തീരത്ത്, തിരകളുടെ രാത്രിഗീതം കേട്ട് മണൽവിരിപ്പിൽ മലർന്നുകിടക്കെ, കടൽമീതെ ആകാശത്തിന്റെ ഇരുൾത്തിരശ്ശീലയിൽ നക്ഷത്രങ്ങളുടെ കഥാപ്രപഞ്ചം കൺതുറന്നു. പതിയെ തിരകളുടെ സംഗീതം മാഞ്ഞു, കാറ്റിന്റെ തണുപ്പ് മാഞ്ഞു, കുട്ടികളുടെ കലമ്പം മാഞ്ഞു, കടലിന്റെ മണം മാഞ്ഞു... കിടക്കുന്നത് തീരത്തല്ല, കടലിനും ആകാശത്തിനും മദ്ധ്യേ ഒരു മേഘശയ്യയിലെന്നു തോന്നി...
പ്രപഞ്ചവിസ്തൃതിയുടെ ഏതൊക്കെയോ മഹാദൂരങ്ങളിൽ എണ്ണമില്ലാ നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, പേരറിയാത്ത ഗ്യാലക്സികൾ. സഹസ്രകോടി സൂര്യന്മാർ, ദേവപഥങ്ങൾ, ധൂമകേതുക്കൾ... എത്രയോ തവണ തോന്നിയിരിക്കുന്നു; കാലദൂരങ്ങളുടെ ഏതു മനുഷ്യഗണിതത്തിനും അളന്നെടുക്കാനാവാത്ത പ്രപഞ്ചവിസ്മയമേ, എന്റെ ഭൂമിയെപ്പോലെ ഒരുവളെ നീ ഏതു സ്വർഗദൂരത്ത് ഒളിപ്പിച്ചിരിക്കുന്നു? അങ്ങനെയൊരു സ്വപ്നം കാണാൻ വാനശാസ്ത്രകാരന്മാരുടെ മസ്തിഷ്ക കൗതുകം വേണ്ട, കല്പനകൾ അസ്തമിക്കാത്ത മനസു മാത്രം മതി.
എങ്കിൽ, അങ്ങനെയൊരുവളുണ്ട്!
ഒന്നു പോയി കണ്ടുകളയാമെന്നു മാത്രം വിചാരിക്കരുത്; കുറച്ചു ദൂരെയാണ്- 1800 പ്രകാശവർഷം അകലെ! സൂര്യനിൽ നിന്ന് ഭൂമിയിലേക്കുള്ള അകലം 8.3 പ്രകാശനിമിഷം
(ലൈറ്റ് മിനിട്ട്സ്) മാത്രമാണെന്ന (152.09 ദശലക്ഷം കി.മീറ്റർ), പഴയ ഹൈസ്കൂൾ പാഠപുസ്തകത്തിലെ വാനവിജ്ഞാനം ഓർത്തെടുക്കുമ്പോഴാണ്, 'ഭൂമിയുടെ ചിറ്റപ്പന്റെ മകൾ" എന്ന് (എർത്സ് കസിൻ) ശാസ്ത്രലോകം വാത്സല്യപൂർവം വിളിക്കുന്ന 'സൂപ്പർ എർത്തി"ന്റെ ഭ്രമണപഥം സങ്കല്പത്തിനും എത്രയെത്രയോ ദൂരെയാണെന്ന നടുക്കം മെല്ലെ മെല്ലെ മനസു നിറയുക. 'കസിൻ" എന്നൊക്കെ വിളിക്കാമോ എന്ന് സംശയം തോന്നുന്നവർക്ക് ന്യൂജെൻ പേരിട്ട് 'എർത്ത് 2.0" എന്നു വിളിക്കാം. യഥാർത്ഥ പേര് ഇതൊന്നുമല്ല: കെപ്ളർ- 452 ബി.
കൈപ്പർ ബെൽറ്റ്
എന്ന ധൂമലോകം
പ്രകാശവേഗം സെക്കൻഡിൽ മൂന്നുലക്ഷം കി.മീറ്റർ ആണ്. യു.എസിൽ കേപ് കനാവറലിലെ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് പ്ളൂട്ടോ ദൗത്യവുമായി 2006 ജനുവരി 19 ന് പുറപ്പെട്ട, അന്നത്തെ വേഗമേറിയ സ്പേസ്ക്രാഫ്റ്റുകളിലൊന്നായ (മണിക്കൂറിൽ 58,500 കി.മീ) നാസയുടെ ന്യൂ ഹൊറൈസൺസ്, സൗരയൂഥവും കടന്ന് പ്ളൂട്ടോയോട് അടുത്തത് ഒമ്പത് വർഷങ്ങൾക്കു ശേഷം 2015 ജനുവരി 15-നാണ്. പിന്നെയും പിന്നിട്ടിരിക്കുന്നു, പത്ത് ഭൗമവർഷങ്ങൾ. സൗരപഥത്തിനു വെളിയിൽ ഉൽക്കകളും ധൂമകേതുക്കളും വിഹരിക്കുന്ന 'കൈപ്പർ ബെൽറ്റ്" (Cuiper Belt) കടക്കാൻ ന്യൂ ഹൊറൈസൺസിന് ഇനിയും മൂന്നുവർഷ ദൂരം ബാക്കി. കൈപ്പർ ബെൽറ്റിനും അപ്പുറമോ?
അത്, ശാസ്ത്രവും സങ്കല്പങ്ങളും തത്വശാസ്ത്രവുമൊക്കെ ചേർന്ന ബാഹ്യപ്രപഞ്ചമാണ്. പ്ളൂട്ടോയുടെ ഭ്രമണപഥത്തിനും പുറത്ത് ഹിമമുറഞ്ഞ ആകാശപിണ്ഡങ്ങളും ദശലക്ഷക്കണക്കിന് ധൂമകേതുക്കളും പ്രപഞ്ചസൃഷ്ടിയിൽ ബാക്കിയായ സ്വർഗരേണുക്കളും ഹിമധൂളികളുമെല്ലാം ചേർന്ന അനന്തലോകം! അവിടെ, 1800 പ്രകാശവർഷങ്ങൾക്കകലെ സിഗ്നസ് എന്ന നക്ഷത്രസമൂഹത്തിലെങ്ങോ മറഞ്ഞിരിക്കുന്നു, കെപ്ളർ 452 ബി എന്ന എർത്ത് 2.0! പ്ളൂട്ടോയെ തേടിപ്പോയ ന്യൂ ഹൊറൈസൺസിലാണ് യാത്രയെങ്കിൽ ഭൂമിയിൽ നിന്ന് 'ചിറ്റപ്പന്റെ വീട്ടി"ലെത്താൻ ഉദ്ദേശം 30 ദശലക്ഷം വർഷം വേണ്ടിവരും! 'വാനമേ, ഗഗനമേ... നഭസ്സേ നമസ്കാരം..." എന്ന് പ്രാർത്ഥനാപൂർവം മുട്ടുകുത്തേണ്ടത് സങ്കല്പങ്ങൾക്കും ചെന്നെത്താനാകാത്ത ഈ മഹാവിസ്തൃതിക്കു മുന്നിലാണ്!
ആകാശത്തെ
അപരശരീരം
സൗരയൂഥത്തിനു പുറത്ത്, പിന്നെയും അവസാനിക്കാത്ത ആകാശദൂരത്ത് കെപ്ളർ 452 എന്ന നക്ഷത്രത്തെ പ്രദക്ഷിണം ചെയ്യുന്ന കെപ്ളർ 452 ബി എന്ന ഗ്രഹത്തെ ഭൂമിയുടെ അർദ്ധസഹോദരിയെന്ന് വിശേഷിപ്പിക്കാനെന്ത്? കെപ്ളർ സ്പേസ് ടെലസ്കോപ്പ് നല്കുന്ന വിവരമനുസരിച്ച് എർത്ത് 2.0-യുടെ ജാതകരേഖ ഇങ്ങനെ: ഭൂമിയുടെ ഒന്നര ഇരട്ടി വലുപ്പം. നക്ഷത്രമായ കെപ്ളർ 452-നെ ഒന്നു വലംവയ്ക്കാൻ സൂപ്പർ എർത്തിന് വേണ്ടിവരുന്ന സമയം 385 ദിവസം. കെപ്ളർ 452 ആകട്ടെ, നമ്മുടെ ഭൂമിക്ക് ഏറക്കുറെ സമാനമായ താപനിലയുള്ള നക്ഷത്രം. ഭൂമിയുടെ ശരാശരി പ്രതലതാപം 288 കെൽവിൻ എങ്കിൽ കെപ്ളർ 452-ബിയിലെ താപം 265 കെൽവിൻ (ഒരു കെൽവിൻ എന്നാൽ മൈനസ് 272.15 സെൽഷ്യസ്. സെൽഷ്യസിലുള്ള താപനിലയെ കെൽവിൻ യൂണിറ്റിലാക്കാൻ ഈ 272.15 കൂട്ടിയാൽ മതി). സൂര്യനേക്കാൾ അല്പംകൂടി നേരത്തേയാകാം കെപ്ളർ 452-വിന്റെ പിറവിയെന്നു മാത്രം- ഉദ്ദേശം ആറ് ദശലക്ഷം വർഷം മുമ്പ്!
മാതൃനക്ഷത്രത്തിന്റെ 'ഹാബിറ്റബിൾ സോണി"നകത്താണ് കെപ്ളർ 452- ബിയുടെ ഭ്രമണമെന്നതിനാലും, ഭൂമിയുടെ അതേ താപനിലയായിരിക്കാം കരപ്രദേശമെന്നു കരുതപ്പെടുന്ന ഗ്രഹത്തിന് എന്നതിനാലും അവിടെ ജീവൻ പിച്ചവയ്ക്കാനുള്ള സാദ്ധ്യതയിലാണ് വാനശാസ്ത്രകാരന്മാരുടെ കണ്ണ്! പല ഗ്രഹങ്ങളിലും താപവ്യതിയാനത്താൽ ഹിമപാളികളായും മറ്റും ജലസാന്നിദ്ധ്യം നേരത്തേ കണ്ടെത്തിയിട്ടുണ്ടെങ്കിലും കെപ്ളർ 452 ബി-യിൽ ജലം അതിന്റെ ദ്രാവകരൂപത്തിൽത്തന്നെ ഉണ്ടാകാമെന്നാണ് നിഗമനം. ഗ്രഹത്തിന്റെ പ്രതലഘടനയെക്കുറിച്ച് കൃത്യമായ വിവരമില്ലെങ്കിലും, പാറകൾ നിറഞ്ഞതാകാം.
അനിയത്തിയെ
കണ്ടെത്തുന്നു
ഭൂമി, അതിന്റെ 'കസിനെ" കണ്ടെത്തിയിട്ട് ഇപ്പോൾ പത്തു വർഷം കഴിഞ്ഞെന്നു പറയാം. 2015 ജൂലായ് 23-നാണ് നാസ ആ പ്രഖ്യാപനം നടത്തിയത്. ആ കണ്ടെത്തൽ ഒരു കഥയാണ്: 2009-ൽ, ആകാശത്തിന്റെ മഹാദൂരങ്ങളിലെ വിസ്മയ പ്രതിഭാസങ്ങളിലേക്ക് കണ്ണുമിഴിച്ചിരുന്ന സ്പേസ് ടെലിസ്കോപ്പ് ആയ കെപ്ളർ, അതിന്റെ ഏക ഉപകരണമായ ഫോട്ടോമീറ്ററിലൂടെ നക്ഷത്രനാടകങ്ങൾ നിരന്തരം വീക്ഷിച്ചുകൊണ്ടിരിക്കെ, ഒരു മാതൃനക്ഷത്രത്തിന്റെ തിളക്കം മറച്ചുകൊണ്ട് ഗ്രഹസമാനമായ എന്തോ ഒന്ന് പ്രത്യക്ഷമാവുകയും പിന്നീട് മറയുകയും ചെയ്തതുപോലെ! പിന്നെ, മനസിലായി, കൃത്യമായ ഇടവേളയിൽ അത് അതേ പാതയിലൂടെ സഞ്ചാരം തുടരുന്നുവെന്ന്.
സൗരയൂഥത്തിനു പുറത്ത്, ഒരേസമയം പതിനായിരക്കണക്കിനു നക്ഷത്രങ്ങളെ വീക്ഷിച്ചുകൊണ്ടിരുന്ന കെപ്ളർ ടെലിസ്കോപ്പിന്റെ 'ഇൻപുട്ട് കാറ്റലോഗി"ൽ അപ്പോൾത്തന്നെയുണ്ടായിരുന്നു, 50,000 താരകങ്ങളുടെ പ്രകാശരേഖകൾ. അടുത്ത മൂന്നുവർഷം തീവ്ര നിരീക്ഷണത്തിന്റേതായിരുന്നു. വിരുന്നിനെത്തുന്ന 'ചിറ്റപ്പന്റെ മകൾ" കൃത്യം 385 ദിവസത്തിലൊരിക്കലാണ് മാതൃനക്ഷത്രത്തിന്റെ കാഴ്ച മറയ്ക്കുന്നതെന്ന് മനസിലായപ്പോൾ കഥ വ്യക്തം: ഇതാ, ഭൂമിക്ക് ഒരു കുഞ്ഞനുജത്തിയെ കിട്ടിയിരിക്കുന്നു! പിന്നെയും മൂന്നുവർഷം വേണ്ടിവന്നു, സ്ഥിരീകരണത്തിനും നാസയുടെ പ്രഖ്യാപനത്തിനുമെന്നു മാത്രം.
കേപ് കനാവറലിൽ നിന്ന് 2009 മാർച്ച് ഏഴിന് ഡെൽറ്റ- 2 റോക്കറ്റിലാണ് കെപ്ളർ സ്പേസ് ടെലിസ്കോപ്പ് വിക്ഷേപിക്കപ്പെട്ടത്. ഒരൊറ്റ ദൗത്യം: ഭൂമി ഉൾപ്പെടെയുള്ള ഗ്രഹങ്ങൾ സൂര്യനെ വലംവയ്ക്കുന്നതുപോലെ, സൗരയൂഥത്തിനു പുറത്ത് മറ്റേതെങ്കിലും നക്ഷത്രത്തെ പ്രദക്ഷിണം ചെയ്യുന്ന, ഏതാണ്ട് ഭൂമിയോളം തന്നെ വലുപ്പമുള്ള ഗ്രഹങ്ങൾക്കായുള്ള അന്വേഷണം! മൂന്നര വർഷത്തേക്കായിരുന്നു ദൗത്യത്തിന് ആയുർദൈർഘ്യം നിശ്ചയിച്ചിരുന്നതെങ്കിലും ഒൻപതര വർഷക്കാലത്തിലധികം കെപ്ളർ ടെലിസ്കോപ്പ് അതിന്റെ ഗ്രഹാന്തര നേത്രങ്ങൾ തുറന്നുവച്ചിരുന്നു. ഒടുവിൽ നാസയുടെ കണക്കനുസരിച്ച് ആകെ 5,30,506 നക്ഷത്രങ്ങളെ നിരീക്ഷിച്ച് വിവരങ്ങൾ കൈമാറിയ കെപ്ളറുടെ 'റിയാക്ഷൻ കൺട്രോൾ സിസ്റ്റ"ത്തിലേക്കുള്ള ഇന്ധനം തടസപ്പെട്ടതോടെ 2018 ഒക്ടോബർ 30ന് അവൻ കണ്ണടച്ചു. അപ്പോഴേയ്ക്കും, പല നക്ഷത്രങ്ങളുടേതായി 2778 ഗ്രഹങ്ങളുടെ സാന്നിദ്ധ്യം കെപ്ളർ കണ്ടെത്തിക്കഴിഞ്ഞിരുന്നു. ഏറ്റവും വലിയ കണ്ടെത്തൽ പക്ഷേ, 'സൂപ്പർ എർത്തി"ന്റേതായിരുന്നു!
കെപ്ളർ ടെലിസ്കോപ്പിന്റെ നിര്യാണത്തോടെ കെപ്ളർ 452 ബി ഗ്രഹത്തിന്റെ നിരീക്ഷണദൗത്യം പൂർണമായും സേറ്റി (സെർച്ച് ഫോർ എക്സ്ട്രാ ടെറസ്ട്രിയൽ ഇന്റലിജൻസ്) ഏറ്റെടുത്തു.
കാലിഫോർണിയയിലെ കാസ്കേഡ് പർവതനിരയിൽ നിരത്തിയ കൂറ്റൻ ടെലിസ്കോപ്പുകളുടെ ശേഖരമായ 'അലൻ ടെലിസ്കോപ്പ് അരേ"യുടെ ചിമ്മാക്കണ്ണുകൾ അന്നു മുതൽ തേടുന്നത് കെപ്ളറുടെ രൂപഘടനയുടെ രഹസ്യം മാത്രമല്ല, എത്താദൂരത്തെങ്ങാനും ഭൂമിയിലെ മനുഷ്യന് ഒരു സുഹൃത്തുണ്ടോ എന്നുകൂടിയാണ്! മുന്നൂറ്റമ്പതോളം ആന്റിനകൾ അന്നു മുതൽ കാത്തിരിക്കുന്നു; 1800 പ്രകാശവർഷങ്ങൾക്കപ്പുറത്തു നിന്ന് ഒരു റേഡിയോ തരംഗത്തിന്റെ സന്ദേശം എത്തിയിരുന്നെങ്കിൽ. 'വരും; വരാതിരിക്കില്ല" എന്നൊരു പ്രതീക്ഷയുടെ കിരണം- അതെത്ര നേർത്തതെങ്കിലും- അതിനൊരു വികാരവായ്പിന്റെ ഉഷ്ണനിശ്വാസമുണ്ട്.
കാത്തിരിക്കാം: ഒരിക്കൽ വരും
ഭൂമിയുടെ അപരന്മാർക്കായുള്ള അന്വേഷണത്തിലെ ആദ്യ കൗതുകമല്ല, കെപ്ളർ 452-ബിയുടെ കഥ. 1992-ൽ പോൾട്ടർഗീറ്റ്സ്, ഫൊബേറ്റർ എന്നീ രണ്ട് സൂപ്പർ എർത്തുകളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിരുന്നെങ്കിലും, ഒരു പ്രധാന നക്ഷത്രത്തെ പ്രദക്ഷിണം ചെയ്യുന്ന ആദ്യ സൂപ്പർ എർത്തിന്റെ വിശേഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് 2005-ലാണ്. ഗ്ളീസ് 876 എന്നു പേരിട്ട നക്ഷത്രം വലംവയ്ക്കുന്ന ഗ്രഹത്തിന് ഗ്ളീസ് 876-ഡി എന്ന് പേരു ചൊല്ലുകയും ചെയ്തു. നമ്മുടെ ജൂപ്പിറ്റർ ഗ്രഹത്തിന്റെ ഇരട്ടി വലുപ്പം വരുന്ന അവന് ഭൂമിയുടെ ഏഴര ഇരട്ടിയായിരുന്നു പിണ്ഡം. പ്രദക്ഷിണകാലമാകട്ടെ, വെറും രണ്ടു ദിവസവും. മാതൃനക്ഷത്രവുമായുള്ള അടുപ്പക്കൂടുതൽ കാരണം പ്രതല താപനില 430- 650 കെൽവിൻ ആയിരിക്കുമെന്ന് കണക്കുകൂട്ടിയതോടെ ആ ഉഗ്രതാപത്തിൽ ദ്രവജലത്തിനുള്ള സാദ്ധ്യതയും അടഞ്ഞു. തീരാത്ത അന്വേഷണദൗത്യത്തിനിടെ പല 'ഭൂമി"കളുടെയും മറഞ്ഞിരിപ്പ് വെളിപ്പെട്ടെങ്കിലും ജലസാന്നിദ്ധ്യമോ, അതുകൊണ്ടുതന്നെ ജീവസാന്നിദ്ധ്യമോ സംശയിക്കാൻ പോലും ഇടനല്കുന്നതായിരുന്നില്ല അവിടത്തെ താപനിലയും 'കാലാവസ്ഥ"യും.
ഭൂമി, അവളുടെ അപരരൂപങ്ങളെ ഇപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുന്നു. കെപ്ളർ ടെലിസ്കോപ്പിന് ആകാശവിസ്തൃതിയുടെ ചെറിയൊരു മേഖലയിലേ ദൃഷ്ടിപായിക്കാൻ ആകുമായിരുന്നുള്ളൂവെങ്കിൽ നാസയുടെ TESS (ട്രാൻസിറ്റിംഗ് എക്സോപ്ളാനറ്റ് സർവേ സാറ്റലൈറ്റ്), യൂറോപ്യൻ സ്പേസ് ഏജൻസിയുടെ CHEOPS (ക്യാരക്ടറൈസിംഗ് എക്സോപ്ളാനറ്റ് സാറ്റലൈറ്റ്) തുടങ്ങിയ പുതുതലമുറ വാനദർശിനികൾ പ്രപഞ്ചദൂരത്തിന്റെ മഹാസമുദ്രങ്ങളിലേക്കെല്ലാം മിഴികൾ തുഴഞ്ഞുചെല്ലുന്നു. അവിടെ, സൗരയൂഥത്തിനു പുറത്ത് 154 പ്രകാശവർഷം മാത്രം അകലെ ഭൂമിയുടെ ഇരട്ടിയോളം വലുപ്പമുള്ള ഒരു പുറംഗ്രഹത്തെ (എക്സോപ്ളാനറ്റ്) TESS ഉപഗ്രഹം കണ്ടെത്തിയിട്ട് ഒരാഴ്ച പിന്നിടുന്നതേയുള്ളൂ. 720 കോടി വർഷം പഴക്കമുണ്ടത്രെ ഇവന്. ജലസാന്നിദ്ധ്യത്തിനുള്ള സാദ്ധ്യതയും മറ്റും ഇനി വേണം തിരിച്ചറിയാൻ.
സൗരയൂഥത്തിന് തൊട്ടടുത്ത്, മറ്റൊരു നക്ഷത്രസമൂഹത്തിലെ 'അപരഭൂമി"ക്കായുള്ള അന്വേഷണം അവസാനിക്കുന്നില്ല. കാലത്തിന്റെ ഏതെങ്കിലുമൊരു സൗരഋതുവിൽ, ഉയരങ്ങളുടെ ഏതെങ്കിലുമൊരു ചില്ലയിൽ നിന്ന് ആ ശബ്ദം ഭൂമിയെ തേടിവരുമായിരിക്കും: 'ഞാൻ ഇവിടെയുണ്ട്!"
(ലേഖകന്റെ മൊബൈൽ: 99461 08237)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |