SignIn
Kerala Kaumudi Online
Monday, 21 July 2025 1.13 PM IST

ക്ഷുഭിത യൗവനങ്ങൾ ആകണോ ഞങ്ങൾ !

Increase Font Size Decrease Font Size Print Page
dsa

യൗവനം ക്ഷുഭിതമാണെന്ന് അടുത്തിടെ മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫ. പി.ജെ. കുര്യൻ വെളിപ്പെടുത്തിയിരിക്കുന്നു. തിരുവനന്തപുരത്തെ കേരള സർവകലാശാല ആസ്ഥാനം എസ്.എഫ്.ഐ പ്രവർത്തകർ കയ്യേറിയതു കണ്ടാണ് കുര്യൻ സാർ ഇങ്ങനെ പറഞ്ഞത്. അദ്ദേഹം പറഞ്ഞത് നൂറുശതമാനം ശരിയാണ്. ക്ഷുഭിത യൗവ്വനത്തിന്റെ വികാരങ്ങൾ മനസിലാക്കുന്നതിൽ എസ്.എഫ്.ഐയ്ക്കും ഡി.വൈ.എഫ്.ഐയ്ക്കുമുള്ള കഴിവിനോളം യൂത്ത് കോൺഗ്രസോ യുവമോർച്ചയോ എത്തിയിട്ടില്ല. ഇടതുമുന്നണി ഭരിച്ചു തുടങ്ങുമ്പോഴും ഇടതുയൗവ്വനങ്ങൾ ക്ഷുഭിതരായിരുന്നു. പക്ഷെ, പൊട്ടിത്തെറിക്കാൻ വിഷയങ്ങളാെന്നും കിട്ടിയിരുന്നില്ല. അതിനിടെയാണ് സെനറ്റ് ഹാളിൽ ഗവർണറുടെ ചടങ്ങിൽ ഭാരതാംബയുടെ ചിത്രം വച്ചതിന്റെ പേരിൽ വിവാദമുണ്ടായത്. എസ്.എഫ്.ഐയുടെ ക്ഷുഭിത യൗവനങ്ങളെ തെരുവിലിറക്കാൻ ഇതിലും നല്ലൊരു വിഷയമില്ലെന്നു കണ്ടു. എൻജിനീയറിംഗ് പ്രവേശനം ആകെ കുളം തോണ്ടിയപ്പോൾ ഭാവി അനിശ്ചിതത്വത്തിലായ പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ പ്രശ്നങ്ങളൊന്നും ഇവിടെ വിഷയമായില്ല. വിദ്യാർത്ഥികളുമായി ഒരു ബന്ധവുമില്ലാത്ത ഭാരതാംബ വിവാദം ആളിക്കത്തിച്ചു. സർവകലാശാല ആസ്ഥാനം അടിച്ചു തകർത്തു. വി.സിയുടെ കയ്യും വെട്ടും കാലുംവെട്ടും വേണമെങ്കിൽ തലയും വെട്ടും എന്ന് ആക്രോശിച്ച് ക്ഷുഭിത യൗവനങ്ങൾ ഉറഞ്ഞാടി. അപ്പോഴാണ് കുര്യൻ സാറിന് ദേഷ്യം വന്നത്.

കുണ്ഠിതനായ

കുര്യൻസാർ

യൂത്ത് കോൺഗ്രസിലെ ക്ഷുഭിത യൗവനങ്ങൾ ഉറങ്ങുകയാണോ? ഹേ യൂത്തുകാരെ, നിങ്ങൾ എസ്.എഫ്.ഐയെ കണ്ട് പഠിക്കൂ. അവരെ മാതൃകയാക്കൂ എന്ന് ശാസിച്ച് പഴയ കോളേജ് അദ്ധ്യാപകൻ കൂടിയായ കുര്യൻ സാർ ക്ളാസിൽ കയറി. പക്ഷെ, ആരുണ്ട് കേൾക്കാൻ. ചാനലുകാർ വളർത്തിയെടുത്തതാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനെ. രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലുമൊക്കെ താഴെത്തട്ടിൽ നിന്ന് തല്ലുകൊണ്ട് വളർന്നവരാണ്. അവരുടെ പാരമ്പര്യം കാക്കേണ്ടവർ എ.സി മുറികളിലിരുന്ന് ക്ഷുഭിതരാകുന്നതു കണ്ടാണ് കുര്യൻ കുണ്ഠിതനായത്.

പത്തനംതിട്ടയിലെ കോൺഗ്രസ് സമര സംഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെ വേദിയിലിരുത്തിയാണ് കുര്യൻ യൂത്ത് കോൺഗ്രസിനെ വിമർശിച്ച് സംസാരിച്ചത്. രണ്ടു ദിവസം കഴിഞ്ഞാണ് പ്രസംഗം പുറത്തുവന്നത്. എസ്.എഫ്.ഐ ക്ഷുഭിത യൗവനത്തെ കൂടെ നിറുത്തുകയാണെന്നും യൂത്ത് കോൺഗ്രസ് നേതാക്കളെ ടി.വിയിൽ കാണാമെന്നുമാണ് കുര്യൻ പറഞ്ഞത്. യൂത്ത് കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റുണ്ട്. അദ്ദേഹത്തെ വല്ലപ്പോഴുമൊക്കെ ടി.വിയിൽ കാണും. എന്തുകൊണ്ട് ഓരോ മണ്ഡലത്തിലും പോയി ചെറുപ്പക്കാരെ വിളിച്ചുകൂട്ടുന്നില്ല. ഒരു മണ്ഡലത്തിൽ ഇരുപത്തിയഞ്ച് പേരെ എങ്കിലും വിളിച്ചുകൂട്ടാനാകണം. എസ്.എഫ്‌.ഐയുടെ സമരം നിങ്ങൾ കണ്ടില്ലേ. യൂണിവേഴ്സിറ്റിയിൽ ചെന്ന്, അഗ്രസീവായ യൂത്തിനെ അവർ അവരുടെ കൂടെനിറുത്തുന്നുവെന്നും കുര്യൻ ഓർമ്മിപ്പിച്ചു. കുര്യന്റെ വാക്കുകൾ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചപ്പോഴാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ഉണർന്നത്. കുര്യന്റെ കുത്ത് വേദനിപ്പിച്ചത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തലിനെയാണ്. സംസ്ഥാന പ്രസിഡന്റായതു കൊണ്ടു മാത്രമല്ല. ചാനൽ ചർച്ചകളിലെ സ്ഥിരം മുഖങ്ങളിലൊന്ന് താനായതുകൊണ്ടാകും കുര്യൻ നോവിച്ചതെന്ന് രാഹുലിന് ഒരു വിങ്ങലുണ്ടായി. യൂത്ത് കോൺഗ്രസിന് ആരുടെയും സർട്ടിഫിക്കറ്റ് വേണ്ടെന്ന രാഹുലിന്റെ മറുപടിയിൽ ഗുരുനിന്ദ കണ്ടിട്ടാകണം കുര്യൻ പിന്നെയും തന്റെ നിലപാട് ആവർത്തിച്ചു. യൂത്ത് കോൺഗ്രസ് കഴിഞ്ഞ ഒൻപതര വർഷമായി പിണറായി സർക്കാരിനെതിരെ സമരത്തിലാണെന്നും കണ്ണുള്ളവർ കാണട്ടെ, കാതുള്ളവർ കേൾക്കട്ടെയെന്നും രാഹുൽ തിരിച്ചടിച്ചെങ്കിലും അധികം കയ്യടി കിട്ടിയില്ല. മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല കുര്യനെ പിന്തുണച്ചത് തന്റെ കാലത്തെ സമര പോരാട്ടങ്ങൾ ഓർമിച്ചാണ്.

തല്ലരുത് കുട്ടികളേ

രാഹുലിന് പിന്നാലെ പുതിയ യൂത്ത് കോൺഗ്രസുകാർ കുര്യനെതിരെ ക്ഷുഭിത യൗവനങ്ങളാകുന്നതാണ് പിന്നീടു കണ്ടത്. കുര്യൻ മാങ്കൂട്ടത്തിലാണ് കല്ലെറിഞ്ഞത്. ഇളകിയത് കാക്കക്കൂട്ടങ്ങളാണ്. ബഹുമാന്യനായ കുര്യൻ സാർ എന്നാണ് തങ്ങൾ ഇതുവരെ വിളിച്ചതെന്നും ഇനിയങ്ങനെ വിളിക്കില്ലെന്നും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിതിൻ കുറിച്ചു. ഇന്നേവരെ പൊലീസിന്റെ ഒരു പിടിച്ചുതള്ളലെങ്കിലും കുര്യന് കിട്ടിയിട്ടുണ്ടോ എന്നു ചോദിക്കുന്നു. വനിതാ നേതാക്കളും കുര്യനെതിരെ ക്ഷുഭിത യൗവനങ്ങളായി.

പി.ജെ കുര്യന്റെ വിമർശനങ്ങൾ സദ്ദുദേശത്തോടെയാണെന്ന് പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഇപ്പോൾ തീർപ്പ് കൽപ്പിച്ചിരിക്കുകയാണ്. എക്കാലവും കോൺഗ്രസിനെയും പോഷക സംഘനകളെയും സഹായിച്ചും പ്രോത്സാഹിപ്പിച്ചും പോന്നിട്ടുള്ള കുര്യൻ സാറിന്റെ വാക്കുകൾ അദ്ധ്യാപകന്റെ ഉപദേശമായി കേൾക്കണമെന്ന് പറഞ്ഞ കൊച്ചുപറമ്പിലിനെ യൂത്തൻമാർ വീട്ടുപറമ്പിലിട്ടു വളയാതിരുന്നത് ഭാഗ്യം. ന്യൂജൻ തലമുറയ്ക്ക് മുന്നിൽ ആരും അമ്മാവൻ കളിക്കാൻ വരേണ്ടെന്നാണ് മാങ്കൂട്ടൻമാരുടെ നിലപാട്. ഇക്കാലത്ത് മുതിർന്നവർ ഇങ്ങോട്ടു വാ എന്നു വിളിച്ചാൽ കേൾക്കാൻ മനസില്ലാതെ പുറംതിരിഞ്ഞു പോകുന്നതാണ് ശൈലി.

യൗവനം ക്ഷുഭിതരാണ്. ഇടതു സർക്കാർ ഭരിക്കുമ്പോൾ പൊലീസിനെ ഇടിച്ചുകളഞ്ഞ് സർവകാലാശാല അടിച്ചു തകർക്കാൻ എസ്.എഫ്.ഐയ്ക്ക് ആകും. പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസ് നേതാക്കൾ നോക്കി പേടിപ്പിച്ചാൽ കെ.പി.സി.സി ഓഫീസ് ഇടിച്ചുനിരത്താനുള്ള ആവേശം യൂത്ത് കോൺഗ്രസിനുമുണ്ടാകും. അതുകൊണ്ട് കുര്യൻ സാറുൻമാർ രഘുപതി രാഘവ... പാടി മിണ്ടാതെ മൂലയ്ക്ക് ഇരിക്കുന്നതാകും നല്ലത്. ഖദർ കളഞ്ഞ് കളർ ഇടുന്നതാണ് പുതിയ യൂത്ത് കോൺഗ്രസ് നയം.

TAGS: S4
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.