ഇത് രാമായണ മാസം. മാദ്ധ്യമങ്ങൾ ഈ മാസം ഉടനീളം രാമായണഭരിതം. കർക്കടകത്തിൽ രാമായണ പാരായണം കേരളത്തിൽ പണ്ടു മുതൽക്കേ പതിവാണ്. പക്ഷെ കർക്കടക മാസം രാമായണ മാസമായി വ്യവസ്ഥാപിതമായി ആചരിച്ചു തുടങ്ങിയിട്ട് ഏതാനും പതിറ്റാണ്ടുകളായിട്ടേയുള്ളൂ. ആയിരത്തി തൊള്ളായിരത്തി എൺപതുകളിലാണ് രാമായണ മാസാചാരണത്തിന്റെ തുടക്കം. അതിന്റെ സൂത്രധാരൻ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ സൈദ്ധാന്തികൻ പി. പരമേശ്വരൻ.
പ്രത്യയശാസ്‌ത്രപരമായി രണ്ടു ധ്രുവങ്ങളിലെങ്കിലും, പരമേശ്വർജി അന്തരിച്ചപ്പോൾ, അദ്ദേഹത്തെ പിണറായി വിജയൻ വിശേഷിപ്പിച്ചത് 'ഋഷിതുല്യനായ വ്യക്തി" എന്നാണ്. പരമേശ്വർജിയുടെ മുഖ്യകാർമ്മികത്വത്തിൽ എൺപത്തിരണ്ടിൽ എറണാകുളത്ത് വിശാല ഹിന്ദു സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. ആ മഹാസമ്മേളനത്തിന്റെ ആഹ്വാനമായിരുന്നു കർക്കടക മാസം രാമായണ മാസമായി ആചരിക്കണമെന്നത്. തുടർന്നുള്ള വർഷങ്ങളിൽ ആ ആഹ്വാനം നടപ്പിലാക്കാനുള്ള സംഘടിത ശ്രമവും കേരളത്തിലുടനീളം നടന്നു. പിൽക്കാലത്ത് ജനം അതേറ്റെടുത്തു. ഇപ്പോൾ പ്രത്യേക ആസൂത്രണമോ പരിശ്രമമോ കൂടാതെതന്നെ രാമായണ മാസാചാരണം കർക്കടകത്തിൽ സ്വാഭാവികമായി.
എല്ലാ ദിവസവും ഇപ്പോൾ ദൃശ്യ, ശ്രാവ്യ മാദ്ധ്യമങ്ങൾ രാമായണ പാരായണവും പ്രഭാഷണവും പ്രക്ഷേപണം ചെയ്യുക പതിവാക്കിയിട്ടുണ്ട്. പത്രങ്ങളും രാമായണ സംബന്ധമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നു. വീടുകളിലും അമ്പലങ്ങളിലും രാമായണ പാരായണം... അങ്ങനെ ആകെ ഒരു രാമായണാന്തരീക്ഷം അലതല്ലുന്നു, കേരളത്തിൽ ഇപ്പോൾ.
അതീവ ശ്രദ്ധേയവും അതിലേറെ ചിന്തനീയവുമാണ് കർക്കടകം ഒന്നിന് 'കേരള കൗമുദി" പ്രസിദ്ധീകരിച്ച 'രാമൻ എന്ന വലിയ പാഠം" എന്ന മുഖലേഖനം. കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യയുടെ (സി.പി.ഐ )സമുന്നത നേതാവ് പന്ന്യൻ രവീന്ദ്രൻ എഴുതിയ ആ ലേഖനം രാമായണത്തിന്റെ സാർവലൗകികതയും സാർവത്രികമായ അംഗീകാരവും വിളിച്ചുപറയുന്നു. 'നന്മയുടെയും നേരിന്റെയും വഴി പക്വമാക്കാനാണ് നാം രാമായണം വായിക്കുന്നത് " എന്ന് എഴുതുന്നത് പരിണത പ്രജ്ഞനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവാണ്. സഖാവ് പന്ന്യൻ രവീന്ദ്രൻ രാമായണത്തെക്കുറിച്ച് ഇത്തരത്തിൽ എഴുതുന്നത് ചിലരെയെങ്കിലും അത്ഭുതപ്പെടുത്തിയിട്ടുണ്ടാവാം. പക്ഷെ പന്ന്യൻ രാമായണത്തെപ്പറ്റി എഴുതുന്നതോ പറയുന്നതോ ഇതാദ്യമല്ല. അമ്മയുടെ രാമായണ പാരായണം കേട്ടാണ് അദ്ദേഹം വളർന്നത്. ബാല്യകാലത്ത് രാമായണം വായിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും പഠിപ്പിച്ചതും അമ്മ തന്നെ.
കമ്മ്യൂണിസ്റ്റുകാർക്ക് ഉൾപ്പെടെ രാമായണം ആർക്കും നിഷിദ്ധമാവേണ്ടതില്ല എന്ന സന്ദേശം ചർച്ച ചെയ്യപ്പെടേണ്ടതാണ്. സംഘടിതമായി രാമായണം കത്തിക്കുന്ന പ്രസ്ഥാനം അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ഉണ്ടായിരുന്നു. പിന്നീട് ആ പ്രവണത ഇല്ലാതായി. രാമനെ അധിക്ഷേപിക്കുന്ന നിശ്ചല ദൃശ്യങ്ങൾ അവതരിപ്പിച്ചുകൊണ്ടുള്ള പ്രകടനവും അറുപതുകളുടെ അന്ത്യത്തിൽ സേലത്ത് നടന്നിരുന്നു. കമ്പരാമായണത്തിന്റെയും തിരുക്കുറലിന്റെയും നാട്ടിലാണ് രാമായണം ചുട്ടെരിച്ചിരുന്നത് എന്നോർക്കുക. രാമായണത്തിനെതിരെ ഒറ്റപ്പെട്ട അപസ്വരങ്ങൾ കേരളത്തിലും ഇടയ്ക്കിടെ ഉയരാതെയില്ല.
അടുത്തിടെയാണ് ദളിതർക്ക് രാമായണം നിഷിദ്ധമെന്ന് ഒരു സാംസ്കാരിക പ്രവർത്തകൻ വിളിച്ചുപറഞ്ഞത്. രാമായണ പാരായണം ജീവശ്വാസം പോലെ കരുതുന്ന ദളിത വിഭാഗങ്ങൾ ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ ഉണ്ടെന്ന സത്യം അദ്ദേഹം അറിയാത്തതോ, അറിയില്ലെന്ന് ഭാവിക്കുന്നതോ ആവോ? അവരിൽ ചിലരെ അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് ക്ഷണിച്ചിരുന്നു. രാമായണം രചിച്ച ആദികവിയും, ഒരർത്ഥത്തിൽ ജന്മംകൊണ്ട് ദളിതനാണല്ലോ. കേരളത്തിലാവട്ടെ, ഹസ്സൻകുട്ടി പാടി നടന്നത് എന്നു കരുതപ്പെടുന്ന 'മാപ്പിള രാമായണ"വും പ്രസിദ്ധമാണ്. ഒരു മാർക്സിസ്റ്റ് ആയിരുന്ന ഭരതൻ മാഷ് 'മാപ്പിള രാമായണ"ത്തിലെ ഈരടികൾ ചൊല്ലുമായിരുന്നു.
രാമായണത്തോടുള്ള കമ്മ്യൂണിസ്റ്റ് അഥവാ മാർക്സിസ്റ്റ് സമീപനത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. രാമായണ പാരായണത്തിൽ അഭിമാനിക്കുന്ന പന്ന്യൻ ഒറ്റപ്പെട്ട കമ്മ്യൂണിസ്റ്റ് അല്ല. അദ്ദേഹത്തിന്റെ നേതാവ് യശ:ശരീരനായ സി. അച്ചുതമേനോനെ ഏറ്റവും അധികം ആകർഷിച്ച കൃതി അദ്ധ്യാത്മ രാമായണം ആയിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. രാമായണത്തെയും മഹാഭാരതത്തെയും കുറിച്ചുള്ള സി.പി.ഐയിലെ മുൻ മന്ത്രി മുല്ലക്കര രത്‌നാകരന്റെ പ്രഭാഷണങ്ങൾ നല്ല നിലവാരം പുലർത്തുന്നവയാണ്.
മുൻ മന്ത്രി ജി. സുധാകരൻ പതിവായി രാമായണം പാരായണം ചെയ്യുന്ന സി.പി.എം നേതാവാണ്. അദ്ദേഹവും അതിൽ അഭിമാനംകൊള്ളുന്നു. മറ്റൊരു സി.പി.എം നേതാവ് യു. പ്രതിഭ എം.എൽ.എ രാമായണം പാരായണം ചെയ്യുന്നതിന്റെ വീഡിയോ 'ഫേസ്ബുക്കി"ൽ പ്രസിദ്ധീകരിച്ചത് ചർച്ചയായി. സി.പി.എം സഹയാത്രികരായ ചിലർ 'സംസ്‌കൃത സംഘം" എന്ന പേരിൽ ഏതാനും വർഷം മുമ്പ് രാമായണ സമ്മേളനം സംഘടിപ്പിച്ചതും, സി.പി.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് നാലുവർഷം മുമ്പ് രാമായണ പ്രഭാഷണ പരമ്പര നടത്തിയതും ഇത്തരുണത്തിൽ സ്മരണീയമാണ്.
ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രൂപം നൽകാനായി 1925ൽ, കാൺപൂരിൽ ആദ്യ കമ്മ്യൂണിസ്റ്റ് സമ്മേളനം സംഘടിപ്പിച്ച സത്യഭക്ത, ഇന്ത്യയിൽ കമ്മ്യൂണിസത്തിന്റെ ആത്യന്തിക ലക്ഷ്യം രാമരാജ്യം സ്ഥാപിക്കുക എന്നതാണെന്ന് വിശ്വസിച്ചിരുന്നു. രാജസ്ഥാനിലെ ഭാരത്പൂരിൽ ജനിച്ച സത്യഭക്ത എന്ന ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവിന്റെ യഥാർത്ഥ നാമം ചകൻ ലാൽ എന്നാണ്. 'സത്യയുഗ്" എന്നൊരു പത്രം അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. സാർവദേശീയത സത്യഭക്തയ്ക്ക് സ്വീകാര്യമായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പേര് 'ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി" എന്നായിരിക്കണമെന്നും, 'കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ" എന്നാവരുതെന്നും അദ്ദേഹം വാദിച്ചു.
സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നുകത്തിൽ നിന്ന് ഇന്ത്യയിലെ പാർട്ടിയും പ്രവർത്തകരും സ്വതന്ത്രരാവണം എന്നും സത്യഭക്ത ആത്മാർത്ഥമായി ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങൾ ഇതര സഖാക്കൾ തിരസ്കരിച്ചു. അന്ത്യം വരെ തന്റെ വിശ്വാസങ്ങൾ മുറുകെപ്പിടിച്ച ആ ഭാരതീയ കമ്മ്യൂണിസ്റ്റ് ഏകാകിയായി ജീവിച്ച് മരിച്ചു. ഭഗവദ്ഗീതയ്ക്ക് മാർക്സിസ്റ്റ് ഭാഷ്യമെഴുതിയ സഹജാനന്ദ് സരസ്വതി, 'കമ്മ്യൂണിസ്റ്റ് രാമായണം" രചിച്ച സുദർശൻ ചക്കർ എന്നിവരും കമ്മ്യൂണിസത്തിന്റെ ഭാരതവത്കരണത്തിന് ശ്രമിച്ചവരാണ്. ഗണേഷ് ശങ്കർ വിദ്യാർത്ഥിയും രാധാമോഹൻ ഗോകുലും ഇക്കൂട്ടത്തിൽപ്പെടും.
ഇന്ത്യയുടെ ആത്മാവ് അന്വേഷിച്ച മഹാമനീഷിയാണ്, കേരളത്തിന്റെ സമാനതകളില്ലാത്ത കമ്മ്യൂണിസ്റ്റ് ആചാര്യൻ കെ. ദാമോദരൻ. തന്റെ ഗവേഷണ, പഠനങ്ങളുടെ ഭാഗമായി അദ്ദേഹം ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ സത്യഭക്തയെ പോയി കണ്ട് ദീർഘാമായൊരു അഭിമുഖം തയ്യാറാക്കിയിരുന്നു. താൻ നടത്തിവന്നിരുന്ന ബുക്ക് സ്റ്റാളിൽ നിന്ന് ഭഗത്‌സിംഗ് പുസ്തകം വാങ്ങിയിരുന്നതായി സത്യഭക്ത കെ. ദാമോദരനോട് പറഞ്ഞത്രെ. ദാമോദരനെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ എത്രമാത്രം മനസിലാക്കി, ഉൾക്കൊണ്ടു, അംഗീകരിച്ചു എന്നതൊക്കെ തർക്കവിഷയമാണ്. പക്ഷെ 'രാമൻ എന്ന വലിയ പാഠം" പരിചയിപ്പിച്ച പന്ന്യൻ രവീന്ദ്രൻ കെ. ദാമോദരനെ ശരിയായി ഉൾക്കൊണ്ടിട്ടുണ്ട്.
ഇന്ത്യയുടെ പൈതൃകം അംഗീകരിക്കാൻ കൂട്ടാക്കാത്തതാണ് ഇവിടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഉണ്ടായ പാളിച്ച എന്ന് പന്ന്യൻ ഇടയ്ക്ക് എവിടെയോ പ്രസംഗിച്ചത് പത്രങ്ങളിൽ വായിച്ചത് ഓർക്കുന്നു. പന്ന്യനു മുമ്പ് പാർട്ടി സെക്രട്ടറിമാരായിരുന്ന വെളിയം ഭാർഗവനും എൻ.ഇ. ബലറാമിനും ഒരു സന്യാസ പശ്ചാത്തലം ഉണ്ടായിരുന്നുവെന്നും കേട്ടിട്ടുണ്ട്. സീതാറാം യെച്ചൂരി വർഷങ്ങൾ മുമ്പ് തിരുവനന്തപുരത്ത് ഒരു സമ്മേളനത്തിൽ സംസാരിക്കവേ അവകാശപ്പെട്ടത്, കമ്മ്യൂണിസത്തിന് മാതാധിഷ്ഠിതമല്ലാത്ത ആത്മീയ അന്തർദ്ധാരയുണ്ട് എന്നാണ്. രാമായണത്തെയും മഹാഭാരതത്തെയും അംഗീകരിച്ചിരുന്നില്ലെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയും മതവും തമ്മിൽ പ്രായോഗിക തലത്തിൽ സംഘട്ടനമില്ലെന്ന് വ്യക്തമാക്കിയിരുന്നു. പക്ഷെ, 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്നു പ്രഖ്യാപിച്ച, സാക്ഷാൽ കാൾ മാർക്സ് ആവട്ടെ, 'ആശയറ്റവന്റെ പ്രത്യാശയും ആത്മാവ് നഷ്ടപ്പെട്ടവന്റെ ആത്മാവുമാണ് മതം" എന്നും പറഞ്ഞു വച്ചു എന്നത്, പലപ്പോഴും പലരും മറന്നു പോകുന്നു, അല്ലെങ്കിൽ മറച്ചുവയ്ക്കുന്നു.
(*'പിബരേ രാമരസം" എന്നാൽ രാമനാമത്തിന്റെ രസം -സത്ത് - പാനം ചെയ്യുക എന്നർത്ഥം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |