മാലിന്യ സംസ്ക്കരണത്തിൽ മുന്നിലെത്തിയ രാജ്യത്തെ നൂറ് നഗരങ്ങളുടെ പട്ടികയിൽ കേരളവും സ്ഥാനം പിടിച്ചത് നമുക്കെല്ലാം സന്തോഷകരവും ഏറെ പ്രതീക്ഷകൾ നൽകുന്നതുമാണ്. കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് സർവേക്ഷൻ സർവേയിലാണ് കേരളത്തിലെ എട്ടു നഗരസഭകൾ ആദ്യ നൂറു റാങ്കിനുള്ളിൽ വന്നിട്ടുള്ളത്. ഈ നേട്ടം കൈവരിച്ച കൊച്ചി(50), മട്ടന്നൂർ(53), തൃശൂർ(58), കോഴിക്കോട് (70), ആലപ്പുഴ(80), ഗുരുവായൂർ (82), തിരുവനന്തപുരം(89), കൊല്ലം(93) എന്നീ നഗരസഭകളെയും, മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിലുള്ള തദ്ദേശ സ്വയംഭരണ വകുപ്പിനെയുമടക്കം അതിനുവേണ്ടി പ്രവർത്തിച്ച മുഴുവനാളുകളേയും ഞങ്ങൾ അഭിനന്ദിക്കുന്നു. മാലിന്യ സംസ്കരണത്തിൽ കുറേക്കൂടി മെച്ചപ്പെട്ട റാങ്കിംഗിലേക്ക് എത്തിപ്പെടാൻ ഇനിയും കാര്യമായ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്.
ഒരർത്ഥത്തിൽ കാലാവസ്ഥാ ദുരന്തങ്ങളെക്കാൾ അപകടകരമാണ് മാലിന്യങ്ങൾ വരുത്തിവയ്ക്കുന്ന ആപത്ത്. പെട്ടെന്നു സംഭവിക്കാത്തതുകൊണ്ടും പ്രത്യക്ഷത്തിൽ അനുഭവപ്പെടാത്തതു കൊണ്ടുമാണ് ഇതു വരുത്തിവയ്ക്കുന്ന ദുരന്തം നമ്മെ ഏറെ അസ്വസ്ഥപ്പെടുത്താത്തത്. നമ്മുടെ കേരളം ഗ്രാമ - നഗര ഭേദം പോലും തിരിച്ചറിയാൻ കഴിയാത്തവിധത്തിൽ ജനസാന്ദ്രതയേറിയതാണ്. കഴിഞ്ഞ മൂന്നുനാലു പതിറ്റാണ്ടുകൾക്കിടയിൽ അണുകുടുംബ സമ്പ്രദായം വ്യാപകമായതും കൂടുതൽ വീടുകളും കെട്ടിടങ്ങളും ഉയർന്നുവന്നതും സ്വാഭാവികമായി സ്ഥലപരിമിതി സൃഷ്ടിച്ചു. ജീവിത സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ കൂടി ഉണ്ടായതോടെ പുറന്തള്ളുന്ന മാലിന്യത്തിന്റെ തോത് വർദ്ധിച്ചു. ഇവ സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ആനുപാതികമായി വർദ്ധിച്ചതുമില്ല. വ്യക്തി ശുചിത്വത്തിന്റെ പേരിൽ അഹങ്കരിക്കുന്ന മലയാളിക്ക് പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കാൻ ഒരു മടിയുമില്ലെന്ന സ്ഥിതിയാണ്. ഇത്തരം മാലിന്യം വായുവിനെയും ജലത്തെയും അന്തരീക്ഷത്തെയും ബാധിക്കും. ഭൂമിയിൽ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യസാധനങ്ങളിലും ഈ മാലിന്യം കലരും. ഇത് മെല്ലെ മെല്ലെയായിരിക്കും നമ്മുടെ ആരോഗ്യത്തെ ബാധിക്കുക. നാം പൊരുതി പരാജയപ്പെടുത്തിയ പല രോഗങ്ങളും വീണ്ടും തലപൊക്കുന്നതും ചില പുതിയ രോഗങ്ങൾ ഉടലെടുക്കുന്നതുമൊക്കെ ഇതുകൊണ്ടു കൂടിയാണെന്നും വന്നേക്കാം.
വർദ്ധിച്ചുവരുന്ന ഇലക്ട്രോണിക്സ് മാലിന്യ സംസ്കരണവും വലിയ വെല്ലുവിളിയാണ്. ഭാവിയിൽ മനുഷ്യരാശിയെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ സാമൂഹ്യ പ്രശ്നം എന്ന നിലയിൽക്കണ്ട് ഇതു പരിഹരിക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. ഇത് വലിയൊരു മിഷനായി സർക്കാർ ഏറ്റെടുത്തിരിക്കുന്നു എന്നത് പ്രതീക്ഷാനിർഭരമാണ്. എന്നാൽ സർക്കാർ തല ഔപചാരിക ഇടപടലുകൾക്കൊപ്പമോ, അതിനേക്കാളധികമോ പൗരസമൂഹത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകളാണ് വേണ്ടത്. ഉറവിട മാലിന്യ സംസ്കരണത്തെപ്പറ്റി പറഞ്ഞുതുടങ്ങിയെങ്കിലും ഇത് എവിടെയോ ഒക്കെ തട്ടിത്തടഞ്ഞുനിൽക്കുകയാണ്. എന്തുകൊണ്ട് ഇത് ശക്തിപ്പെടുത്തിക്കൂടാ? വീടുകളും കെട്ടിടങ്ങളും ഫ്ലാറ്റ് സമുച്ചയങ്ങളും നിർമിക്കുമ്പോൾ കുറ്റമറ്റ മാലിന്യ സംസ്കരണ സംവിധാനം കൂടി ഉറപ്പാക്കിക്കൊണ്ടു മാത്രമേ അനുമതി നൽകാവൂ എന്നത് കർശനമാക്കുക. ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുന്നത് കൂടുതൽ സബ്സിഡി നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴ മാത്രമല്ലാ, പ്രോസിക്യൂഷനും നേരിടേണ്ടിവരും എന്ന നിയമം കൊണ്ടുവരുന്നതിനെപ്പറ്റിയും ആലോചിക്കാവുന്നതല്ലേ? ഇപ്പോൾ ആദ്യ നൂറിനുള്ളിൽ വരാൻ കഴിയാതെപോയ നഗരസഭകൾ അടുത്തതവണ അതിലിടം പിടിക്കാൻ ശ്രമിക്കുകയും, നിലവിൽ ഈ റാങ്കിംഗ് സ്വന്തമാക്കിയ നഗരസഭകൾ തങ്ങളുടെ റാങ്ക് കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുക. ഇതെല്ലാംവഴി മാലിന്യമുക്ത കേരളം എന്ന മഹാസ്വപ്നത്തിന്റെ ചിറകുകളിലേറാൻ കേരളത്തിനു അനതിവിദൂരഭാവിയിൽ കഴിയട്ടെ എന്നാശംസിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |