ജലി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |