പെട്രോളിനോ ഡീസലിനോ ലിറ്ററിന് 10 പൈസ കൂട്ടിയാൽ കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും പ്രക്ഷോഭവുമായി തെരുവിലിറങ്ങും. കാളവണ്ടിയോടിച്ചും കാർ കെട്ടിവലിച്ചും പ്രതിഷേധം 'വെറൈറ്റി' ആക്കും. എന്നാൽ വെളിച്ചെണ്ണ ലിറ്ററിന് 450 രൂപ കടന്ന് റെക്കാഡ് വിലയിലെത്തിയിട്ടും ആരും അറിഞ്ഞമട്ടില്ല, പ്രതിഷേധവുമില്ല. ഒരു ലിറ്റർ വെളിച്ചണ്ണയുടെ വിലയ്ക്ക് 4 ലിറ്റർ പെട്രോൾ വാങ്ങാമെന്ന് സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകൾ നിറയുമ്പോഴും വെളിച്ചെണ്ണ വില ഇനിയും കുതിക്കാൻ കാത്തുനിൽക്കുകയാണ്. ഒന്നരമാസം മുമ്പ് ലിറ്ററിന് 300 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ വില ആഴ്ച തോറും ഉയർന്നാണ് 500 നടുത്തെത്തിയത്. വെളിച്ചെണ്ണയ്ക്കൊപ്പം നാളികേര വിലയും കുതിക്കുകയാണ്. പൊതിച്ച തേങ്ങ കിലോഗ്രാമിന് 80 രൂപയിലെത്തി. നാടൻ തേങ്ങയ്ക്ക് 110 രൂപ വരെയാണ് വില. തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും പൊള്ളുന്ന വിലയായതോടെ അടുക്കള ബഡ്ജറ്റിന്റെ താളംതെറ്റലിൽ വീട്ടമ്മമാരുടെ നെഞ്ചകത്തിലും തീയാളുകയാണ്. തേങ്ങയ്ക്ക് ബദലായി മറ്റൊരു വസ്‌തു ഉപയോഗിക്കാൻ കഴിയില്ലെങ്കിലും, വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വെളിച്ചെണ്ണയ്ക്കു പകരക്കാരനായി പാമോയിൽ കടന്നുവരുന്നുണ്ട്. ഹോട്ടലുകളിലും വീടുകളിലും എണ്ണ പലഹാരങ്ങളിൽ പാമോയിലിന്റെ സാന്നിദ്ധ്യം വർദ്ധിച്ചുവരികയാണ്. ഓണക്കാലത്തിന് ഇനി കഷ്ടിച്ച് രണ്ടുമാസം മാത്രം ശേഷിക്കെ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില ഇനിയും ഉയരുമെന്ന ഭീതിയിലാണ് കേരളം. ഈ പോക്ക് പോയാൽ ഓണക്കാല പലഹാര വിപണിയിലും വിലക്കയറ്റത്തിനുള്ള സാദ്ധ്യതയാണ് തെളിയുന്നത്. വെളിച്ചെണ്ണയിൽ മായം കലരാനുള്ള സാഹചര്യവും ഉരുത്തിരിയുന്നുണ്ട്. സർക്കാർ സ്ഥാപനമായ കേരഫെഡിന്റെ 'കേര' വെളിച്ചെണ്ണക്ക് വിപണിയിൽ ദൗർലഭ്യം നേരിട്ടതോടെ വ്യാജന്മാർ കൂട്ടത്തോടെ വിപണിയിലിറങ്ങാനുള്ള സാദ്ധ്യതയുമേറി.
'കേരം തിങ്ങും കേരള നാടെ'ന്ന പെരുമ കേരളത്തിന് നഷ്ടമാകുന്ന തരത്തിലേക്ക് തെങ്ങ് കൃഷിയിലുണ്ടായ ഗണ്യമായ ഇടിവാണ് ഇപ്പോൾ തേങ്ങ, വെളിച്ചെണ്ണ വിലകൾ കുതിച്ചുയരുന്ന സാഹചര്യത്തിലെത്തിച്ചത്. തമിഴ്നാട്ടിൽ നിന്ന് ദിവസവും രാവിലെ തേങ്ങയുമായി ലോറികൾ എത്തിയില്ലെങ്കിൽ കേരളത്തിലെ അടുക്കളകളിൽ തേങ്ങ ഉപയോഗിച്ചുണ്ടാക്കുന്ന കറികൾ വേവില്ലെന്ന സ്ഥിതിയാണിപ്പോൾ. കേരളത്തിൽ നാമമാത്രമായി ഉല്പാദിപ്പിക്കുന്ന നാടൻ തേങ്ങയ്ക്ക് കിലോഗ്രാമിന് 110 രൂപയിലേക്ക് എത്തി.
ഉല്പാദനം ഇടിയുന്നു
തെങ്ങ് കൃഷി ചെയ്യുന്ന കൃഷിയിടത്തിന്റെ വിസ്‌തൃതിയിലും തേങ്ങ ഉത്‌പാദനത്തിലും കേരളത്തിൽ വർഷം തോറും ഇടിവ് സംഭവിച്ചു കൊണ്ടിരിക്കുകയാണ്. നാളികേര വികസന ബോർഡിന്റെ കണക്കുകൾ അനുസരിച്ച് നാളികേര ഉത്‌പാദനം ഗണ്യമായി കുറയുന്നതിന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ പലതാണ്. തെങ്ങിൻ തോട്ടങ്ങളുടെ വ്യാപ്‌തി കുറഞ്ഞതും കൊമ്പൻ ചെല്ലി, ചെമ്പൻ ചെല്ലി എന്നിവയുടെ ആക്രമണവും കൂമ്പുചീയലും കാറ്റു വീഴ്‌ചയുമെല്ലാം കർഷകർ നാളികേര കൃഷിയിൽ നിന്ന് പിൻവലിയാൻ കാരണമായിട്ടുണ്ട്. തെങ്ങിൽ കയറി തേങ്ങയിടാൻ തൊഴിലാളികളെ കിട്ടാനില്ലെന്നതാണ് മറ്റൊരു പ്രതിസന്ധി. ഇതെല്ലാം ഉത്‌പാദനത്തെയും സാരമായി ബാധിക്കുന്നതായി കേരള കാർഷിക സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നു. ഇടക്കാലത്ത് വ്യാപകമായി തെങ്ങ് വെട്ടിമാറ്റി റബ്ബറിന് വഴിയൊരുക്കിയതും വൻ തിരിച്ചടിയായി. സംസ്ഥാനത്ത് കൃഷിയുടെ 39 ശതമാനമാണിപ്പോൾ നാളികേര കൃഷിയെങ്കിലും ആവശ്യത്തിന് തേങ്ങ എത്തുന്നത് തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നാണ്. 2023- 24 വർഷത്തെ കണക്ക് പ്രകാരം കേരളത്തിൽ 7,65,840 ഹെക്ടർ സ്ഥലത്താണ് തെങ്ങ് കൃഷി നടത്തിയത്. ഹെക്ടർ ഒന്നിന് 7,211 തേങ്ങ ലഭിച്ചപ്പോൾ തമിഴ്നാട്ടിൽ ഹെക്ടർ ഒന്നിന് 12,367 തേങ്ങയും ആന്ധ്രയിൽ 15,899 തേങ്ങയും കർണാടകത്തിൽ 10,894 തേങ്ങയും ലഭിച്ചു. കേരളത്തിൽ ഉല്പാദനക്ഷമത കുറഞ്ഞതിനാൽ തേങ്ങ ഉത്പാദനത്തിൽ വലിയ ഇടിവാണുണ്ടായതെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. തെങ്ങ്കൃഷി അയൽ സംസ്ഥാനങ്ങൾ ശാസ്ത്രീയമായി നടപ്പാക്കുമ്പോൾ കേരളീയർ ഒരു വാണിജ്യവിളയായി അതിനെ കാണുന്നില്ല. ചെറിയ കൃഷിയിടങ്ങളിൽ ശാസ്ത്രീയമായ കൃഷിരീതികൾ അനുവർത്തിക്കാൻ കഴിയുന്നുമില്ല. ഇതാണ് കേരളത്തിൽ തേങ്ങ ഉല്പാദനം ഗണ്യമായി ഇടിയാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
വെളിച്ചെണ്ണയിൽ മായം
വില കുതിച്ചുയർന്നതോടെ വിപണിയിൽ വ്യാജ വെളിച്ചെണ്ണയുടെ വരവ് കൂടിയതായി വ്യാപാരികൾ പറയുന്നു. കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന വെളിച്ചെണ്ണയിൽ ഭൂരിഭാഗവും വ്യാജനാണെന്നാണ് ആക്ഷേപം. 80 ശതമാനം പാമോയിലും 20 ശതമാനം വെളിച്ചെണ്ണയും ചേർത്ത് വെളിച്ചെണ്ണ എന്ന വ്യാജേന വിൽപ്പന നടത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്നുമുണ്ട്. ചക്കിലാട്ടിയതെന്ന ലേബലിൽ തമിഴ്നാട്ടിൽ നിന്ന് വ്യാജ വെളിച്ചെണ്ണയും കേരളത്തിലേക്ക് എത്തുന്നുണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ മില്ലുകളിലും ഗോഡൗണുകളിലും കെട്ടിക്കിടക്കുന്ന ഉപയോഗശൂന്യമായ കൊപ്ര കുറഞ്ഞവിലയിൽ ശേഖരിച്ച് രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വെളിച്ചെണ്ണയാണ് കുറഞ്ഞ വിലയിൽ വിൽക്കുന്നത്. 50- 60 രൂപ വരെ വിലക്കുറച്ച് വിൽക്കുന്നതിനാൽ കച്ചവടവും ഉഷാറാണ്. വില നിയന്ത്രിക്കാനോ വ്യാജനെ കണ്ടെത്താനോ പേരിനുള്ള പരിശോധന പോലും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്നതും വിലക്കയറ്റത്തിന് കാരണമായി പറയപ്പെടുന്നു. തേങ്ങയുടെ വിലക്കയറ്റവും ക്ഷാമവും കാരണം പ്രതിസന്ധിയിലായ വെളിച്ചെണ്ണ ഉല്പാദനം വർദ്ധിപ്പിക്കാൻ കർഷകരിൽ നിന്ന് നേരിട്ട് പച്ചത്തേങ്ങ സംഭരിക്കാൻ കേരഫെഡ് തീരുമാനിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിൽ ഇതിന് തുടക്കം കുറിച്ചു. ഓണവിപണിയിലെ വെളിച്ചെണ്ണയുടെ അധിക ഉപഭോഗം മുന്നിൽകണ്ടാണ് നീക്കമെങ്കിലും ഇത് എത്രത്തോളം ഫലപ്രദമാകുമെന്നത് കണ്ടറിയേണ്ടതാണ്. ചില വൻകിട കച്ചവടക്കാർ ഓണവിപണി ലക്ഷ്യമിട്ട് മനപൂർവം വില ഉയർത്തുന്നുവെന്ന ആക്ഷേപം ഉയരുന്നുണ്ട്. മൂന്ന് മാസത്തേക്കെങ്കിലും ഇറക്കുമതി തീരുവ കുറച്ചാൽ വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വില കുറയുമെന്ന് എണ്ണവ്യാപാരികൾ പറയുന്നു.
കർഷകന് വില കിട്ടുമോ ?
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില കുതിച്ചുയരുമ്പോൾ അതിന്റെ പ്രയോജനം എത്രത്തോളം കർഷകന് ലഭിക്കുമെന്നാതാണ് ഉയരുന്ന ചോദ്യം. കണ്ണൂർ ചെറുപുഴയിൽ പ്രവർത്തനം ആരംഭിച്ച കേരഫെഡിന്റെ പച്ചത്തേങ്ങ സംഭരണ കേന്ദ്രത്തിൽ കഴിഞ്ഞദിവസം കർഷകർക്ക് ലഭിച്ചത് കിലോയ്ക്ക് 75 രൂപയാണ്. വിപണി വിലയെക്കാൾ ഒരു രൂപ അധികം നൽകി കേരഫെഡ് കർഷകരിൽ നിന്ന് പച്ചത്തേങ്ങ സംഭരണം തുടങ്ങിയപ്പോൾ പച്ചത്തേങ്ങയുടെ വില 75 രൂപയിലെത്തിയത് കർഷകന് ഗുണകരമാകുമെന്ന പ്രതീക്ഷയുണർത്തുന്നതാണ്. വെളിച്ചെണ്ണ ഉല്പാദനത്തിന് പച്ചത്തേങ്ങ ലഭിക്കാനുള്ള പ്രതിസന്ധി മറികടക്കാനാണ് കേരഫെഡ് വിപണി വിലയെക്കാൾ കൂടുതൽ വില നൽകി പച്ചത്തേങ്ങ സംഭരണം തുടങ്ങിയത്. മുമ്പെങ്ങുമില്ലാത്തവിധം തേങ്ങയുടെ വില ഉയർന്നതോടെ തെങ്ങ്കൃഷിയിലേക്ക് മടങ്ങിവരാൻ കർഷകർക്ക് പ്രചോദനമായിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ളവർ കേരളത്തിൽ വൻവില നൽകി തെങ്ങിൻതോപ്പുകൾ വാങ്ങാൻ സന്നദ്ധരായി എത്തിയതോടെ തെങ്ങിൻതോപ്പുകൾക്കും വൻ ഡിമാന്റായി. പാലക്കാട് ജില്ലയിൽ 6 മാസം മുമ്പ് വരെ ഒരേക്കർ തെങ്ങിൻതോപ്പിന് 35 ലക്ഷം രൂപവരെയായിരുന്നു വിലയെങ്കിൽ ഇപ്പോൾ 75- 80 ലക്ഷം രൂപ വരെയായി ഉയർന്നു. കേരളത്തിൽ കൂടുതൽ പേർ തെങ്ങ്കൃഷിയിലേക്ക് മടങ്ങിയെത്തിയാൽ തേങ്ങ ഉല്പാദനം വർദ്ധിക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന പ്രതീക്ഷ നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |