ആർത്തവത്തെ അശുദ്ധിയായിട്ടാണ് പലരും കണക്കാക്കുന്നത്. ഈ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ പോകാൻ പാടില്ലെന്നതാണ് വിശ്വാസം. എന്നാൽ ആർത്തവത്തിനെ ആഘോഷിക്കുന്ന ഒരു ക്ഷേത്രം നമ്മുടെ രാജ്യത്തുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
സംഭവം സത്യമാണ്. ആസാമിലെ ഗുവാഹത്തിയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സതീദേവിയുടെ 51 ശക്തിപീഠങ്ങളിലൊന്നായാണ് ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്. ചെറിയ ഗുഹയ്ക്കുള്ളിൽ കൽഫലകത്തിൽ കൊത്തിവച്ചിരിക്കുന്ന സതീദേവിയുടെ യോനിയാണ് ഇവിടത്തെ പ്രതിഷ്ഠ. യോനീ പ്രതിഷ്ഠ ഉള്ള ഏക ക്ഷേത്രം കൂടിയാണ് കാമാഖ്യ ക്ഷേത്രം.
വർഷത്തിൽ മൂന്ന് ദിവസമാണ് ദേവിയുടെ ആർത്തവകാലമായി കണക്കാക്കുന്നത്. ഈ വേളയിലാണ് ഇവിടത്തെ പ്രധാന ആഘോഷങ്ങളുണ്ടാകുന്നത്. ഈ ദിവസങ്ങളിൽ ക്ഷേത്രം അടച്ചിടും. എന്നാൽ ക്ഷേത്രത്തിന് പുറത്ത് വലിയ ആഘോഷങ്ങളുണ്ടാകും.
ഐതീഹ്യം
വളർത്തച്ഛനായ ദക്ഷനെ ധിക്കരിച്ച് സതീദേവി ശിവനെ വിവാഹം കഴിച്ചു. ദക്ഷൻ ഒരു യാഗം നടത്തി. ശിവനും സതീദേവിയും ഒഴികെയുള്ളവരെ ക്ഷണിച്ചായിരുന്നു യാഗം. ഇതറിഞ്ഞ സതീദേവി ഏറെ സങ്കടപ്പെടുകയും ശിവനെ ധിക്കരിച്ച് യാഗത്തിൽ പങ്കെടുക്കാൻ പോകുകയും ചെയ്തു. അവിടെ ഏറെ അപമാനിതയായ അവർ അഗ്നിയിൽ ചാടി ജീവത്യാഗം ചെയ്തു.
വിവരമറിഞ്ഞ ശിവൻ കോപാകുലനായി. സതീദേവിയുടെ കത്തിക്കരിഞ്ഞ ശരീരവുമായി ലോകം മുഴുവൻ സഞ്ചരിച്ചു. ശിവനെ ഇതിൽ നിന്ന് മോചിപ്പിക്കാൻ മഹാവിഷ്ണു സുദർശന ചക്രം കൊണ്ട് ദേവിയുടെ ശരീരം കഷ്ണങ്ങളാക്കി. ഇതിൽ യോനീഭാഗം വീണ സ്ഥലമാണ് കാമാഖ്യ ക്ഷേത്രം എന്നാണ് വിശ്വസിക്കുന്നത്.