കേരളത്തിലെ സർവകലാശാലകളെല്ലാം നാഥനില്ലാക്കളരികളായി മാറിയതും, കേരള സർവകലാശാലയടക്കമുള്ള സർവകലാശാലാ ക്യാമ്പസുകൾ സംഘർഷഭരിതമായി തുടരുകയും ചെയ്യുന്നത് കേരളത്തിന്റെ പുകൾപെറ്റ ഉന്നത വിദ്യാഭ്യാസരംഗത്ത് കറുത്ത നിഴൽ വീഴ്‌ത്തിയിരിക്കുകയാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഉയരങ്ങളിലാണെന്ന് നാം എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നതിന് ചൂണ്ടുപലകയായി പ്രധാനമായും കാണിക്കുന്നത് വിദ്യാഭ്യാസരംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങളെയാണ്. വിദ്യാഭ്യാസം പൊതുവിൽ ജനാധിപത്യവത്ക്കരിക്കുകയും സാർവത്രികമാക്കുകയും ചെയ്തതിൽ നമുക്കൊക്കെ അഭിമാനിക്കാനും വകയുണ്ട്.
ആധുനിക ശാസ്ത്ര സാങ്കേതിക മികവുകൾ ഉപയോഗപ്പെടുത്തി ഉന്നത വിദ്യാഭ്യാസം മാത്രമല്ല, പൊതുവിദ്യാഭ്യാസം പോലും കാലത്തിനനുസരിച്ച് ചിട്ടപ്പെടുത്തുന്നതിലും മെച്ചപ്പെടുത്തുന്നതിലും നാം കാട്ടുന്ന ശുഷ്‌കാന്തിയും ശ്ലാഘനീയമാണ്. എന്നാൽ, ഈ അഭിമാനാതിരേകങ്ങളുടെ ആടയാഭരണങ്ങളും ആലഭാരങ്ങളുമൊക്കെ തകർന്നു വീഴുകയാണോ എന്നു സംശയിക്കത്തക്ക സംഭവവികാസങ്ങളാണ് കുറച്ചു ദിവസങ്ങളായി പ്രത്യേകിച്ച്, തലസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ആദ്യത്തേതും രാജ്യത്തെ തന്നെ പ്രഥമ പരിഗണനയിൽപ്പെടുന്നതുമായ ഉന്നത വിദ്യാഭ്യാസ മേഖലയാണ് കേരള സർവകലാശാല. അതിപ്പോൾ അക്ഷരാർത്ഥത്തിൽ നിശ്ചലമാണ്. അക്കാഡമികവും ഭരണപരവുമായ സ്തംഭനം ക്ഷണിച്ചു വരുത്തിയതാകട്ടെ, രാഷ്ട്രീയ താത്പ്പര്യ സംരക്ഷണാർത്ഥവും.
സമ്പന്നമായ ചരിത്രവും പാരമ്പര്യവും വിടർന്നു വിലസുന്നതാണ് കേരള സർവകലാശാല. രാജഭരണം നമുക്കു സമ്മാനിച്ച നന്മകളുടെ തിളക്കമുള്ളതാണ് ഈ വിജ്ഞാനത്തിന്റെ കേളീ കേദാരം. ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവ് തിരുവിതാംകൂർ സർവകലാശാല എന്ന പേരിൽ 1937 ൽ സ്ഥാപിച്ചതാണ് ഈ സർവകലാശാല. ഇതിന്റെ ആദ്യ കിരണങ്ങൾ ഉണ്ടായതാകട്ടെ, 1934 ൽ സ്വാതി തിരുനാളിന്റെ ഭാവനയിൽ നിന്ന്. 1866ൽ യൂണിവേഴ്സിറ്റി കോളേജും 1957 ൽ കേരള സർവകലാശാലയും സ്ഥാപിതമായതും കേരള ചരിത്രത്തിന്റെ പോയകാല പ്രകാശവഴിയിലെ ദീപസ്തംഭങ്ങളാണ്. ഇംഗ്ലണ്ടിലെ വിശ്രുത സർവകലാശാലകളായ ഓക്സ്ഫഡിന്റെയും കേംബ്രിഡ്ജിന്റെയും മാതൃകയിൽ സ്ഥാപിക്കപ്പെട്ട ഇവിടെ 1937 ൽ പ്രഥമ വി.സിയായി സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീനെ കൊണ്ടുവരാൻ ശ്രമിച്ചതായിരുന്നു. അതുനടക്കാതെ വന്നതിനെ തുടർന്നാണ് ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ ആദ്യ വി.സി.യായത്. അതിനു ശേഷം വന്ന വി.സി മാരെല്ലാവരും തന്നെ വിദ്യാഭ്യാസ വൈജ്ഞാനിക ധൈഷണിക മേഖലകളിൽ ഏറെക്കുറെ സ്വയം അടയാളപ്പെടുത്തിയവരും കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തിന് കെടാത്ത ജ്വാലകൾ പകർന്നവരുംആയിരുന്നു.
സർവകലാശാലയിൽഇപ്പോൾ പരസ്പരം പോരാടുന്നവർ,അത് വി.സിയായാലും രജിസ്ട്രാർ ആയാലും വിദ്യാർത്ഥികളുടേതുൾപ്പെടെയുള്ള സംഘടനാ നേതാക്കൾ ആയാലും അവർക്കൊന്നും നഷ്പ്പെടാനില്ല.നഷ്ടം പൂർണമായും വിദ്യാർത്ഥികൾക്കു തന്നെ.അതിനാൽ നാടിന്റെ ഭാവിയിൽ താത്പ്പര്യമുള്ള ഭരണാധികാരികൾ ഈ വിഷയം അവസാനിപ്പിക്കാൻ ഒരുമിച്ചു മുന്നോട്ടുവരണം.ഇനി ഈ പോരാട്ടം ഒരു നിമിഷംതുടർന്നുകൊണ്ടുപോകരുത്.
150 ലേറെ കോളേജുകളും ഗവേഷണ സ്ഥാപനങ്ങളും ഉൾപ്പെടുന്ന വൈജ്ഞാനികോൽപ്പാദന കേന്ദ്രം. 'വിവേകം പ്രവൃത്തിയിൽത്തന്നെ വെളിവാക്കപ്പെടുന്നു' എന്നർത്ഥമുള്ള 'കർമണി വ്യാജ്യതേ പ്രജ്ഞ' എന്ന സംസ്‌കൃത വാക്കുകൾ ആപ്തവാക്യമായി എഴുതി വച്ചിട്ടുള സർവകലാശാല. ഈ ആപ്തവാക്യത്തിന്റെ അന്തസ്സത്തയ്ക്ക് ഇണങ്ങും വിധമാണോ സർവകലാശാലയിലെ അക്കാദമിക ഭരണ നേതൃത്വങ്ങളും വിദ്യാർത്ഥി സംഘടനകളും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് എന്ന് ആലോചിച്ചാൽ കൊള്ളാം. പതിന്നാലാം നൂറ്റാണ്ടിലെ ആംഗലേയ സാഹിത്യകാരൻ ജെഫ്രി ചോസർ എഴുതിയതുപോലെ ' സ്വർണം തുരുമ്പിച്ചാൽ ' ഇരുമ്പിന്റെ കാര്യം പറയാനുണ്ടോ?' (If gold rusts, what shall iron do?)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |