പാലക്കാട്: പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ച് മരണപ്പെട്ടയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. നിപ ലക്ഷണങ്ങളോടെ മരിച്ച മണ്ണാർക്കാട് സ്വദേശിയായ അമ്പത്തിയെട്ടുകാരന്റെ റൂട്ട് മാപ്പാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ടത്. പനിയും ശ്വാസതടസവുമായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇദ്ദേഹത്തിന് നിപ സ്ഥിരീകരിച്ചത്. വിശദമായ പരിശോധനയ്‌ക്കായി സാംപിൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഒരാഴ്‌ച മുമ്പ് മണ്ണാർക്കാട്ടെ രണ്ട് സ്വകാര്യ ആശുപത്രികളിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. കടുത്ത ശ്വാസതടസത്തോടെ വെള്ളിയാഴ്ച വൈകിട്ടാണ് മണ്ണാർക്കാട്ട് നിന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാൽ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ കിടത്തിയാണ് ചികിത്സിച്ചത്. ഞായറാഴ്‌ച ഉച്ച കഴിഞ്ഞായിരുന്നു സംസ്‌കാരം. അടുത്ത ബന്ധുക്കളും ആരോഗ്യപ്രവർത്തകരുമാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്.
പ്രാഥമികമായി നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കുമരംപത്തൂർ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. രോഗിയുമായി നേരിട്ട് സമ്പർക്കത്തിലുണ്ടായിരുന്നവരോട് നിരീക്ഷണത്തിലിരിക്കാൻ നിർദേശം നൽകി. ചികിത്സിച്ച ഡോക്‌ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരോടും ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. രോഗത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |