SignIn
Kerala Kaumudi Online
Monday, 21 July 2025 1.12 PM IST

ഉമ്മൻചാണ്ടി ഓർമ്മയായിട്ട് രണ്ടു വർഷം, ഒരു മനുഷ്യൻ ചരിത്രമാകുന്നത്...

Increase Font Size Decrease Font Size Print Page
as

'സരിത വിഷയത്തിൽ ഉമ്മൻചാണ്ടിക്കു നേരെ ഉയർത്തപ്പെട്ട അടിസ്ഥാനരഹിതമായ ലൈംഗിക ആരോപണത്തിന് അന്ന് ദേശാഭിമാനിയിൽ കൺസൾട്ടിംഗ് എഡിറ്റർ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ട് മൗനത്തിലൂടെ ഞാൻ നൽകിയ അധാർമിക പിന്തുണയിൽ ഞാനിന്ന് ലജ്ജിക്കുന്നു. ഇത് പറയാൻ ഒ.സിയുടെ മരണം വരെ ഞാൻ എന്തിന് കാത്തിരുന്നു എന്ന ചോദ്യം ന്യായം. ഒരു മറുപടിയേ ഉള്ളൂ. നിങ്ങൾക്ക് മനഃസാക്ഷിയുടെ വിളി എപ്പോഴാണ് കിട്ടുകയെന്ന് പറയാനാവില്ല. ക്ഷമിക്കുക."- സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ കൺസൾട്ടിംഗ് എഡിറ്റർ ആയിരുന്ന എൻ. മാധവൻകുട്ടി ഉമ്മൻചാണ്ടി സാറിന്റെ വിയോഗ വാർത്തയ്ക്കു പിന്നാലെ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റാണിത്.

ഉമ്മൻ ചാണ്ടിക്കെതിരെ നികൃഷ്ടമായ ആരോപണം ഉന്നയിക്കപ്പെട്ടതിനു പിന്നിൽ രാഷ്ട്രീയ എതിരാളികളുടെ ഗൂഢാലോചന ഉണ്ടായിരുന്നുവെന്ന തുറന്നുപറച്ചിലാണ് ഇത്. ആരോപണവിധേയയായ ഒരു സ്ത്രീയിൽ നിന്ന് മൊഴി എഴുതിവാങ്ങിയാണ് ഉമ്മൻചാണ്ടിക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരെ സി.ബി.ഐ അന്വേഷണം നടത്തിയത്. ആ കേസിന്റെ ഗതിയും വിധിയും എന്തായി? കണക്കു ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ലെന്നത് ഒരു പ്രകൃതി നിയമമാണ്. ഉമ്മൻചാണ്ടി ഇല്ലാത്ത രണ്ടാം വർഷത്തിലും ഞാൻ അത് ആവർത്തിക്കുന്നു; കണക്കു ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ല.

രോഗം തളർത്തിയ കാലത്തു പോലും ഉമ്മൻചാണ്ടിക്കു പിന്നാലെ വേട്ടപ്പെട്ടിയെപ്പോലെ ചിലർ പിന്തുടർന്ന് ആക്രമിച്ചു. എന്നാൽ കെണിവച്ച് പിടിക്കാൻ നോക്കിയപ്പോഴും പുഞ്ചിരി മാത്രമായിരുന്നു ആ മനുഷ്യന്റെ മറുപടി. തെറ്റ് ചെയ്തിട്ടില്ലെന്ന ഉറച്ച വിശ്വാസം ഉമ്മൻചണ്ടിയുടെ ചങ്കുറപ്പ് കൂട്ടിക്കൊണ്ടേയിരുന്നു. ഒടുവിൽ സത്യം ജയിക്കുന്നതും കണ്ട ശേഷമാണ് ഉമ്മൻ ചാണ്ടി മടങ്ങിയത്. ഉമ്മൻചാണ്ടി എന്ന ജനനേതാവിന്റെ രാഷ്ട്രീയ ചരിത്രം കേരളത്തിന്റെ തന്നെ രാഷ്ട്രീയ ചരിത്രമാണ്. ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയുള്ള ഒരു രാഷ്ട്രീയ ചരിത്രവും ഏഴ് ദശാബ്ദത്തോളം കേരളത്തിലുണ്ടായിട്ടില്ല.

ഉമ്മൻചാണ്ടിയെക്കുറിച്ച് ഓരോ മനുഷ്യർക്കും ഓരോരോ കഥകളും അനുഭവങ്ങളും പറയാനുണ്ടാകും. കണ്ടുമുട്ടുന്ന ജീവിതങ്ങളിൽ, അവരുടെ പ്രതിസന്ധികളിൽ നടത്തിയ ഇടപെടലുകളായിരുന്നു ഉമ്മൻചാണ്ടിയെന്ന നേതാവിന്റെ രാഷ്ട്രീയ ജീവിതം. അത് അദ്ദേഹത്തിന് ദൈനംദിന ജീവിതത്തിന്റെ ഭാഗവുമായിരുന്നു. ആൾക്കൂട്ടമായിരുന്നു അദ്ദേഹത്തിന്റെ ഊർജ്ജം. ആൾക്കൂട്ടമില്ലാത്ത ഉമ്മൻചാണ്ടിയെന്നത് കരയ്ക്കു പിടിച്ചിട്ട മീനിനെപ്പോലെ ശ്വാസംമുട്ടും. സാധാരണക്കാർക്കൊപ്പം ചേർന്നുനിൽക്കാനാണ് ഉമ്മൻചാണ്ടി എപ്പോഴും ആഗ്രഹിച്ചിരുന്നത്. ജനസമ്പർക്ക പരിപാടിക്കു പിന്നാലെ സാധാരണക്കാർക്ക് സഹായമെത്തിക്കാൻ തടസമായി നിന്ന നിയമത്തിന്റെ നൂലാമാലകൾ ഇല്ലാതാക്കാൻ 43 സർക്കാർ ഓർഡറുകളാണ് അദ്ദേഹം പുറത്തിറക്കിയത്.

അർഹതയുള്ള ആരെയും സഹായിക്കാൻ നിയമപരമായ ഒരു തടസവും ഉമ്മൻചാണ്ടിക്ക് ഒരു കാലത്തും വിലങ്ങു തടിയായിട്ടില്ല. ജീവിതത്തിലെ എന്ത് പ്രതിസന്ധിയും പരിഹരിക്കുന്നതിന് സ്വന്തം കുടുംബാംഗത്തെപ്പോലെ സമീപിക്കാവുന്ന ഒരാൾ. ഏത് പ്രതിസന്ധിയിലും സാദ്ധ്യമായ എന്തു സഹായവും ചെയ്തുതരുന്ന ഉമ്മൻചാണ്ടി ഉണ്ടെന്നത് എല്ലാ മലയാളികളുടെയും ധൈര്യമായിരുന്നു. ഉമ്മൻചാണ്ടിയെ ഒരിക്കലെങ്കിലും കണ്ടിട്ടില്ലാത്തവരോ ഉമ്മൻചാണ്ടി എത്തിച്ചേർന്നിട്ടില്ലാത്ത സ്ഥലങ്ങളോ കേരളത്തിൽ ഇല്ലെന്നുതന്നെ പറയാം. ഒരു രാഷ്ട്രീയ നേതാവിനും മാതൃകയാക്കാൻ പറ്റാത്ത അസാധാരണ രാഷ്ട്രീയ ജീവിതമായിരുന്നു അത്. ഇങ്ങനെ ഒരു രാഷ്ട്രീയ നേതാവ് കേരളത്തിൽ ജീവിച്ചിരുന്നുവെന്ന് വരാനിരിക്കുന്ന തലമുറകൾക്ക് വിസ്മയത്തോടു കൂടി മാത്രമെ വിശ്വസിക്കാനാകൂവെന്ന് എനിക്ക് ഉറപ്പുണ്ട്.

സ്മാർട്ട് സിറ്റി, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവളം, കാരുണ്യ ചികിത്സാ പദ്ധതി, ശ്രുതിതരംഗം, വയോമിത്രം, ആരോഗ്യകിരണം പദ്ധതികൾ, ഒരു രൂപയ്ക്ക് അരി, ഭൂരഹിതർക്ക് മൂന്നു സെന്റ് ഭൂമി, എല്ലാ മണ്ഡലങ്ങളിലും സർക്കാർ മേഡിക്കൽ കോളേജുകൾ, ദിവസം 19 മണിക്കൂർ വരെ നീളുന്ന ജനസമ്പർക്ക പരിപാടി... ഒടുവിൽ മികച്ച ഭരണനിർവഹണത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരവും. ഒരു ദുരാരോപണങ്ങൾക്കു മുന്നിലും കീഴടങ്ങാൻ തയ്യാറാകാത്ത ഉമ്മൻചാണ്ടി എന്ന ഭരണാധികാരിയുടെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. വിഴിഞ്ഞം പദ്ധതി കടൽക്കൊള്ളയും 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് കച്ചവടവുമാണെന്ന് ആരോപണം ഉന്നയിച്ച് വഴിമുടക്കികളും കാഴ്ചക്കാരുമായി നിന്നവരാണ് ഇന്ന് വിഴിഞ്ഞം, മെട്രോ റെയിൽ ഉൾപ്പെടെയുള്ള പദ്ധതികളുടെ പിതൃത്വം ഏറ്റെടുത്തത്.

ലോകത്തിന്റെ ഏതു കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു,​ ആ പേര്. സാന്ത്വനവും പ്രതീക്ഷയുമായിരുന്നു. തീക്ഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളിൽ അടിപതറാതെ ആ പുതുപ്പള്ളിക്കാരൻ ജ്വലിച്ചു നിന്നു. കീറൽ വീണ ഖദർ ഷർട്ടിന്റെ ആർഭാടരാഹിത്യമാണ് ഉമ്മൻചാണ്ടിയെ ആൾക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയത്. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മൻചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ല. അധികാരത്തിന്റെ ഉയരങ്ങളിൽ ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിച്ചതുമില്ല. അക്ഷരാർത്ഥത്തിൽ ഉമ്മൻചാണ്ടി ജനങ്ങൾക്ക് സ്വന്തമായിരുന്നു. ഉമ്മൻചാണ്ടിയെപ്പോലെ മറ്റൊരാളില്ല. കേരളത്തിന്റെ ജനനായകൻ യാത്രയായിട്ട് രണ്ടു വർഷമായി. രണ്ടുവർഷം മുൻപ് ഒരു ബസിൽ പുതുപ്പള്ളി ഹൗസിൽ നിന്ന് ദർബാർ ഹാളും കഴിഞ്ഞ്,​ ജീവന്റെ ഭാഗമായിരുന്ന ഇന്ദിരാഭവനോട് വിട പറഞ്ഞ് ഉമ്മൻചാണ്ടി സാർ തിരുവനന്തപുരത്തുനിന്ന് മടങ്ങി.
ആൾക്കൂട്ടത്തെ ആഘോഷമാക്കിയഉമ്മൻ ചാണ്ടി, അതേ ആൾക്കൂട്ടത്തെ കണ്ണീരണിയിച്ച് മടങ്ങി. നിശബ്ദ നൊമ്പരത്തോടെ ഞാനടക്കം അനുഗമിച്ചു. ആയിരങ്ങളുടെ, പതിനായിരങ്ങളുടെ, ലക്ഷങ്ങളുടെ സ്‌നേഹവും ആദരവും ഏറ്റുവാങ്ങിയുള്ള ഒരു യഥാർത്ഥ ജനനായകന്റെ മടക്കം. ആശ്രയം തേടി വന്നവരോട്, ഫോണിന്റെ മറുതലയ്ക്കൽ ഉള്ളവരോട് ജാതി ഏതെന്നോ രാഷ്ട്രീയം ഏതെന്നോ,​ ചിലപ്പോൾ പേര് എന്തെന്നുപോലുമോ അദ്ദേഹം ചോദിച്ചില്ല. ആവശ്യം മാത്രം കേട്ടു. പരിഹാരം ഉണ്ടാക്കി. അങ്ങനെയാണ് ഉമ്മൻചാണ്ടി സ്വർണലിപികളാൽ ആലേഖനം ചെയ്യപ്പെട്ടത്. അതുകൊണ്ടാണ് പാതയോരങ്ങൾ നിറഞ്ഞു കവിഞ്ഞത്. അതുകൊണ്ടാണ് സാധാരണക്കാർ കണ്ണീരണിഞ്ഞത്. അതുകൊണ്ടു മാത്രമാണ് മറ്റാർക്കും കിട്ടാത്തൊരു യാത്രഅയപ്പ് ഉമ്മൻചാണ്ടിക്കു മാത്രം കിട്ടിയത്. അങ്ങനെയാണ് ഉമ്മൻചാണ്ടി എന്ന പേരും ഒ.സി എന്ന വിളിപ്പേരും ചരിത്രമായത്. ഓർമ്മകൾക്കു മുന്നിൽ പ്രണാമം.

TAGS: OMMENCHANDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.