കർക്കടക സന്ധ്യകളെ രാമനാമത്താൽ ഭക്തിനിർഭരമാക്കിക്കൊണ്ട് രാമായണമാസം തുടങ്ങിക്കഴിഞ്ഞു. ഇനിയുള്ള സന്ധ്യകൾ അദ്ധ്യാത്മ രാമായണം കിളിപ്പാട്ടിന്റെ ഈരടികളാൽ മുഖരിതമാകും. വറുതിയുടെയും കഷ്ടപ്പാടിന്റെയും ഭാണ്ഡം പേറുന്ന മലയാളികൾ രാമനാമത്താൽ കർക്കടകത്തെ മറികടക്കും. രാമായണം എന്ന ഇതിഹാസ കാവ്യം മനുഷ്യ ജീവിതത്തോട് ഇത്രയും താദാത്മ്യം പ്രാപിച്ച് നിൽക്കുന്നുവെന്നത് അദ്ഭുതാവഹമാണ്.
രാമായണത്തിലെ മഹാവ്യക്തിത്വങ്ങളായ മൂന്ന് കഥാപാത്രങ്ങൾ- രാമൻ, സീത, ഹനുമാൻ എന്നിവർ ലക്ഷോപലക്ഷം ജനങ്ങളെ ഏറ്റവും അഗാധമായും, പരിപാവനമായ സ്‌നേഹത്തോടും ബഹുമാനത്തോടും ഭക്തിയോടും കൂടി ബോധവാന്മാരാക്കിത്തീർത്തിട്ടുണ്ട്. രാമായണത്തെക്കുറിച്ച് സ്വാമി വിവേകാനന്ദൻ പറഞ്ഞത് ഇങ്ങനെ: രാമായണം പുരാതന ആര്യൻ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും വിജ്ഞാനകോശമാണ്. മനുഷ്യകുലം എന്നും അഭിലഷിക്കേണ്ടതായ മാതൃകാപരമായ ഒരു നാഗരികതയെ, ഒരു സംസ്‌കാരത്തെ അത് ചിത്രീകരിക്കുന്നു. രാമായണം ഭാരതത്തിലെ മാത്രമല്ല, തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ജനങ്ങൾക്കും ആദ്ധ്യാത്മികവും സാംസ്‌കാരികവും കലാപരവുമായ പ്രചോദനത്തിനും പ്രബോധനത്തിനും സഹസ്രാബ്ദങ്ങളായുള്ള ശാശ്വത ഉറവിടമായി വർത്തിക്കുന്നു.
ശ്രീരാമനെ സത്യത്തിന്റെയും സദാചാരത്തിന്റെയും മൂർത്തിമദ്ഭാവമായിട്ടാണ് സ്വാമി വിവേകാനന്ദൻ ചിത്രീകരിച്ചിട്ടുള്ളത്. വാൽമീകിയുടെ രാമൻ ഉത്തമ പുരുഷനാണ്. മാതൃകാപുത്രൻ, മാതൃകാ ഭർത്താവ്, മാതൃകാ പിതാവ്, മാതൃകാ സഹോദരൻ, മാതൃകാ രാജാവ് എന്നീ നിലകളിൽ വാൽമീകിയുടെ രാമൻ ജനമനസുകളിൽ നിറഞ്ഞുനിൽക്കുന്നു. എന്നാൽ സീത അതുല്യയും അദ്വിതീയയുമായ ഒരു കഥാപാത്രമാണ്, വാൽമീകി രാമായണത്തിൽ.
രാമന്മാർ പലരും ഉണ്ടായെന്നു വരാം. എന്നാൽ സീത ഒന്നേയുള്ളു. ഭാരതസ്ത്രീയുടെ തനി സ്വരൂപമാണ് അവൾ. സീതയുടെ ജീവിതചര്യയിൽ നിന്നാണ് പരിപൂർണത പ്രാപിച്ച ഭാരതസ്ത്രീയുടെ ആദർശങ്ങൾ രൂപപ്പെട്ടിട്ടുള്ളത്. ആര്യാവർത്തത്തിലെ മുഴുവൻ ജനതതിയുടെയും ആദരം ആർജ്ജിച്ചുകൊണ്ട് സീത നിലകൊള്ളുന്നു. വിശുദ്ധിയേക്കാൾ കൂടുതൽ വിശുദ്ധിയുള്ളവൾ, എല്ലാം സഹിക്കുന്നവൾ, എല്ലാം ക്ഷമിക്കുന്നവൾ... അതാണ് രാമായണത്തിലെ സീത.
രാമായണം എന്റെ കണ്ണു നിറയ്ക്കുന്നത് സീതയെ ഓർക്കുമ്പോഴാണ്. രാമായണത്തിന്റെ അന്തരീക്ഷം ആത്മശുദ്ധിയുടേതാണ്. സങ്കടത്തിന്റെയും വേദനയുടെയും കഥയാണ് രാമായണം. ശ്രേഷ്ഠചിന്തകളും ശ്രേഷ്ഠമായ ആദർശങ്ങളും ശ്രേഷ്ഠ കഥാപാത്രങ്ങളും നിറഞ്ഞ ഇതിഹാസ കാവ്യം. എന്നാൽ രാമായണത്തിലെ കഥാപാത്രങ്ങൾ എല്ലാവരുംതന്നെ ദുഃഖസാഗരത്തിൽ മുങ്ങിത്താഴുന്നവരാണ്. അതോടൊപ്പം എല്ലാം ശുദ്ധീകരിക്കുന്ന, ഏവരെയും വിനീതരാക്കുന്ന, അക്ഷോഭ്യമായും പ്രസന്നമായും ശാന്തമായും ഒഴുകുന്ന ഗംഗയും കൂടിയാണ് രാമായണം. നിരവധി ആദ്ധ്യാത്മികാചാര്യന്മാരും രാമായണത്തെ അടിസ്ഥാനമാക്കി നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ട്. അമരമായ ഈ ഇതിഹാസം ആനന്ദത്തോടെ പാരായണം ചെയ്യുമ്പോൾ മനുഷ്യ മനസിൽ നിർവൃതി നിറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |