കമ്യൂണിസ്റ്റ് പാർട്ടിയിലെ മുതിർന്ന നേതാക്കളെ തിരുത്താനുളള ശക്തി തനിക്കില്ലെന്ന് നടനും പൊതുപ്രവർത്തകനുമായ ജയൻ ചേർത്തല. പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് കുറച്ചുകാലം മാറി നിൽക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനുയോജ്യമായ സമയം വരുമ്പോൾ പാർട്ടി മാറണോ തുടരണോയെന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നും ജയൻ ചേർത്തല വ്യക്തമാക്കി, താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിനെക്കുറിച്ചും അദ്ദേഹം ചില കാര്യങ്ങൾ സംസാരിച്ചത്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ജയൻ ചേർത്തല ഇക്കാര്യങ്ങൾ കൂട്ടിച്ചേർത്തത്.
'സിപിഐ ബ്രാഞ്ച് കമ്മിറ്റിയംഗമായി തുടരുന്നുണ്ട്. പക്ഷെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ചില കാഴ്ചപ്പാടുകളോട് യോജിക്കാൻ കഴിയുന്നില്ല. കുറച്ച് അതൃപ്തിയുണ്ടാകുമ്പോൾ മാറി നിൽക്കുന്നതാണ് നല്ലത്. ഒരു ചാനലിൽ പോയിട്ട് നേതാക്കളെ കുറ്റം പറയാനൊന്നും ഞാൻ തയ്യാറല്ല. എനിക്ക് ചില കാര്യങ്ങളിൽ ചേർച്ചക്കുറവ് തോന്നിയിട്ടുണ്ട്. അത് ഞാൻ മുതിർന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്. അതിനുളള പരിഹാരം ഒരു ചോദ്യം ചിഹ്നമായി . നേതാക്കളെ തിരുത്താനുളള ശക്തി എനിക്കില്ല. അതുകൊണ്ട് മാറി നിൽക്കാം. വേറൊരു പാർട്ടിയിലേക്ക് പോയിട്ടില്ല.
പാർട്ടിയുടെ സമവാക്യങ്ങൾ തെറ്റിയതായി തോന്നിയിട്ടുണ്ട്. കോൺഗ്രസുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ എന്നെ ക്ഷണിച്ചിരുന്നു. പക്ഷെ പോകാൻ സാധിച്ചില്ല. കെ സി വേണുഗോപാലുമായി എനിക്ക് വ്യക്തിപരമായി ബന്ധങ്ങളുണ്ട്. ഞങ്ങൾ പാർട്ടിപരമായി സംസാരിക്കാറുണ്ട്. അനുയോജ്യമായ സമയം വരുമ്പോൾ തീരുമാനം എടുക്കും.
അമ്മയുടെ പ്രസിഡന്റാകാൻ താരപരിവേഷമുളള ഒരാൾ തന്നെയാണ് വേണ്ടത്. അതിന് മോഹൻലാലിനെ പോലൊരു വ്യക്തി തന്നെ വരണം. എന്ത് ചെയ്തായും ആത്മാർത്ഥതോടെയാണ് അദ്ദേഹം ചെയ്യുന്നത്. അങ്ങനെയൊരു പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ലാലേട്ടനും മമ്മൂക്കയും സുരേഷ്‌ഗോപിയും മുൻകൈ എടുക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അവരാണ് നയിക്കേണ്ടത്. തീരുമാനം എടുക്കേണ്ടതും അവരാണ്'- ജയൻ ചേർത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |