തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിവാദങ്ങൾക്കിടെ രജിസ്ട്രാർ അവധി അപേക്ഷ നൽകി. ജൂലായ് ഒൻപത് മുതൽ അനിശ്ചിതകാലത്തേയ്ക്കാണ് അവധി അപേക്ഷ നൽകിയിരിക്കുന്നത്. അതേസമയം, സസ്‌പെൻഷനിലുള്ളയാളുടെ അവധി അപേക്ഷയ്ക്ക് എന്താണ് പ്രസക്തിയെന്ന് വിസി ഡോ.മോഹനൻ കുന്നുമ്മേൽ പ്രതികരിച്ചു.
തനിക്ക് ദേഹാസ്വാസ്ഥ്യമുണ്ടെന്നും ചികിത്സയ്ക്കായി അവധി നൽകണമെന്നുമാണ് രജിസ്‌ട്രാർ കെ എസ് അനിൽകുമാർ അവധി അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ പകരം ചുമതല പരീക്ഷാ കൺട്രോളർക്കോ കാര്യവട്ടം ക്യാമ്പസിലെ രജിസ്‌ട്രാർക്കോ നൽകണമെന്നും അപേക്ഷയിൽ പറയുന്നു. എന്നാൽ അപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് വിസി വ്യക്തമാക്കി.
സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റിന്റെ സമാന്തരയോഗം നിയമവിരുദ്ധമാണെന്നും അതിലെ തീരുമാനങ്ങൾ വിസി അംഗീകരിക്കാത്തതിനാൽ നിലനിൽക്കില്ലെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. അനിൽകുമാറിന്റെ സസ്പെൻഷൻ നിലനിൽക്കുന്നതാണ്. ഓഫീസിൽ തുടരുന്നത് നിയമവിരുദ്ധമാണ്. പുറത്തുപോവണമെന്നും വിസിയുടെ അനുമതിയില്ലാതെ ഓഫീസിൽ കടക്കരുതെന്നും അനിൽകുമാറിനെ അറിയിക്കാൻ വിസിയോട് ഗവർണർ നിർദ്ദേശിച്ചിരുന്നു.
സമാന്തരയോഗത്തിലെ തീരുമാനത്തിന് കടലാസിന്റെ വിലപോലുമില്ലെന്നും അതിനാൽ അനിൽകുമാർ സസ്പെൻഷനിൽ തന്നെയാണെന്നുമാണ് ഗവർണറുടെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി വിസിക്ക് വീണ്ടും ഉത്തരവിറക്കാമെന്നും ഗവർണർ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ വിസിക്ക് പൂർണ അധികാരവും ഗവർണർ നൽകിയിട്ടുണ്ട്. ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ നടത്തിയത് നിയമസാധുതയില്ലാത്ത യോഗമാണെന്ന് വിലയിരുത്തിയാണ് സമാന്തരയോഗവും അതിലെ തീരുമാനങ്ങളും അസാധുവാണെന്ന് ഗവർണർ വിലയിരുത്തിയത്.
സിൻഡിക്കേറ്റിലെ ഏതുതീരുമാനവും അംഗീകരിക്കാനും നടപ്പാക്കാനും വിസി രണ്ടുവട്ടം ഒപ്പുവയ്ക്കേണ്ടതുണ്ട്. തീരുമാനം അംഗീകരിച്ചശേഷവും വിസിക്ക് നടപ്പാക്കാതിരിക്കാൻ അധികാരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |