ന്യൂഡൽഹി: കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് കേരളത്തിന് 153.20 കോടി രൂപ ധനസഹായം അനുവദിച്ച് കേന്ദ്രസർക്കാർ. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തം നേരിടുന്നതിന്, സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിലേക്കുള്ള (എസ്.ഡി.ആർ.എഫ്) കേന്ദ്ര വിഹിതമാണിത്. സംസ്ഥാനം കൂടുതൽ ചെലവഴിക്കുന്ന മുറയ്ക്ക് കൂടുതൽ കേന്ദ്ര സഹായം എത്തുമെന്നാണ് പ്രതീക്ഷ. അതേസമയം, വയനാട്ടിലേത് അതീവഗുരുതര ദുരന്തമായി പരിഗണിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രത്യേക സഹായ പാക്കേജ് വേണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. അക്കാര്യത്തിൽ കേന്ദ്രം ഇതുവരെ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. വയനാട്ടിൽ ദുരന്തത്തിനിരയായവരുടെ ബാങ്ക് വായ്പകൾ എഴുതിതള്ളണമെന്ന അഭ്യർത്ഥനയിലും കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടില്ല.
കേരളമടക്കമുള്ള വെള്ളപ്പൊക്ക- മണ്ണിടിച്ചിൽ ബാധിത സംസ്ഥാനങ്ങളായ അസാം, മണിപ്പൂർ, മേഘാലയ, മിസോറം, ഉത്തരാഖണ്ഡ് എന്നിവയ്‌ക്കായി 1066.80 കോടി രൂപ അനുവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എക്സിലൂടെയാണ് ഇക്കാര്യമറിയിച്ചത്. 14 സംസ്ഥാനങ്ങൾക്ക് എസ്.ഡി.ആർ.എഫിൽ നിന്ന് 6,166.00 കോടി രൂപയും 12 സംസ്ഥാനങ്ങൾക്ക് എൻ.ഡി.ആർ.എഫിൽ നിന്ന് 1988.91 കോടിയും ഈ വർഷം ഇതിനോടകം അനുവദിച്ചെന്നും വ്യക്തമാക്കി.
375 കോടി അസമിനും 455 കോടി ഉത്തരാഖണ്ഡിനും ലഭിക്കും. മണിപ്പുരിന് 29.20 കോടി, മേഘാലയയ്ക്ക് 30.40 കോടി, മിസോറമിന് 22.80 കോടി എന്നിങ്ങനെയാണ് അനുവദിച്ച തുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |