ആഭ്യന്തരമന്ത്രാലയം, ഇന്റലിജൻസ് ബ്യൂറോ എന്നീ വിഭാഗങ്ങളിൽ വിവിധ തസ്തികകളിൽ ജോലി നേടാൻ ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരം. അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ (എസിഐഒ) തസ്തികയിലേക്കാണ് അവസരം. 3,717 ഒഴിവുകളാണുളളത്. താൽപര്യമുളളവർക്ക് ഔദ്യോഗിക വെബ്സൈറ്റിൽ (mha.gov.in, ncs.gov.in. )പ്രവേശിച്ച് ഓഗസ്റ്റ് പത്ത് വരെ അപേക്ഷിക്കാൻ സാധിക്കും.
ഒ ബി സി വിഭാഗത്തിന് 946 ഒഴിവുകളും എസ് സി വിഭാഗത്തിന് 566 ഒഴിവുകളും എസ് ടി വിഭാഗത്തിന് 226 ഒഴിവുകളും ഇഡബ്ല്യൂഎസ് വിഭാഗത്തിന് 442 ഒഴിവുകളുമാണുളളത്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുളളൂ. ഉദ്യോഗാർത്ഥികൾക്ക് ഉറപ്പായും കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
18നും 27നും ഇടയിൽ പ്രായമുളളവരാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം നിശ്ചിത ഫീസും (550 രൂപ) അടയ്‌ക്കേണ്ടതുണ്ട്. പ്രധാനമായും മൂന്ന് ഘട്ടങ്ങളിലൂടെയായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ആദ്യഘട്ടം ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയായിരിക്കും. രണ്ടാം ഘട്ടം ഡിസ്ക്രിപ്റ്റീവ് ടൈപ്പ് പരീക്ഷയും മൂന്നാം ഘട്ടം അഭിമുഖവുമായിരിക്കും. ആദ്യഘട്ട പരീക്ഷ 100 മാർക്കിനായിരിക്കും. രണ്ടാം ഘട്ട പരീക്ഷ 50 മാർക്കിനായിരിക്കും. ഈ രണ്ട് പരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി വിളിക്കുന്നത്. അഭിമുഖം 100 മാർക്കിനാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 44,900 മുതൽ 1,42,400 രൂപ വരെ ശമ്പളമായി ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |