കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനടക്കമുള്ള നേതാക്കളെ സമൂഹ മാദ്ധ്യമത്തിൽ അധിക്ഷേപിച്ച നടൻ വിനായകനെതിരെ യൂത്ത് കോൺഗ്രസ് ഡി.ജി.പിക്ക് പരാതി നൽകി. നടന്റെ ഫേസ്ബുക്ക്‌പോസ്റ്റ് മനഃസാക്ഷിയെ വേദനിപ്പിക്കുന്നതാണെന്നും ഇവ സമൂഹ മാദ്ധ്യമത്തിൽ പങ്കുവയ്‌ക്കുന്നത് ക്രമസമാധാനം തകർക്കാൻ സാദ്ധ്യതയുണ്ടെന്നും യൂത്ത്‌കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് കേസ് എടുത്തിട്ടില്ല.
മഹാത്മാഗാന്ധി. ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുൾപ്പെടെയുള്ള മുൻ പ്രധാനമന്ത്രിമാരെയും, മുൻ മുഖ്യമന്ത്രിമാരായ കെ. കരുണാകരൻ, ഉമ്മൻചാണ്ടി, മുൻ എം.പി. ജോർജ് ഈഡൻ തുടങ്ങിയവരെയും അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റിൽ പരാമർശമുണ്ട്.
കഴിഞ്ഞദിവസം എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പ്രദേശത്തെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ വിനായകൻ വി.എസിന് അന്ത്യാഭിവാദ്യം അർപ്പിച്ചിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിനായകനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക പ്രതിഷേധമുണ്ടായി. പിന്നാലെ നടൻ തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നവരുടെ സ്‌ക്രീൻഷോട്ടുകൾ ഫേസ്ബുക്കിൽ പങ്കുവച്ചെങ്കിലും വിമർശനം കടുത്തതോടെ ഇവയെല്ലാം നീക്കി. ഇന്നലെ ഉച്ചയോടെയാണ് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നത്.
വിനായകനെതിരെ അന്വേഷണത്തിന്
മുഖ്യമന്ത്രി നിർദ്ദേശം നൽകി
പാലാ: മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള അന്തരിച്ച പ്രമുഖ നേതാക്കളെ അധിക്ഷേപിച്ച് സാമൂഹ്യ മാദ്ധ്യമത്തിൽ പോസ്റ്റിട്ട നടൻ വിനായകനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഡി.ജി.പിക്ക് നിർദ്ദേശം നൽകി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് നൽകിയ പരാതിയെത്തുടർന്നാണ് മുഖ്യമന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
ഗാന്ധിജിയെ അധിക്ഷേപിച്ചതിനെതിരെ 1950ലെ നെയിംസ് ആന്റ് എബ്ളംസ് ആക്ട്, 197 ലെ നാഷണൽ ഹോണർ ആക്ട് എന്നിവ പ്രകാരം നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |