''സ്വന്തം നിലയിൽ ന്യായീകരിക്കാൻ കാരണങ്ങൾ പലതുണ്ടെങ്കിലും, മറ്റൊരു വ്യക്തിയോട് മോശപ്പെട്ട നിലയിൽ പെരുമാറുകവഴി, സമൂഹത്തിൽ കൂടുതൽ മോശക്കാരാകുന്നത് ആരാണെന്ന് സ്വയം വിലയിരുത്തിയിട്ടുണ്ടോ? ഇതുവരെയും അത്തരമൊരു വിലയിരുത്തൽ നടത്തിയിട്ടില്ലെങ്കിൽ, ഇനിയൊരു നിമിഷം പോലും വൈകിക്കരുത്! ഈ സ്വഭാവം ശീലമാക്കിയവർ, സമൂഹത്തിൽ ഇനിയും കൂടുതൽ മോശക്കാരാകണ്ട എന്നൊരു ആഗ്രഹം എനിക്കുള്ളതുകൊണ്ടാണ്! ജീവിതത്തിൽ ഇന്നോളം ആരെയും ചീത്ത പറഞ്ഞിട്ടില്ലാത്ത, ആരെങ്കിലും ഉണ്ടാകുമോ? അപ്പോൾ, സ്വാഭാവികമായും ഏതു പ്രായക്കാരെ ഉദ്ദേശിച്ചാണ് 'ജീവിതത്തിൽ" എന്നു ഞാൻ പറഞ്ഞത് എന്നൊരു മറുചോദ്യം പ്രസക്തമാണല്ലോ? ഏതായാലും, ചെറിയ കുഞ്ഞുങ്ങളുടെ കാര്യമല്ല ഞാൻ പറഞ്ഞത്, കുഞ്ഞുങ്ങൾ, കുറച്ചുകാലം കൂടി, കുഞ്ഞുങ്ങളായിതന്നെ കഴിഞ്ഞോട്ടെ! സംശുദ്ധമായ നിഷ്ക്കളങ്കത അവരിൽ നിലനില്ക്കട്ടെ. അതുകഴിഞ്ഞാൽ പിന്നെ, അപ്രകാരം കഴിയാൻ സാധിക്കുമോ?"" ഉറ്റബന്ധുക്കളെയും, ആത്മമിത്രങ്ങളെയും, ജീവനുതുല്യം സ്നേഹിക്കുന്നവരേയുമൊക്കെ ആക്ഷേപിച്ചും, ചീത്ത പറഞ്ഞും ശീലിച്ചുപോയവർക്ക് ഒരു സ്വയം തിരുത്തലിന് അവസരം നൽകി, ഏറ്റവും മോശപ്പെട്ടൊരു സ്വഭാവത്തിൽ നിന്നുമോചനമാകട്ടെയെന്ന നല്ല ലക്ഷ്യത്തോടെയാണ് പ്രഭാഷകൻ സംസാരിക്കുന്നതെന്ന് ബോദ്ധ്യപ്പെട്ടതിനാൽ, തുടർന്നുള്ള വാക്കുകൾക്ക് സദസ്യർ കാതോർത്തു. തന്റെ വാക്കുകളെ, ഗൗരവമായി സദസ്യർ ഉൾക്കൊള്ളുന്നുണ്ടെന്ന സംതൃപ്തിയോടെ, എല്ലാവരേയും വാത്സല്യപൂർവം നോക്കി പുഞ്ചിരിച്ചുകൊണ്ട് പ്രഭാഷകൻ ഇപ്രകാരം തുടർന്നു:
''നമ്മൾ ജീവിതത്തിൽ അറിഞ്ഞോ, അറിയാതെയോ ശീലിച്ച, എന്നാൽ പിന്നീട്, മോശമെന്ന് നമുക്ക് ബോദ്ധ്യപ്പെടുന്ന എല്ലാ ശീലങ്ങളും മാറ്റിയെടുക്കാനുള്ള കരുത്ത് മനസിനുണ്ടെന്ന് നമ്മൾ തിരിച്ചറിയണം. മോശമാണെന്ന് ബോദ്ധ്യപ്പെട്ടൊരു ശീലം, ഉപേക്ഷിക്കാൻ നമ്മൾ കാട്ടുന്ന ആത്മാർത്ഥതയാണ് പിന്നീടുള്ള നമ്മുടെ ജീവിതവിജയത്തിന്റെ ചാലക ശക്തിയായി നിലകൊള്ളുന്നത്. ഇതിനെ 'പ്രേരകശക്തി" യെന്നും പറയാം. ഇംഗ്ലീഷിൽ ഇത് 'driving force" ആണ്. നമുക്കറിയാമല്ലോ, മദ്യാസക്തിമൂലം, ഏറ്റവും മോശം ജീവിത സാഹചര്യത്തിൽപ്പെട്ടുപോയ എത്ര മനുഷ്യരാണ് പിന്നീട്, അത്തരം ശീലങ്ങൾ എന്നെന്നേക്കുമായി ഉപേക്ഷിച്ച്, ജീവിതവിജയം നേടിയിട്ടുള്ളത്! എന്നാൽ, മദ്യലഹരിയിൽ എന്തെങ്കിലും പുലമ്പി നടക്കുന്നവന്റെ വാക്കുകളെ, അയാളുടെ ഭാര്യപോലും വിലകല്പിച്ചതായി നമുക്കറിയില്ലല്ലോ! ഒരിക്കൽ, ഒരു ആഭാസൻ, ധ്യാനത്തിലായിരുന്ന ശ്രീബുദ്ധന്റെ സമീപത്തുവന്ന് അദ്ദേഹത്തിനുനേരെ അസഭ്യവാക്കുകൾ ചൊരിഞ്ഞു. എന്നാൽ, അദ്ദേഹം അത് കേട്ടതായിപോലും ഭാവിക്കാതെ ധ്യാനത്തിൽ തുടർന്നു. ഈ കാഴ്ച കണ്ടുനിന്ന സ്വാമിയുടെ ശിഷ്യന്മാർ, ആ അക്രമി എല്ലാപരിധികളും ലംഘിക്കുന്നതുകണ്ട്, അയാളെ കൈകാര്യം ചെയ്യാനൊരുങ്ങി. എന്നാൽ, ശ്രീബുദ്ധൻ, തന്റെ ശിഷ്യന്മാരെ വിലക്കി. ഇതുമനസിലാക്കിയ ആഭാസൻ, വീണ്ടും അസഭ്യവാക്കുകൾ വർഷിച്ചുകൊണ്ടേയിരുന്നു. ശിഷ്യന്മാർക്ക് ആ കാഴ്ച കണ്ടുനില്ക്കാനെ കഴിഞ്ഞുള്ളു. മണിക്കൂറുകൾക്കുശേഷം, അക്രമി ബുദ്ധസന്നിധി വിട്ടുപോയി. അയാൾ പോയതിന് ശേഷം, ശിഷ്യന്മാർ, സ്വാമിയെ സമീപിച്ച് എന്തുകൊണ്ടാണ് ആ അക്രമിയെ യഥാസമയം തടയാൻ അനുവദിക്കാതിരുന്നതെന്നു ചോദിച്ചു. അതിന് ശ്രീബുദ്ധൻ നല്കിയ മറുപടി വളരെ രസകരമാണ്:
നമുക്ക്, ആരെങ്കിലും കുറെ സ്വർണ്ണനാണയങ്ങൾ തന്നെന്ന് വിചാരിക്കുക. നമ്മൾ അത് സ്വീകരിക്കുന്നില്ലയെന്നിരിക്കട്ടെ. സ്വാഭാവികമായും, അയാൾ, അത് നമ്മുടെ സമീപം വെച്ചിട്ടു പോയിയെന്നിരിക്കട്ടെ. അതിനുശേഷം, നമ്മൾ, അത് സ്വീകരിക്കുന്നോ, ഇല്ലയോയെന്ന് ഒളിഞ്ഞും, പതുങ്ങിയും നോക്കിനിൽക്കുന്ന ഒരാൾ അവിടെ ഉണ്ടാകും. അത് മറ്റാരുമല്ല, ആ സ്വർണ്ണനാണയങ്ങൾ അവിടെ കൊണ്ടുവെച്ച അതേആൾതന്നെ ആയിരിക്കും! കാരണം, അത് നമുക്കുവേണ്ടെങ്കിൽ, അയാൾക്കത് മടക്കിവേണം! മറ്റാർക്കും, അയാളത് കൊടുക്കില്ല. നമ്മളെ തെറിവിളിക്കുന്നവന്റെ കഥയും ഇതുതന്നെയാണ്, അയാളുടെ തെറിവിളി നമ്മൾ അവഗണിച്ചാൽ, അയാൾ തന്നെ അത് മടക്കിയെടുത്തോളും, അയാളുടെ നിക്ഷേപ ശേഖരത്തിൽ സൂക്ഷിക്കാൻ! എങ്ങനെയുണ്ട്? അതാണ് രണ്ടായിരത്തി അഞ്ഞൂറ് കൊല്ലങ്ങൾക്കു ശേഷവും ശ്രീബുദ്ധൻ, നമുക്ക് വെളിച്ചമായി തുടരുന്നത്."" ക്ഷമയുടെ പുതുവെളിച്ചത്തിന്റെ ദർശന സായൂജ്യത്തിലെത്തിയ സദസ്യരെ നോക്കി, പുഞ്ചിരിയോടെ പ്രഭാഷകൻ പറഞ്ഞുനിറുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |