പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.കെ സന്ദർശനത്തിൽ കരാർ ഒപ്പുവക്കും
കൊച്ചി: കയറ്റുമതി മേഖലയ്ക്ക് കരുത്ത് പകരാൻ ലക്ഷ്യമിടുന്ന സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യയും യു.കെയും ഈ വാരം ഒപ്പുവക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൂലായ് 23 മുതൽ 25 വരെ നടക്കുന്ന യു.കെ സന്ദർശനത്തിൽ കരാർ യഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വതന്ത്ര വ്യാപാര കരാറിലെ വ്യവസ്ഥകളെ കുറിച്ച് ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ കഴിഞ്ഞ മേയിൽ ചർച്ചകൾ പൂർത്തീകരിച്ചിരുന്നു. ഇന്ത്യയും യു.കെയുമായുള്ള ഉഭയകക്ഷി വ്യാപാരം 2030ൽ 6,000 കോടി ഡോളറിലെത്തിക്കാനാണ് വ്യാപാര കരാറിലൂടെ ലക്ഷ്യമിടുന്നത്. കയറ്റുമതി, ഇറക്കുമതി രംഗത്തെ തടസങ്ങൾ ഒഴിവാക്കിയും തീരുവയില്ലാതെ ഉത്പന്നങ്ങളുടെ വ്യാപാരം അനുവദിച്ചും ഉഭയകക്ഷി വ്യാപാരം മെച്ചപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബ്രിട്ടനിലെ പാർലമെന്റിന്റെയും ഇന്ത്യയിലെ കേന്ദ്ര മന്ത്രിസഭയുടെയും അംഗീകാരം നേടിയതിന് ശേഷം ഒരു വർഷത്തിനുള്ളിൽ കരാർ നടപ്പാകും. ഇന്ത്യയ്ക്കും യു.കെയ്ക്കും ഒരുപോലെ നേട്ടമുണ്ടാകുന്ന വിധത്തിലാണ് കരാറിന് അന്തിമ രൂപം നൽകിയത്.
ഇന്ത്യൻ കയറ്റുമതിക്ക് കരുത്താകും
ടെക്‌സ്റ്റയിൽസ്, ലെതർ, എൻജിനിയറിംഗ് ഉത്പന്നങ്ങൾ, പാദരക്ഷകൾ, സംസ്കരിച്ച ഭക്ഷ്യ വസ്തുക്കൾ, ജെം ആൻഡ് ജുവലറി എന്നിവയുടെ കയറ്റുമതിക്കാർക്ക് യു.കെയിൽ വിപണി വികസിപ്പിക്കാൻ കരാർ സഹായിക്കും. ബ്രിട്ടനിലേക്ക് ഇന്ത്യൻ കമ്പനികൾ കയറ്റിഅയക്കുന്ന 99 ശതമാനം ഉത്പന്നങ്ങൾക്കും തീരുവ പൂർണമായും ഒഴിവാകും. ഇന്ത്യയ്ക്കാരായ തൊഴിലാളികളെ നിയമിക്കുന്ന സംരംഭകർക്ക് മൂന്ന് വർഷത്തേക്ക് യു.കെയിൽ സാമൂഹിക സുരക്ഷാ നികുതി ഒഴിവാക്കാനും കരാറിൽ വ്യവസ്ഥയുണ്ട്.
സ്കോച്ച് വിസ്‌കിക്ക് വില പകുതിയാകും
കരാറിലൂടെ സ്‌കോച്ച് വിസ്‌കിയുടെ വില ഇന്ത്യയിൽ ഗണ്യമായി കുറയും. സ്കോച്ചിന്റെ ഇറക്കുമതി തീരുവ ആദ്യ ഘട്ടത്തിൽ 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറയ്ക്കാനാണ് ധാരണ. അടുത്ത പതിറ്റാണ്ടിൽ തീരുവ 40 ശതമാനമായി കുറയും. യു.കെയിൽ നിന്ന് ഇറക്കുമതി നടത്തുന്ന കാറുകളുടെ തീരുവ ഘട്ടം ഘട്ടമായി നൂറ് ശതമാനത്തിൽ നിന്ന് പത്ത് ശതമാനമായും കുറയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |