കൊല്ലം കുളക്കട ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ ചീഫ് മെഡിക്കൽ ഓഫീസറും ആറ്റിങ്ങൾ സ്വദേശിയുമായ ഡോ. ഷീബ രജികുമാർ പരിഭാഷപ്പെടുത്തിയ 100 ലോക കവിതകളുടെ സമാഹാരമാണ് 'എങ്കിലും എന്റെ നിഴലെവിടെ? " മലയാളത്തിലേക്ക് നേരത്തേ തന്നെ മനോഹരമായി പരിഭാഷപ്പെടുത്തപ്പെട്ടവയെ ഒഴിവാക്കിയാണ് കവിതകൾ തിരഞ്ഞെടുത്തതെന്ന് പരിഭാഷക പറയുന്നു. പദാനുപദ വിവർത്തനമല്ല, ആശയം ചോർന്നുപോയിട്ടുമില്ലെന്ന സാക്ഷ്യം സത്യസന്ധമാണെന്ന് വായനയിൽ ബോദ്ധ്യമാകും.
പരിചിതമായ ആസ്വാദന തലത്തിലുപുരി, പരിഭാഷയിൽ നിന്ന് പ്രതീക്ഷിക്കുന്ന അനുഭൂതി ഇതിലെ 'നിഴലുകൾ" തരുന്നുണ്ട്. നിഴലിനെ പിടികൂടാനോ വിശദീകരിക്കാനോ ആകില്ലെന്നിരിക്കെ, എഴുത്തിലൂടെ അത് സാദ്ധ്യമാക്കുകയാണ് ഇവിടെ. എഴുത്ത് ചുവരുകളെ തകരുന്നതിൽ നിന്ന് തടയുന്നു. അത് കവർച്ചാ സംഘങ്ങൾ വളയുന്നത് തടയുന്നു. അത് ഇരുളിനെ തകർക്കുന്നു (എഴുത്ത് : ചാൾസ് ബ്യുക്കോവ്സ്കി). എഴുത്ത് അവസാനത്തെ പ്രതീക്ഷയും വിശദീകരണവുമാണെന്ന് ഡോ. ഷീബയും കരുതുന്നു.
ജീവിതത്തിന്റെ ആസക്തി- വിരക്തികളെ ആവിഷ്കരിക്കുന്ന മായ ആഞ്ചലോയുടെ 'ആണുങ്ങൾ" പോലുള്ള കവിതകൾ ശ്രദ്ധേയങ്ങളാണ്. പതിനഞ്ചാം വയസിൽ ആണുങ്ങൾക്കായി ദാഹിച്ച്, ജനാലയ്ക്കരികെ നിന്നവൾ പിൽക്കാലത്ത്, വെറുതേ ആണുങ്ങളെ നിരീക്ഷിക്കുക മാത്രം ചെയ്യുന്ന നിസംഗയാകുന്നു. സംഗം മാത്രമല്ല, നിസംഗതയും സൗന്ദര്യമാണ്. അകംതൊടുന്ന ഇതേ നിസംഗത ഇവരുടെതന്നെ 'എന്നെക്കുറിച്ചോർത്തിടുമ്പോൾ" എന്ന കവിതയിലുമുണ്ട്. 'പൊട്ടിച്ചിരിച്ചു മരിക്കയാണിന്നുഞാ, നെന്നെക്കുറിച്ചോർത്തിടുമ്പോൾ" എന്ന് കവി. വമ്പനൊരു ഫലിതമായി കവിജീവിതം മാറിയെങ്കിലും നട്ടുനനച്ചവർ പാഴ് ത്തൊലി തിന്നുന്നതു കാണുമ്പോൾ കരഞ്ഞുപോകുന്നു.
ഒന്നിലും താനില്ലെന്നു കരുതി, ഒടുവിൽ എല്ലാറ്റിനെയും തന്നിൽത്തന്നെ കണ്ടെത്തുന്ന മെഹ്‌മൂദ് ദാർവിഷിന്റെ 'പാസ്പോർട്ട്", വീണുകിടക്കുന്ന സെെപ്രസ് മരത്തിന്റെ സത്യം വെളിപ്പെടുത്തുന്ന 'സെെപ്രസ് ഒടിഞ്ഞുവീണു" പോലുള്ള കവിതകളും ശ്രദ്ധേയം. മലയാളകാവ്യ പാരമ്പര്യത്തിലൂന്നി താളബദ്ധമായതാണ് ഭൂരിഭാഗം പരിഭാഷകളും. ടഗോർ, തൊമസ് ഗുസ്ത ത്രാൻസ്ത്രോമെർ, റെയ്നർ മരിയ റിൽക്ക, ഫായ്സ് എഹ്‌മദ് ഫായ്സ് തുടങ്ങിയവരുടെയും കവിതകളുണ്ട്. ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് മൂലകൃതി വായിക്കുകയും ചെയ്യാം.
പ്രസാധകർ:
പായൽ ബുക്സ്
വില: 220 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |