തിരുവനന്തപുരം: സർക്കാർ കാണിച്ച അലംഭാവത്തിനും അനാസ്ഥയ്ക്കും വില കൊടുക്കേണ്ടി വന്നത് മികച്ച എൻജിനീയറിംഗ് കോളേജിൽ പ്രവേശനം നേടാൻ കാത്തിരുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ. കീം പരീക്ഷയുടെ റാങ്ക് നിർണയത്തിനുള്ള പ്ളസ് ടു മാർക്ക് സമീകരണം പ്രസിദ്ധീകരിച്ച പ്രോസ്പെക്ടസ് പ്രകാരം തന്നെ നടത്തണമെന്ന് ഹൈക്കോടതി ഡിവഷൻ ബെഞ്ചും വിധിച്ചതോടെ റാങ്കുകൾ മാറി മറിഞ്ഞു. താഴോട്ടുള്ള റാങ്കുകാരെയാണ് പ്രതികൂലമായി ബാധിക്കുന്നത്.
ഇന്നലെ രാത്രി 9.50ന് പുതിയ റാങ്ക്ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ ഒന്നാം റാങ്കടക്കം മാറി. കേരള സിലബസിലെ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജിനായിരുന്നു ആദ്യലിസ്റ്റിൽ ഒന്നാംറാങ്ക്. ജോൺ ഏഴാം റാങ്കിലായി.
പുതിയ പട്ടികയിൽ സി.ബി.എസ്.ഇ സിലബസിലെ തിരുവനന്തപുരം കവടിയാർ സ്വദേശി ജോഷ്വാജേക്കബ് തോമസിനാണ് ഒന്നാം റാങ്ക്. മുൻപട്ടികയിൽ അഞ്ചാം റാങ്കുകാരനായിരുന്നു. ആദ്യപട്ടികയിലെ ഒന്നാം റാങ്കുകാരൻ ജോൺ ഷിനോജ് ജെ.ഇ.ഇ അഡ്വാൻസ് പരീക്ഷയിൽ 3553 -ാമത് റാങ്ക് നേടി ഗുജറാത്ത് ഐ.ഐ.ടി ഗാന്ധി നഗറിൽ ഇലക്ട്രിക്കൽ എൻജിനീയറിംഗിന് പ്രവേശനം നേടിയിട്ടുണ്ട്.
രണ്ടാംറാങ്കുകാരൻ ഹരികിഷൻ ബൈജുവിന് ആദ്യപട്ടികയിലും രണ്ടാംറാങ്കായിരുന്നു. ഹരികിഷൻ
മുംബയ് ഐ.ഐ.ടിയിൽ ഇലക്ട്രിക് എൻജിനിയറിംഗിൽ ഡ്യൂവൽ ഡിഗ്രിക്ക് പ്രവേശനം നേടിയിട്ടുണ്ട്. മൂന്നാം റാങ്കുകാരനായിരുന്ന അക്ഷയ് ബിജു എട്ടാംറാങ്കിലേക്ക് മാറി. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ കേരളത്തിൽ ഒന്നാമനായിരുന്നു അക്ഷയ്. കാൺപൂർ ഐ.ഐ.ടി.യിൽ കമ്പ്യൂട്ടർ സയൻസിനാണ് ചേരുക. എട്ടാംറാങ്കുകാരൻ 185ലേക്കും പത്താം റാങ്കുകാരൻ 21ലേക്കും മാറി. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് മാറ്റമില്ല. പെൺകുട്ടികളുടെ വിഭാഗത്തിൽ ആദ്യലിസ്റ്റിൽ ഒന്നാമതായിരുന്ന കൊല്ലം പെരുമ്പുഴ സ്വദേശി ദിയരൂപ്യ രണ്ടാമതായി. പട്ടികയിലുള്ള 76230കുട്ടികളുടെയും റാങ്കിൽ വ്യത്യാസമുണ്ട്. www.cee.kerala.gov.in വെബ്സൈറ്റിൽ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു. അടുത്തദിവസം മുതൽ പ്രവേശനത്തിന് ഓപ്ഷൻ വിളിച്ചുതുടങ്ങും.
സമിതി പറഞ്ഞത് സർക്കാർ
കേട്ടില്ലെന്ന് ഹൈക്കോടതി
റാങ്ക് നിർണ്ണയ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിലും വിശദ പരിശോധന വേണമെന്നും പകരമായി കൊണ്ടുവരുന്ന ഫോർമുല മികച്ചതാണെന്ന് ഉറപ്പാക്കണമെന്നുമായിരുന്നു വിദഗ്ധ സമിതിയുടെ ശുപാർശ. ഇത്തവണ നടപ്പാക്കുക എളുപ്പമായിരിക്കില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
ഈ വർഷം തന്നെ മാറ്റം കൊണ്ടുവരണമെന്നല്ല സമിതിയുടെ റിപ്പോർട്ടിലുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. റാങ്ക് നിർണയ രീതിക്ക് സർക്കാരിനുള്ള അധികാരത്തെ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ചോദ്യം ചെയ്തില്ല.
ആദ്യ10 റാങ്കുകാർ ഇവർ
ജോഷ്വജേക്കബ് തോമസ്- തിരുവനന്തപുരം,
ഹരികിഷൻ ബൈജു-എറണാകുളം, എമിൽ ഐപ്പ് സക്കറിയ- തിരുവനന്തപുരം, അദ്ൽസയാൻ- കോഴിക്കോട്, അദ്വൈത് സന്ദീപ്- ബംഗളുരു, അനന്യ രാജീവ്- ബംഗളുരു, ജോൺ ഷിനോജ്- എറണാകുളം, അക്ഷയ് ബിജു- കോഴിക്കോട്, അച്യുത് വിനോദ്-കോഴിക്കോട്, അൻമോൾ ബൈജു-കോഴിക്കോട്. പട്ടികജാതി വിഭാഗത്തിൽ കാസർകോട്ടെ ഹൃദിൻ ബിജു ഒന്നും (റാങ്ക്-68), തിരുവനന്തപുരം മുട്ടടയിലെ അനന്തകൃഷ്ണൻ രണ്ടും (റാങ്ക്-223) സ്ഥാനത്തെത്തി. പട്ടികവർഗ വിഭാഗത്തിൽ കോട്ടയത്തെ കെ.എസ്.ശബരീനാഥ് (റാങ്ക് 2550) ഒന്നും കാസർകോട് പെരിയയിലെ ഗൗരീശങ്കർ രണ്ടും (റാങ്ക് 2672) സ്ഥാനത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |