തൃക്കരിപ്പൂർ: സംസ്ഥാനത്തെ മികച്ച മത്സ്യകർഷക ജില്ലയ്ക്കുള്ള അംഗീകാരം കാസർകോടിന് ലഭിച്ചപ്പോൾ പടന്നയിലെ പി.പി. രവിക്കും അഭിമാനിക്കാം. മികച്ച പിന്നാമ്പുറ മത്സ്യകൃഷി വിത്തുത്പാദനത്തിന് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഈ പ്രവാസി നാളെ കൊല്ലം ജില്ലയിലെ കൊട്ടാരക്കര സൗപർണ്ണിക ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അംഗീകാരം ഏറ്റുവാങ്ങും .
പടന്ന വടക്കെപ്പുറത്തെ വീടിന്റെ പരിസരത്ത് പരീക്ഷണാർത്ഥം നടത്തിയ കരിമീൻ കൃഷിയിലെ സാദ്ധ്യതകൾ മനസ്സിലാക്കിയാണ് ദുബായിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായ രവി ഈ സംരംഭം തുടങ്ങിയത്. ഇതിനായി സ്വന്തമായി ഓരി തോടുമായി ബന്ധപ്പെട്ട് ഒരേക്കർ സ്ഥലം വാങ്ങി കുളം ഉണ്ടാക്കി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ രണ്ടു വർഷങ്ങൾക്കു മുമ്പാണ് മത്സ്യക്കുഞ്ഞുങ്ങളെ വളർത്താനുള്ള കൃഷിക്ക് തുടക്കമിട്ടത്. പുഴയിൽ നിന്ന് വേലിയേറ്റ സമയത്ത് കയറി വരുന്ന മത്സ്യങ്ങളെ തടഞ്ഞുനിർത്തി വളർത്തിക്കൊണ്ടാണ് മത്സ്യകൃഷിക്ക് തുടക്കമിട്ടത്. ആ കൂട്ടത്തിൽ വിത്തുത്പാദനം നടന്നപ്പോൾ അത് മികച്ച നിലവാരത്തിലുള്ളതാണെന്ന് ഫിഷറീസ് വകുപ്പ് പരിശോധിച്ച് തീർപ്പാക്കിയതോടെയാണ് വിത്തുത്പാദനം എന്ന ആശയം വന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതിന് ആവശ്യക്കാർ എത്തിയതോടെ ഈ കേന്ദ്രം മത്സ്യകർഷകർക്കിടയിൽ ഏറെ ശ്രദ്ധേയരായി.
കായലോരം വിത്തുത്പാദന കേന്ദ്രം
ഓരു ജല മത്സ്യകൃഷി വൻതോതിൽ നടന്നു വരുന്ന പടന്നയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കരിമീൻ കൃഷി വ്യാപകമാണ്. കൂട് കർഷകർക്കും മറ്റു കൃഷി രീതികളിൽ കരിമീൻ വളർത്തി വിപണിയിൽ എത്തിക്കുന്ന കർഷകർക്കും വിത്ത് നിക്ഷേപം കൃത്യസമയത്ത് നടത്തുന്നതിൽ പരിമിതികൾ നേരിടുന്നുണ്ട്. കർഷകർ ആവശ്യപ്പെടുന്ന വലുപ്പത്തിലുള്ള വിത്തുകൾ വകുപ്പ് വഴി എത്തിക്കുന്നതിലും തടസ്സങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞുതോടെയാണ് വടക്കേപ്പുറം പ്രദേശത്ത് കായലോരം എന്ന പേരിൽ വിത്തുത്പാദനകേന്ദ്രത്തിന് പ്രവാസിയായ കർഷകൻ മറ്റു കർഷകരോടൊപ്പം ചേർന്ന് തുടക്കം കുറിച്ചത്. പ്രജനനത്തിനായി ഉപയോഗപ്പെടുത്തിയ മത്സ്യങ്ങൾ കൂട് കർഷകരിൽ നിന്നും മത്സ്യ തൊഴിലാളികളിൽ നിന്നുമായി വാങ്ങി കയർഭൂവസ്ത്രം വിരിച്ച് ചെളി പരിമിതപ്പെടുത്തി അടിത്തട്ട് തരപ്പെടുത്തിയ കുളത്തിൽ നിക്ഷേപിക്കുകയും പി.വി.സി പൈപ്പുകളും ഓട്/ഇഷ്ടിക എന്നിവയും സ്ഥാപിച്ച് പ്രജനനത്തിനായി സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്.
8 മുതൽ 10 സെന്റീമീറ്റർ വലിപ്പത്തിലുള്ള കുഞ്ഞുങ്ങളാണ് വിൽക്കുന്നത്. ഒന്നിന് 10 രൂപ തോതിലാണ് വിൽപ്പന. നിലവിൽ മത്സ്യവിത്തിന് ആവശ്യക്കാർ ഏറിവരുന്ന പശ്ചാത്തലത്തിൽ കൂടുതൽ മത്സ്യവിത്തുകൾ ഉത്പാദിപ്പിക്കാനുള്ള ആലോചനയിലാണ്.
പി.പി. രവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |