അപ്പോളോ ആശുപത്രിയിൽ ചികിത്സിയിലിരിക്കെ, 2015 ഡിസംബർ 5-ന് ആയിരുന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം. ആശുപത്രിയിലായ നാൾ മുതൽ 'അമ്മ"യെ അപായപ്പെടുത്തിയതാണെന്ന തരത്തിൽ കിംവദന്തികൾ ഉയർന്നിരുന്നു. അതിൽ പലതും ശരിവയ്ക്കുന്ന തരത്തിൽ, ദുരൂഹമരണം അന്വേഷിച്ച ജസ്റ്റിസ് അറുമുഖസാമി കമ്മിഷൻ റിപ്പോർട്ടും വന്നു! ജയലളിതയുടെ തോഴി ശശികലയെ കൂടാതെ പേഴ്സണൻ ഡോക്ടറായിരുന്ന ശിവകുമാർ, അന്നത്തെ ആരോഗ്യ സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണൻ, മുൻ ആരോഗ്യമന്ത്രി സി. വിജയ് ഭാസ്‌കർ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം വേണമെന്നായിരുന്നു കമ്മിഷൻ ശുപാർശ!
സി.ബി.ഐ അന്വേഷണം ഉൾപ്പെടെ പ്രതീക്ഷിക്കപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. അടിമുടി ദുരൂഹമാണ് ജയലളിതയുടെ അവസാന നാളുകൾ. കമ്മിഷൻ റിപ്പോർട്ട് പുറത്തുവിട്ടതല്ലാതെ ഡി.എം.കെ സർക്കാർ കാര്യമായൊന്നും ചെയ്തില്ല. 'അമ്മ"യുടെ ഫോട്ടോയും പേരുമൊക്കെ എല്ലാറ്റിനും ഉപയോഗിക്കുന്ന അണ്ണാ ഡി.എം.കെയും അന്വേഷണം ആവശ്യപ്പെട്ട് ഒരു സമരം പോലും നടത്തിയില്ല. കേന്ദ്രവും ഇടപെട്ടില്ല. ദുരൂഹമായ ഈ അവഗണന തുടരുന്നതിനിടയിലാണ് ജയലളിതയെ ശശികലയും കൂട്ടരും കൊന്നതാണെന്നും, താൻ സാക്ഷിയാണെന്നും വെളിപ്പെടുത്തി തൃശൂർ കാട്ടൂർ സ്വദേശി കെ.എം. സുനിത ഒരാഴ്ച മുമ്പ് സുപ്രീംകോടതിയിൽ എത്തിയത്. ഒന്നു കൂടി സുനിത പറഞ്ഞു: 'ഞാൻ ജയലളിതയുടെയും എം.ജി.ആറിന്റെയും മകളാണ്!"
ജയലളിതയ്ക്ക് ഒരു മകളുണ്ടെന്ന് അവർ ജീവിച്ചിരിക്കുമ്പോൾത്തന്നെ പ്രചരിച്ചിരുന്നതാണ്. അത് ശക്തിയോടെ നിഷേധിക്കാൻ 'അമ്മ" തയ്യാറായതുമില്ല. സുനിതയ്ക്കു മുമ്പു തന്നെ പലരും ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന് പിന്മാറിയിട്ടുള്ളതിനാൽ ആ വെളിപ്പെടുത്തൽ തമിഴ്നാട്ടിൽ ഒരു ചലനവും ഉണ്ടാക്കിയില്ല. ഇക്കാര്യത്തിൽ പ്രതികരിക്കാതിരിക്കാൻ പ്രധാന നേതാക്കളെല്ലാം ശ്രദ്ധിക്കുകയും ചെയ്തു.
മരണാനന്തരം
'ജനിച്ച" മക്കൾ
ജയലളിതയുടെ മരണശേഷം, മകളാണെന്ന അവകാശവാദവുമായി രംഗത്തുവരുന്ന നാലാമത്തെയാളാണ് സുനിത. 2017 നവംബറിൽ ബംഗളൂരു സ്വദേശി അമൃത സാരഥി എന്ന യുവതി ജയലളിതയുടെ മകൾ എന്ന അവകാശവുമായി എത്തിയിരുന്നു. ജയലളിതയുടെ മൃതദേഹം പുറത്തെടുത്ത് ഡി.എൻ.എ പരിശോധനയ്ക്ക് നിർദേശിക്കണമെന്നായിരുന്നു ആവശ്യം. പക്ഷേ, സുപ്രീംകോടതി ഹർജി സ്വീകരിച്ചില്ല. ഹൈക്കോടതിയെ സമീപിക്കാനായിരുന്നു നിർദ്ദേശം.
ജയലളിതയുടെ മരണശേഷം, തന്റെ അച്ഛന്റെ മരണവേളയിലാണ് 'ആ രഹസ്യം" അറിഞ്ഞതെന്നും, പോയസ് ഗാർഡനിലും സെക്രട്ടേറിയറ്റിലും പലതവണ പോയി ജയലളിതയെ കണ്ടിട്ടുണ്ടെന്നും മാത്രമല്ല, ഒ. പനീർസെൽവത്തിന് എല്ലാ രഹസ്യവും അറിയാമെന്നുകൂടി അമൃത പറഞ്ഞു. അച്ഛൻ ആരെന്നു പറയാൻ അമൃത തയ്യാറായതുമില്ല.
2017 ഏപ്രിലിൽ ജെ. കൃഷ്ണമൂർത്തി എന്ന യുവാവ്, താൻ ജയലളിതയുടേയും തെലുങ്ക് നടൻ ശോഭൻ ബാബുവിന്റെയും മകനാണെന്ന് അവകാശപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിൽ കള്ളി വെളിച്ചത്തായി. യഥാർത്ഥ മാതാപിതാക്കളെ പൊലീസ് കണ്ടെത്തിയതോടെ കൃഷ്ണമൂർത്തി അറസ്റ്റിലുമായി.
2017 മാർച്ചിൽ കൃഷ്ണഗിരി സത്യസായി നഗറിൽ കഴിയുകയായിരുന്ന പ്രിയ മഹാലക്ഷ്മി, ജയലളിതയുടെയും എം.ജി. ആറിന്റെയും മകളാണെന്ന് മാദ്ധ്യമങ്ങളിലൂടെ അവകാശപ്പെട്ട് രംഗത്തെത്തി. അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തതോടെ അവകാശവാദമൊക്കെ പോയി. 2016 ഡിസംബറിൽ ജയലളിതയുമായി മുഖസാദൃശ്യമുള്ള ദിവ്യാ രാമനാഥന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതും വിവാദമായിരുന്നു. എന്നാൽ തന്റെ ഭാര്യാ സഹോദരിയാണ് ദിവ്യയെന്നും ജയലളിതയുടെ മകളല്ലെന്നും വ്യക്തമാക്കി മൃദംഗ വിദ്വാൻ വി. ബാലാജി രംഗത്തെത്തിയതോടെ വിവാദം കെട്ടടങ്ങി. നിലവിൽ ജയലളിതയുടെ അടുത്ത ബന്ധുക്കൾ, സഹോദരന്റെ മക്കളായ ദീപയും ദീപക്കുമാണ്. ജയലളിതയുടെ മരണ ശേഷം ദീപ ജയലളിതയെ അനുസ്മരിപ്പിക്കുന്ന മേക്കോവറോടെ പ്രത്യക്ഷപ്പെട്ടെങ്കിലും ക്ലിക്കായില്ല.
ജയലളിതയ്ക്ക് ശോഭൻ ബാബുവിൽ ഒരു മകളുണ്ടെന്ന് ആദ്യം റപ്പോർട്ട് ചെയ്തത് പ്രശസ്ത പത്രപ്രവർത്തകൻ നക്കീരൻ ഗോപാലനായിരുന്നു. 1990-ൽ ജയലളിതയുടെ മകൾ എന്ന അവകാശത്തോടെ ഒരു ചിത്രവും, 'മകൾ അമ്മയ്ക്കയച്ച കത്തുകൾ" എന്ന പേരിൽ കത്തുകളും 'നക്കീരനി"ൽ പ്രസിദ്ധീകരിച്ചിരുന്നു. ജയലളിത സർവപ്രതാപങ്ങളോടെ വാഴുന്ന കാലം. വാർത്തയ്ക്കെതിരെ ജയലളിത ഒരു കേസുപോലും കൊടുത്തില്ല!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |