മിക്കവാറും പേരും വീടുകളിൽ നേരിടുന്ന ഒരു പ്രശ്‌നമാണ് പാറ്റ ശല്യം. അടുക്കളയിലും ബാത്ത്‌റൂമിലും ഒക്കെയാണ് പാറ്റയുടെ ശല്യം കൂടുതലും ഉണ്ടാകാറുള്ളത്. പാറ്റ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും ചെറുതല്ല. പാറ്റയെ തുരത്താൻ കെമിക്കലുകൾ ഉപയോഗിച്ചാൽ അത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും വേറെ. പാറ്റയെ തുരത്താനുള്ള മികച്ച പ്രതിവിധികൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. അധികം പൈസ ചെലവാക്കാതെ പാറ്റയെ തുരത്താനുള്ള വിദ്യകൾ അറിയാം.
കുറച്ച് മൈദ, കുറച്ച് പഞ്ചസാര പൊടിച്ചത്, കുറച്ച് ബോറിക് ആസിഡ് പൊടി എന്നിവയാണ് പാറ്റയെ തുരത്താൻ ആവശ്യമായ വസ്തുക്കൾ. ബോറിക് ആസിഡ് എല്ലാ മെഡിക്കൽ ഷോപ്പിലും ലഭ്യമാണ്. 20 രൂപയുടെ ബോറിക് ആസിഡ് പാക്കറ്റ് മതിയാവും. ബോറിക് ആസിഡ് പൊടിയിൽ ഓരോ ടേബിൾ സ്‌പൂൺ വീതം മൈദയും പഞ്ചസാര പൊടിച്ചതും ചേർത്ത് യോജിപ്പിക്കണം. ഇതിൽ അൽപം വെള്ളം ചേർത്ത് ചെറിയ ഉരുളകളാക്കി പാറ്റ ശല്യം കൂടുതൽ ഉള്ളയിടങ്ങളിൽ വയ്ക്കാം.
രാത്രി സമയങ്ങളിൽ വയ്ക്കുന്നതാണ് നല്ലത്. രാവിലെ പാറ്റ ചത്തുകിടക്കുന്നത് കാണാം. പാറ്റ കുഞ്ഞുങ്ങളെ തുരത്താൻ യൂക്കാലി തൈലം മികച്ചതാണ്. പാറ്റ ശല്യമുള്ളയിടങ്ങളിൽ യൂക്കാലി തൈലം ഒഴിക്കുകയോ തേച്ചുപിടിപ്പിക്കുകയോ ചെയ്യാം. ഈച്ച ശല്യത്തിനും യൂക്കാലി തൈലം മികച്ച പ്രതിവിധിയാണ്. ബേക്കിംഗ് സോഡ, പഞ്ചസാര പൊടിച്ചത്, വിനാഗിരി എന്നിവ യോജിപ്പിച്ച് ഉരുളകളാക്കി പാറ്റ ശല്യമുള്ളയിടങ്ങളിൽ വയ്ക്കാം. ഇതും പാറ്റയെ തുരത്താൻ സഹായിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |