പൊലീസ് പിടിച്ച വണ്ടി എന്ന പ്രയോഗം പഴഞ്ചൊല്ലുകളിൽ വരുന്നതല്ല! പക്ഷേ, സംസ്ഥാനത്ത് പല കേസുകളിലായി പൊലീസും എക്സൈസും പിടിച്ചെടുക്കുന്ന വാഹനങ്ങൾ വളപ്പുകളിലും വഴിയോരത്തുമൊക്കെ കിടന്ന് തുരുമ്പെടുക്കുന്നതു കാണുമ്പോൾ, 'തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല" എന്ന ചൊല്ലിനു പകരം ഈ പ്രയോഗവും ആകാമെന്ന് ആർക്കും തോന്നിപ്പോകും! ഇങ്ങനെ പിടിക്കുന്ന വണ്ടികൾ നിശ്ചിത കാലം കഴിഞ്ഞാൽ അതത് സേനാവിഭാഗത്തിന് സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കാം എന്നൊരു നിയമം എത്രയോ മുമ്പേ ഉണ്ടാക്കേണ്ടതായിരുന്നു. അതല്ലെങ്കിൽ, ഇവ ലേലത്തിനുവച്ച് പൊതുജനങ്ങൾക്ക് വാങ്ങാൻ വഴിയൊരുക്കാം. എന്തായാലും, അത്തരമൊരു ശുഭകാര്യത്തിന് സർക്കാർ തുടക്കംകുറിച്ചിരിക്കുയാണ്. എക്സൈസ് ഓഫീസുകളുടെ അധീനതയിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരിക്കുന്ന 8362 വാഹനങ്ങൾ പൊതുലേലത്തിനു വയ്ക്കാനാണ് സർക്കാർ അനുമതി നല്കിയിരിക്കുന്നത്. എത്ര വൈകിയുണ്ടാകുന്ന തീരുമാനമായാലും നല്ലതെങ്കിൽ അതിനെ അഭിനന്ദിക്കാതെ വയ്യ.
സംസ്ഥാനത്ത് അബ്കാരി കേസുകളുടെയും ലഹരിമരുന്നു കടത്ത് കേസുകളുടെയും എണ്ണം ദിനംപ്രതി കൂടുന്നതല്ലാതെ കുറയുന്നില്ല. ഇത്തരം കേസുകളിൽ പ്രതികളെക്കാൾ മുമ്പേ പിടിക്കപ്പെടുന്നത് ലഹരിക്കടത്തിന് ഉപയോഗിച്ച വാഹനങ്ങളായിരിക്കും. പൊലീസോ എക്സൈസോ പിടിക്കുമെന്നാകുമ്പോൾ വാഹനം ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുന്ന കേസുകളായിരിക്കും കൂടുതൽ. എങ്ങനെയായാലും അതോടെ അത്തരം വാഹനങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമാകും! വമ്പന്മാരാണ് കടത്തുകാരെങ്കിൽ അവരുടെ കേമത്തം അനുസരിച്ച് വാഹനങ്ങളുടെ ഗ്രേഡ് കൂടും. കോടികൾ വിലവരുന്ന ആഡംബര കാറുകൾ ഉൾപ്പെടെ തൊണ്ടിമുതലുകളുടെ കൂട്ടത്തിലുണ്ടാകും. പറഞ്ഞിട്ടു കാര്യമില്ല; എത്ര കോടിയുടെ വകയായാലും തൊണ്ടി എപ്പോഴും തൊണ്ടി തന്നെ. പൊലീസ് സ്റ്റേഷനുകൾക്കോ എക്സൈസ് ഓഫീകൾക്കോ വാഹന തൊണ്ടികൾ സൂക്ഷിക്കാൻ പ്രത്യേക സ്ഥലമൊന്നുമില്ല. അതുകൊണ്ട് ആ പരിസരത്തുള്ള ഒഴിഞ്ഞ വളപ്പുകളിലോ പാതയോരത്തോ ഒക്കെയായിരിക്കും ഇവയ്ക്ക് മഴയും വെയിലുമേറ്റ് നിത്യശയനം.
കേസുകളെ തുടർന്ന് ബാങ്കുകളും സർക്കാർ ഏജൻസികളും മറ്റും പിടിച്ചെടുക്കുന്ന വസ്തുക്കൾ ലേലത്തിന് വയ്ക്കുന്നതിനായി കേന്ദ്ര സർക്കാരിനു കീഴിൽ എം.എസ്.ടി കോർപറേഷൻ എന്നൊരു സ്ഥാപനവും, അവർക്ക് ഇ- കൊമേഴ്സ് പ്ളാറ്റ്ഫോമും ഉണ്ട്. പക്ഷേ, അതുവഴിയുള്ള നടപടിക്രമങ്ങൾ ഒച്ചിഴയുന്നത്ര പതുക്കെയായതുകൊണ്ടാണ് എക്സൈസ് കമ്മിഷണറുടെ അപേക്ഷയെതുടർന്ന് സംസ്ഥാന സർക്കാർ തന്നെ തൊണ്ടിവാഹനങ്ങൾ പൊതുലേലത്തിനു വയ്ക്കാൻ ഇപ്പോൾ അനുമതി നല്കിയിരിക്കുന്നത്. എം.എസ്.ടി.സിയുടെ ലേലത്തിൽ പങ്കെടുക്കാൻ കെട്ടിവയ്ക്കേണ്ട ഉയർന്ന രജിസ്ട്രേഷൻ തുക തിരികെ കിട്ടുന്നതല്ല. അതുകൊണ്ട് ആക്രി കച്ചവടക്കാരും മറ്റും ഇ- ലേലത്തോട് പൊതുവെ താത്പര്യം പ്രകടിപ്പിച്ചിരുന്നുമില്ല. പൊതുലേലത്തിന് അവസരം വന്നതോടെ ഇനി കാര്യങ്ങൾ വേഗത്തിൽ നടക്കുമെന്ന് പ്രതീക്ഷിക്കാം.
പുതിയ ഉത്തരവനുസരിച്ച് ആദ്യഘട്ടമായി 1400 വാഹനങ്ങളുടെ ലേലം ഓഗസ്റ്റ് 11 മുതൽ 21 വരെയുള്ള തീയതികളിലായി വിവിധ ജില്ലകളിൽ നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ലേലത്തിനുള്ള വ്യവസ്ഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനി, അനന്തര നടപടിക്രമങ്ങൾ ഇഴയാതിരുന്നാൽ മതി. എക്സൈസ് കമ്മിഷണർ സർക്കാരിനോട് നടത്തിയതുപോലെ ഒരു അപേക്ഷ സംസ്ഥാന പൊലീസ് മേധാവിയും നടത്തേണ്ടതാണ്. കാരണം, എക്സൈസിന്റെ കൈയിലുള്ളതിന്റെ എത്രയോ ഇരട്ടി വാഹനങ്ങളുണ്ടാകും, പൊലീസിന്റെ കസ്റ്റഡിയിൽ! സൂക്ഷിക്കാനുള്ള സ്ഥലപരിമിതി കാരണം ഇവയിൽ ഭൂരിപക്ഷവും തിരക്കേറിയ പാതയോരങ്ങളിലും പൊതുസ്ഥലത്തുമൊക്കെ പൊതുജനങ്ങൾക്ക് തൊന്തരവായി എത്രയോ കാലമായി കിടപ്പാണ്. ഊരിക്കൊണ്ടുപോകാവുന്ന ഭാഗങ്ങളൊക്കെ മിടുക്കന്മാർ പണ്ടേ കൊണ്ടുപോയിക്കാണും. ബാക്കിയുള്ള ലോഹ അസ്ഥികൂടം തുരുമ്പുവിലയ്ക്ക് തൂക്കിവിൽക്കാനേ പറ്റൂ. അത് ആക്രിക്കാർ കൊണ്ടുപൊയ്ക്കോളും. ശകുനംമുടക്കികളുടെ ശല്യമൊഴിയുകയും ചെയ്യും. കൂട്ടത്തിൽ, ഉപയോഗയോഗ്യമായവ ഉണ്ടെങ്കിൽ ചുളുവിലയ്ക്ക് ആർക്കെങ്കിലും വാങ്ങുകയും ചെയ്യാം. എങ്ങനെ നോക്കിയാലും നല്ല കാര്യം തന്നെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |