കുറ്റം ചെയ്‌താൽ തക്കതായ ശിക്ഷ ഉടൻ കിട്ടുമെന്ന് ഉറപ്പാക്കിയാൽത്തന്നെ കുറ്റകൃത്യങ്ങൾ കുറയും. എന്നാൽ ശിക്ഷ ലഭിക്കാൻ വർഷങ്ങൾ വൈകുമെന്നു വന്നാൽ ജാമ്യത്തിലിറങ്ങുന്ന പ്രതികൾ അതേ കുറ്റം തന്നെ ആവർത്തിക്കുന്നതാണ് പതിവ്. കേരളത്തെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നായി സാമൂഹ്യശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത് ലഹരി ഉപയോഗത്തിലും അതിന്റെ കച്ചവടത്തിലും സംഭവിച്ചിരിക്കുന്ന അസാധാരണമായ വർദ്ധനവാണ്. ലഹരി കേസുകളിൽ നിത്യവും പിടിയിലാവുന്നവരുടെ എണ്ണം കൂടിവരുന്നു. പ്രത്യേകിച്ച്, രാസലഹരിയുടെ വില്പനയാണ് ഏറ്റവും കൂടിയിട്ടുള്ളത്. അതിന്റെ അർത്ഥം ഇതിന്റെ ആവശ്യക്കാരുടെ എണ്ണവും ഇവിടെ കൂടുകയാണ് എന്നതാണ്. മാത്രമല്ല, ലഹരി ഉപയോഗത്തെത്തുടർന്നുള്ള അതിക്രമങ്ങളും കൊലപാതകങ്ങളും വലിയ ഇടവേളകളില്ലാതെ ആവർത്തിക്കപ്പെടുകയും ചെയ്യുന്നു.
പിടിവിട്ട ലഹരിവ്യാപനത്തിന് വിലങ്ങിടാൻ 16 സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് എക്സൈസ് പുതിയ നീക്കങ്ങൾ നടത്തുന്നുണ്ട്. പ്രധാനമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരിവില്പന തടയാനാണിത്. ഇതിനു പുറമെ ലഹരി വിമുക്തിക്കായി എക്സൈസിന്റെ തന്നെ ഡി അഡിക്ഷൻ സെന്ററുകളും പ്രവർത്തിക്കുന്നു. ലഹരി വ്യാപനത്തിനെതിരെ ബോധവത്‌കരണം മുതൽ പുനരധിവാസം വരെയുള്ള നിരവധി പദ്ധതികൾ നടപ്പിലുണ്ടെങ്കിലും ലഹരിക്കച്ചവടവും ഇതുസംബന്ധിച്ച് രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണവും കുറയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നില്ല! ഇതിന് ഒരു പ്രധാന കാരണം ലഹരിക്കേസുകളിൽ വിചാരണ വൈകുന്നതിനാൽ പ്രതികൾക്ക് ഉടൻ ശിക്ഷ ലഭിക്കുന്നില്ല എന്നതാണെന്ന് കരുതേണ്ടിവരും.
ഫോറൻസിക് പരിശോധനാഫലം ലഭിക്കാത്തതിനാൽ സംസ്ഥാനത്ത് വൈകിയത് 529 ലഹരി മരുന്ന് കേസുകളുടെ വിചാരണയാണ്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം വിവിധ കോടതികളിൽ നിന്ന് രജിസ്ട്രി ശേഖരിച്ച കണക്കാണിത്. വിചാരണ വൈകുന്നത് കുറ്റവാളികൾക്ക് ജാമ്യം ലഭിക്കാനും കുറ്റം ആവർത്തിക്കാനും കാരണമായേക്കുമെന്നുള്ള ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്രൻ എന്നിവരുടെ നിരീക്ഷണം വളരെ ശരിയാണ്. ഫോറൻസിക് ലാബുകളിൽ ജീവനക്കാരുടെ കു റവുണ്ടെന്നും അതു പരിഹരിക്കാൻ സർക്കാരും പി.എസ്.സിയും സംയുക്ത യോഗം വിളിക്കണമെന്നും കോടതി നിർദ്ദേശിച്ചിരിക്കുകയാണ്.
ലാബുകളിലെ ഒഴിവുകളുടെ എണ്ണം അറിയിക്കണമെന്ന് കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും അറിയിക്കാൻ സർക്കാരിനായിട്ടില്ല. ഇത് ശരിയല്ല. ലാബുകളിൽ നിയമനം ലഭിക്കാൻ അർഹരായ ഉദ്യോഗാർത്ഥികൾക്ക് ഒരു ക്ഷാമവും ഉള്ള സംസ്ഥാനമല്ല കേരളം. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലുള്ള കാലതാമസവും പുതിയ ജീവനക്കാരുടെ നിയമനം നടത്താത്തതുമാണ് ഇതിന് തടസമായി നിൽക്കുന്നതെന്ന് ആർക്കും മനസിലാക്കാവുന്നതാണ്. ഫോറൻസിക് റിപ്പോർട്ട് വൈകുന്നതു കാരണം ജില്ലാ സെഷൻസ് കോടതികളിൽ 418-ഉം സ്‌പെഷ്യൽ കോടതികളിൽ 94-ഉം മജിസ്ട്രേറ്റ് കോടതികളിൽ 17-ഉം കേസുകളാണ് കെട്ടിക്കിടക്കുന്നത്. സമൂഹത്തെ ബാധിച്ചിരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളിലൊന്നായ ലഹരി വ്യാപനം തടയാൻ സത്വര നടപടികൾ ഉണ്ടായേ മതിയാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |