മഹാകവി കുമാരനാശാന്റെ ദൃഷ്ടിയിൽ അടിയുറച്ച വിശ്വാസവും കറയറ്റ ജ്ഞാനവും മലപോലെയാണ്. മഹാഗുരുവെന്ന മഹാസാഗരത്തെ കടഞ്ഞ് അമൃതകുംഭത്തിലാക്കിയ പോലെയാണ് ആശാന്റെ ഗുരുവെന്ന പ്രാർത്ഥനാഗീതം.
ഗുരുവിന്റെ മാഹാത്മാമ്യം ദർശിക്കണമെന്നുള്ളവർക്ക് ഏഴ് ശ്ളോകങ്ങളിലുള്ള ഈ രചന നോക്കിയാൽ മതി.
വാദങ്ങൾ ചെവിക്കൊണ്ടു മതപ്പോരുകൾ കണ്ടും
മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ
വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവൻ താൻ
ഭേദാദികൾ കൈവിട്ടു ജയിപ്പൂ ഗുരുമൂർത്തേ!...
എല്ലാത്തരം ഭേദങ്ങൾക്കും എതിരെയായിരുന്നു ഗുരുദേവന്റെ പോരാട്ടവും പടയോട്ടവും. എല്ലാ മതങ്ങളുടെയും വാദഗതികൾ അദ്ദേഹം ചെവിക്കൊണ്ടു. അർത്ഥമില്ലാത്ത മതപ്പോരുകൾ കണ്ടു. വേദാഗമസാരങ്ങളെല്ലാം ഉള്ളംകൈപ്പൊരുൾ പോലെ ഗ്രഹിച്ച അദ്ദേഹം ഭേദാദികളെല്ലാം കൈവിട്ടു വിശ്വഗുരുവായി വിളങ്ങുന്നു. സൂക്ഷിച്ചു നോക്കിയാൽ ആശാന്റെ തെളിഞ്ഞ ഈ പ്രാർത്ഥനാഗീതത്തിനടിയിൽ ഗുരുദേവന്റെ വാക്കുകൾ ഉച്ചവെയിലേറ്റു തിളങ്ങുന്ന സ്ഫടികമണികൾ പോലെ കാണാം.
'എന്റെ മതം സത്യം, മറ്റുള്ളതെല്ലാം അസത്യം എന്നാരും പറയരുത്." സകല മതങ്ങളിലും സത്യമുണ്ട്. അതെല്ലാം സ്ഥാപിച്ചിട്ടുള്ളതും സദുദ്ദേശ്യത്തോടു കൂടിയാണ്. ഇപ്പോൾ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു മതവുമായി നമുക്ക് യാതൊരു സംബന്ധവും ഇല്ല. നാമായിട്ട് ഒരു പ്രത്യേകമതം സ്ഥാപിച്ചിട്ടുമില്ല. എല്ലാ മതങ്ങളും നമുക്ക് സമ്മതവുമാണ്. ഓരോരുത്തരും അവരവർക്കിഷ്ടമുള്ള മതം ആചരിച്ചാൽ മതിയെന്ന് ഗുരുദേവൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കുമാരനാശാൻ വർണിക്കുന്ന, 'വാദങ്ങൾ ചെവിക്കൊണ്ട് മതപ്പോരുകൾ കണ്ട് മോദസ്ഥിരനായി മലപോലെ" വസിക്കാൻ മഹാഗുരുവിനല്ലാതെ ആർക്കു കഴിയും? ഭേദാദികൾ കൈവിട്ടു ജയിപ്പൂ എന്നതിന്റെ സാരവും ഇവിടെ നമുക്ക് വ്യക്തമാകും.
ഗുരു പലപ്പോഴായി പറഞ്ഞിട്ടുള്ള മഹദ്സൂക്തങ്ങളും സന്ദേശങ്ങളും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റും എഴുത്തുകാരനുമായ സ്വാമി സച്ചിദാനന്ദ സമാഹരിച്ച 'ശ്രീനാരായണ ഗുരുവിന്റെ വിശ്വമതാദർശം" എന്ന ബൃഹദ്ഗ്രന്ഥം പുതുതലമുറയ്ക്കായി പരിചയപ്പെടുത്തുന്നു. സർവമത സമ്മേളന പരമ്പരകളുടെ ചരിത്രവും മതദർശനവും ഉൾക്കൊള്ളുന്ന ഈ കൃതി കേരള ചരിത്രത്തിന് ഒരു മുതൽക്കൂട്ടാണ്. ശിവഗിരി മഠത്തിലെ തിരക്കേറിയ കൃത്യനിർവണത്തിനിടയിലും ആവശ്യമായ ചരിത്രശകലങ്ങളും ലേഖനങ്ങളും സമാഹരിക്കാൻ സമയം കണ്ടെത്തിയത് തീർച്ചയായും ഗുരുഭക്തികൊണ്ടാണ്. ഗുരുദേവ ദർശനവും സർവമത സമ്മേളന ചരിത്രവും പഠിക്കാനും ആധികാരികമായി അറിയാനും താത്പര്യമുള്ളവർക്ക് ഇതൊരു വഴികാട്ടിയാണ്. ഗുരുദേവ സന്ദേശങ്ങൾ വത്തിക്കാനടക്കം ലോകമെങ്ങും പ്രചരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഠിനശ്രമങ്ങളുടെ ഒരു ഭാഗം തന്നെയാണ് ഇതും.
ആറ് ഭാഗങ്ങളാണ് ഈ സദ്ഗ്രന്ഥത്തിലുള്ളത്. അഞ്ചാംഭാഗത്തിൽ സർവമത സമ്മേളന ശതാബ്ദി ആഘോഷങ്ങൾ ആലുവ, ശിവഗിരി, വത്തിക്കാൻ, ഡൽഹി എന്നിവിടങ്ങളിൽ നടന്നതിനോടനുബന്ധിച്ചുള്ള പ്രധാന പ്രഭാഷണങ്ങൾ, റിപ്പോർട്ടുകൾ എന്നിവയുമുണ്ട്. ഗുരുവിന്റെ ഏക ലോകമത ദർശനത്തിന്റെ ദീപ്തിയാണ് ആറാം ഭാഗത്തിൽ. മതത്തെച്ചൊല്ലിയുള്ള പോരുകൾ കൂടുതൽ ഭീഷണിയാകുമ്പോൾ ഗുരുദേവന്റെ വിശ്വമതാദർശം പ്രത്യാശാകിരണങ്ങൾ പരത്തുന്നു.
ഗുരുദേവൻ ഊന്നൽ നൽകിയ വിഷയങ്ങളും സംഭാഷണങ്ങളും അർഹമായ രീതിയിൽ സമൂഹത്തിലെത്തിക്കാനുള്ള ശ്രമവും ഈ ഗ്രന്ഥത്തിലുണ്ട്. ആലുവയിൽ സർവമത സമ്മേളനം ഗുരു സംഘടിപ്പിക്കുന്നതിന് പ്രേരണയായ അഞ്ച് ഘടകങ്ങൾ സ്വാമി സച്ചിദാനന്ദ ഇതിൽ പറയുന്നുണ്ട്. ഗുരുദേവൻ അദ്വൈതിയായിരുന്നു. അദ്വൈതവാദിയായിരുന്നില്ല. പൂർവികരായ അദ്വൈതാചാര്യന്മാർ മതഖണ്ഡനത്തിൽ മുഴുകിയവരാണ്. ഗുരുമത സമന്വയത്തിന്റെ മഹാചാര്യനും സർവമത സമന്വയത്തിന്റെ പ്രവാചകനുമായിരുന്നുവെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം അർത്ഥവത്താണ്.
ദാരിദ്ര്യം, പട്ടിണി മരണം, പരിസ്ഥിതി ഹിംസ, പ്രകൃതിക്ഷോഭങ്ങൾ എന്നിവയെക്കാൾ മതത്തെച്ചാെല്ലിയുള്ള പോരുകളാണ് മനുഷ്യരാശിക്ക് ഏറ്റവും വലിയ ഭീഷണി. അത് ഒന്നിനൊന്നു കൂടിവരുമ്പോൾ 'ഗുരുദേവന്റെ വിശ്വമതാദർശം" എന്ന കെടാവിളക്ക് കൂടുതൽ ഉയരത്തിൽ സ്ഥാപിക്കാൻ ഈ ഗ്രന്ഥം സഹായകമാകും. ശിവഗിരിയിലും മറ്റ് ആശ്രമങ്ങളിലും പുസ്തകം ലഭിക്കും. 900 രൂപ വിലയിട്ടിട്ടുള്ള പുസ്തകം ആദ്യം വാങ്ങുന്നവർക്ക് 600 രൂപയ്ക്ക് കിട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |