SignIn
Kerala Kaumudi Online
Tuesday, 15 July 2025 12.57 PM IST

ഭക്ഷ്യസുരക്ഷാ നിയമം നോക്കുകുത്തിയോ?​

Increase Font Size Decrease Font Size Print Page

as

ഭക്ഷ്യസുരക്ഷയെക്കുറിച്ച് രാജ്യത്ത് വലിയ ആശങ്കകൾ നിലനിൽക്കുന്ന കാലമാണ്. ഭക്ഷ്യസുരക്ഷയ്ക്കായുള്ള നിയമങ്ങളെ, അവയുടെ നിശ്ചിത ലക്ഷ്യം ഗൗനിക്കാതെയും കൊള്ളലാഭത്തിനായും പല ഉത്പാദകരും കൈകാര്യം ചെയ്യുന്നതാണ് പ്രധാന പ്രശ്നം. അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്നതാകട്ടെ, പൊതുജനവും. ഭക്ഷ്യവസ്തുക്കൾ കേടുവരാതിരിക്കുവാനും, അവയുടെ ആകർഷണീയതയും രുചിയും വർദ്ധിപ്പിക്കുവാനും ഭക്ഷ്യോത്‌പാദകർ പല നിരോധിത വസ്തുക്കളും അവയിൽ ചേർക്കാറുള്ളതായി പറയപ്പെടുന്നു. പല സന്ദർഭങ്ങളിലും നിയമപരമായി അനുവദനീയമായ ചേരുവകൾ, അളവിൽ കൂടുതലായി ചേർക്കാറുമുണ്ട്. ഇതെല്ലാം അർബുദം ഉൾപ്പെടെ മഹാരോഗങ്ങൾക്കും കരൾ, കിഡ്‌നി, നാഡീവ്യൂഹങ്ങൾ എന്നിവയുടെ പ്രവർത്തന തകരാറുകൾക്കും കാരണമാകുന്നതാണ്.

പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ, അവയുടെ കാലാവധി കഴിഞ്ഞ് ലേബൽ മാറ്റിയൊട്ടിച്ച് കമ്പോളങ്ങളിൽ വിൽക്കുന്നത് സർവസാധാരണമാണ്. ഹോർമോണുകൾ നൽകി പാലുത്‌പാദനം വർദ്ധിപ്പിക്കുക, ഇറച്ചിക്കോഴിക്കും നാൽക്കാലികൾക്കും ഹോർമോൺ കുത്തിവച്ച് മാംസോത്പാദനം വർദ്ധിപ്പിക്കുക, മീൻകുഞ്ഞുങ്ങൾക്ക് ഹോർമോൺ മരുന്നുകൾ നല്കി അവയുടെ വളർച്ച ത്വരിതപ്പെടുത്തുക, പച്ചക്കറികളുടെയും ഫലവർഗങ്ങളുടെയും വേഗത്തിലുള്ള വളർച്ചയ്ക്കും, അവ ദീർഘകാലം കേടുകൂടാതിരിക്കുവാനും രാസവസ്തുക്കൾ ഉപയോഗിക്കുക... ഇവയൊക്കെ വിപണിയിലെ കുതന്ത്രങ്ങളിൽ ചിലതു മാത്രമാണ്.

ഈ അവസ്ഥ നിയന്ത്രിക്കുന്നതിനും, കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനും സമഗ്രവും സംയോജിതവുമായ ഒരു ഭക്ഷ്യസുരക്ഷാ നിയമം രാജ്യത്ത് ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് വിവിധ അന്വേഷണ ഏജൻസികളും മറ്റും ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ 2006-ൽ ഭക്ഷ്യസുരക്ഷാ നിയമം (The Food Safety and Satandards Act) കൊണ്ടുവന്നത്. ഭക്ഷ്യവസ്തുക്കളെ സംബന്ധിച്ചും, ഭക്ഷ്യോത്‌പാദനത്തിന്റെ ശാസ്ത്രീയ വികസനം ലക്ഷ്യമാക്കിയും കൊണ്ടുവന്ന ഈ വിശാല നിയമം ഉപഭോക്താക്കളുടെ ഭക്ഷ്യസുരക്ഷ കൂടുതൽ ശക്തമാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയതുമാണ്.

ഉപഭോക്താവിന് നല്ല

ഭക്ഷണം ഉറപ്പാക്കണം

ഭക്ഷ്യയോഗ്യമായ വസ്‌തുക്കളുടെ നിർവചനത്തിൽ പലവിധത്തിലുള്ള ആഹാരപദാർത്ഥങ്ങൾ വരും. അംഗീകൃത നിർവചനമനുസരിച്ച് ഭക്ഷണം അഥവാ ആഹാരം എന്നാൽ ഭക്ഷ്യയോഗ്യമായ വസ്‌തു എന്നാണ് അർത്ഥം. അത് സംസ്കരിച്ച രൂപത്തിലുള്ളതോ ഭാഗികമായി സംസ്കരിച്ചതോ ആകാം. പരമ്പരാഗതമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ അംഗീകൃത മാറ്റങ്ങൾ വരുത്തിയതുമാകാം. ശിശുക്കൾക്കുള്ള ഭക്ഷ്യവസ്തുക്കൾ, പായ്ക്ക് ചെയ്ത കുടിവെള്ളം, ലഹരിപാനീയങ്ങൾ, ശീതളപാനീയങ്ങൾ, ഭക്ഷ്യവസ്തുക്കളുടെ ഉത്‌പാദന സമയത്ത് ഉപയോഗിക്കുന്ന വെള്ളം എന്നിവ ഉൾപ്പെടെ നിരവധി അംഗീകൃത ഭക്ഷ്യവസ്തുക്കളുണ്ട്. കേന്ദ്ര സർക്കാരിന് ഒരു വിജ്ഞാപനത്തിലൂടെ ഏതൊരു വസ്തുവും, അതിന്റെ ഉപയോഗവും മേന്മയും വിലയിരുത്തി ഭക്ഷ്യവസ്തുവായി പ്രഖ്യാപിക്കാവുന്നതുമാണ്.

2006-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം, ഭക്ഷ്യവസ്തുക്കളുടെ ഉത‌്‌പാദനം, വിതരണം, വില്പന, ഇറക്കുമതി മുതലായവയുടെ നിയന്ത്രണം, ക്രമീകരണം, പരിശോധന, സുരക്ഷിതത്വം ഇവയെല്ലാം നിയമവിധേയമായാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പു വരുത്തുന്നതിനായി ഒരു 'ഫുഡ് അതോറിട്ടി" നിലവിൽ കൊണ്ടുവന്നിട്ടുണ്ട്. ഇതിന്റെ പ്രധാന ഓഫീസ് ഡൽഹിയിലാണെങ്കിലും, വിവിധ സംസ്ഥാനങ്ങളിൽ ഉയർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ സംസ്ഥാന ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. ശുദ്ധവും ആരോഗ്യകരവുമായ ഭക്ഷ്യവസ്തുക്കൾ ഉപഭോക്താക്കളിൽ എത്തിക്കുകയാണ് ഫുഡ് അതോറിട്ടിയുടെ പ്രഥമ കടമ.

നിയമ ലംഘിച്ചാൽ

ശിക്ഷ ഉറപ്പ്

നിയമവിരുദ്ധമായി ഭക്ഷ്യവസ്തുക്കൾ ഉത്‌പാദിപ്പിക്കുന്നവർ, ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർ, അങ്ങനെയുള്ള ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നവർ, കച്ചവടം നടത്തുന്നവർ തുടങ്ങിയവരെ നിയമ വ്യവസ്ഥയ്ക്കു മുന്നിലെത്തിച്ച് ശിക്ഷാനടപടികൾക്ക് വിധേയമാക്കുക എന്നുള്ളതും ഫുഡ് അതോറിട്ടിയുടെ കടമയുടെ ഭാഗമാണ്. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ആർക്കെങ്കിലും നൽകുകയോ, സുരക്ഷിത നിയമങ്ങൾ ലംഘിച്ച് ഭക്ഷ്യവസ്തുക്കൾ സംഭരിച്ചു വയ്ക്കുകയോ, തെറ്റായി ബ്രാൻഡ് ചെയ്യുകയോ ചെയ്താൽ, അങ്ങനെ ഭക്ഷ്യ ഉത്‌പാദനം നടത്തുന്ന വ്യക്തിയും മൊത്ത വ്യാപാരിയും കുറ്റക്കാരാണ്. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വില്ക്കുകയോ, അവ അനാരോഗ്യകരമായി കൈകാര്യം ചെയ്യുകയോ, ഉത്‌പാദകനെയും വിതരണക്കാരനെയും തിരിച്ചറിയാതെ ഭക്ഷ്യവസ്തുക്കൾ വില്പന നടത്തുകയോ ചെയ്താൽ ആ വില്പനക്കാരൻ കുറ്റക്കാരനാണ്.

സുരക്ഷിതമല്ലാത്ത ഭക്ഷ്യ ഉത്‌പന്നങ്ങൾ നിർമ്മിക്കുകയോ വിതരണം ചെയ്യുകയോ വിൽക്കുകയോ ചെയ്യുന്ന (അവ ഉപയോഗിക്കുന്ന ഉപഭോക്താവിന് ക്ഷതം ഏല്പിച്ചില്ലെങ്കിലും) വ്യക്തികൾക്ക്, കുറ്റം തെളിഞ്ഞാൽ മൂന്നുമാസം തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കാം. മേൽപ്പറഞ്ഞ രീതിയിലുള്ള ഭക്ഷ്യസാധനങ്ങൾ ഉപയോഗിച്ച് നിസ്സാര പരിക്ക് ഉപഭോക്താവിനു സംഭവിച്ചാൽ കുറ്റക്കാർക്ക് ഒരു വർഷം വരെ തടവു ശിക്ഷയും മൂന്നുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്നതാണ്. ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തി ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ശിക്ഷിക്കപ്പെടുകയാണെങ്കിൽ, അയാൾ പ്രസ്തുത മേഖലയിൽ പ്രവർത്തിക്കുന്നത് തടഞ്ഞുകൊണ്ട് ബന്ധപ്പെട്ട കോടതിക്ക് വിധി പുറപ്പെടുവിക്കാം. അങ്ങനെയുള്ള വിധി ലംഘിക്കപ്പെട്ടാൽ കുറ്റക്കാരന് മൂന്നുലക്ഷം രൂപ വരെ പിഴ ലഭിക്കാം.

ചില ഭക്ഷ്യവസ്തുക്കൾ അടിയന്തരമായി നിരോധിച്ചില്ലെങ്കിൽ അപകടത്തിന് സാദ്ധ്യതയുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷണർക്ക് ബോദ്ധ്യപ്പെട്ടാൽ, അവയുടെ ഉത്‌പാദനവും വിതരണവും വില്പനയും അടിയന്തരമായി നിറുത്തിവയ്ക്കുന്നതിന് ഉത്തരവു നൽകാനും ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് അധികാരമുണ്ട്. ഈ ഉത്തരവ് ലംഘിച്ചാൽ ലംഘിക്കുന്ന വ്യക്തിക്ക് രണ്ടുവർഷം വരെ തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന് ഏത് ഭക്ഷ്യവസ്തുവിന്റെയും 'സാമ്പിൾ" പരിശോധനയ്ക്ക് എടുക്കുകയോ, നിയമവിരുദ്ധ ഭക്ഷ്യോത്പന്നങ്ങൾ പിടിച്ചെടുക്കുകയോ ചെയ്യാം. മാത്രമല്ല, ഭക്ഷ്യോത്പാദന സ്ഥലം, അവ ശേഖരിക്കുന്ന സ്ഥലം, വില്പന നടത്തുന്ന സ്ഥലം എന്നിവ പരിശോധിച്ച് മേൽ നടപടി സ്വീകരിക്കാവുന്നതുമാണ്.

വ്യാജ പരാതികളും

നിലനിൽക്കില്ല

അതേസമയം, ഭക്ഷ്യോത്പാദകൻ തുടങ്ങി വില്പനക്കാരൻ വരെയുള്ളവരെ ഉപദ്രവിക്കണമെന്ന ദുരുദ്ദേശ്യത്തോടെയോ, ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചോ, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥൻ നടപടികൾ സ്വീകരിച്ചതായി തെളിഞ്ഞാൽ അങ്ങനെയുള്ള ഉദ്യോഗസ്ഥന് ഒരുലക്ഷം രൂപ വരെ പിഴയായി ലഭിക്കാവുന്നതാണ്. അതുപോലെ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനെതിരെ നൽകുന്ന പരാതി കള്ളമെന്നു തെളിഞ്ഞാൽ അങ്ങനെയുള്ള പരാതിക്കാരന് ഒരുലക്ഷം രൂപ വരെ പിഴയായി ലഭിക്കാവുന്നതുമാണ്. നിയമപ്രകാരം നിശ്ചിത നിലവാരം പുലർത്താത്ത ഭക്ഷ്യവസ്തുക്കൾ ഉത‌്പാദിപ്പിക്കുകയോ, ശേഖരിക്കുകയോ, വിതരണം ചെയ്യുകയോ, ഇറക്കുമതി ചെയ്യുകയോ ചെയ്യുന്ന വ്യക്തിക്ക് അഞ്ചു ലക്ഷം രൂപ പിഴയായി നൽകേണ്ടിവരും.

മേൽപ്പറഞ്ഞ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചതു മൂലം ഏതെങ്കിലും വ്യക്തിക്ക് ആരോഗ്യത്തിന് ഹാനികരമായ പ്രശ്നങ്ങൾ ഉണ്ടായാൽ ഭക്ഷ്യോത്പാദകൻ മുതൽ വില്പനക്കാരൻ വരെയുള്ളവർക്ക് ഒരു വർഷം തടവുശിക്ഷയും മൂന്നുലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാം. സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിച്ച് ഒരു വ്യക്തി മരണപ്പെട്ടാൽ ഉത്‌പാദകൻ തുടങ്ങി വില്പനക്കാരൻ വരെയുള്ളവർ ജീവപര്യന്തം തടവിനും 10 ലക്ഷം രൂപ വരെ പിഴശിക്ഷയ്ക്കും വിധേയരാകും. ഭക്ഷ്യവസ്തുക്കളുടെ പരസ്യങ്ങൾ ഭക്ഷ്യ നിയമങ്ങൾക്ക് വിധേയമായേ പാടുള്ളൂ. അധാർമ്മികമായ വ്യാപാര പരസ്യങ്ങൾ പാടില്ല. ഭക്ഷ്യവസ്തുവിന്റെ മേന്മയെക്കറുച്ച് തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായതുമായ പരസ്യം നൽകുകയോ തെറ്റായ ഗ്യാരണ്ടികൾ നൽകുകയോ ചെയ്താൽ 10 ലക്ഷം രൂപ വരെയാണ് പിഴ ശിക്ഷ.

കൃത്രിമങ്ങളിൽ പലതും ഒരു സാധാരണ ഉപഭോക്താവിന് കണ്ടുപിടിക്കാൻ കഴിയുന്നതാവില്ലെങ്കിലും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ, സാമൂഹിക സംഘടനകൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥ വിഭാഗം, മാദ്ധ്യമങ്ങൾ തുടങ്ങിയവ മനസുവച്ചാൽ ഭക്ഷ്യമേഖലയിലെ പല പോരായ്മകളും ഒരു പരിധിവരെ ലഘൂകരിക്കുവാനും നിയന്ത്രിക്കുന്നതിനും സാധിക്കും. ഭക്ഷ്യസുരക്ഷയിൽ വീഴ്ച വരുത്തുന്നതിന് കഠിനമായ ശിക്ഷാ നടപടികൾ പ്രാബല്യത്തിൽ വരുത്തുകയും വേണം. മികച്ചതും സുരക്ഷിതവുമായ ഭക്ഷ്യവസ്തുക്കൾ ലഭ്യമാകണമെങ്കിൽ ഉപഭോക്താക്കൾ ഉണർന്നെഴുന്നേറ്റ് ഈ മഹാവിപത്തിനെതിരെ പോരാടുക തന്നെ വേണം.

TAGS: FOOOD, SAFETY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.