തലസ്ഥാനനഗരിയിൽ ഇത്ര മനോഹരമായ ഒരു സ്ഥലമുള്ളത് ഒട്ടുമിക്കവർക്കും അറിയില്ലെന്നതാണ് സത്യം. പക്ഷേ, ഒരുതവണ അവിടെപ്പോയാൽ വീണ്ടുംവീണ്ടും പോകണമെന്ന് ആഗ്രഹിക്കും. അതാണ് ആ സ്ഥലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. തിരുവനന്തപുരം ജില്ലയിലെ വെമ്പായത്തിനടുത്തുള്ള തമ്പുരാൻ, തമ്പുരാട്ടി പാറകളാണ് സഞ്ചാരികളെ മാടിവിളിക്കുന്നത്.
സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 700 അടി ഉയരത്തിൽ 17 ഏക്കറോളം ചുറ്റളവിലാണ് ഈ രണ്ടു പാറകളും ഉള്ളത്. അതിനാൽത്തന്നെ ചെങ്കുത്തായ കുന്നുകളും പടവുകളും താണ്ടി പാറയ്ക്ക് മുകളിലെത്തണമെങ്കിൽ അല്പം സാഹസിക മനോഭാവംവേണം. പാറയുടെ മുകളിലെത്തിയാൽ കാഴ്ചയുടെ ഒരു വിസ്മയലോകം തന്നെ നിങ്ങൾക്കുമുന്നിൽ തുറക്കപ്പെടും. അത്രയും നേരം നടന്നതിന്റെ ക്ഷീണം ഒറ്റനിമിഷംകൊണ്ട് പമ്പകടക്കും.
ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും 20കിലോമീറ്റളോളം അകലെയുള്ള വെമ്പായം ജംഗ്ഷനിൽ നിന്ന് മൂന്നാനക്കുഴി എന്ന സ്ഥലത്തേക്ക് പോകുന്ന വഴിയിലാണ് തമ്പുരാൻ, തമ്പുരാട്ടി പാറകൾ.വെമ്പായം ജംഗ്ഷനിൽ നിന്ന് കഷ്ടിച്ച് അഞ്ചുകിലോമീറ്റർ മാത്രം അകലെയാണ്. രണ്ട് പാറകളും തൊട്ടടുത്താണ്. അംഗരക്ഷകരെന്ന് പ്രദേശവാസികൾ വിളിക്കുന്ന തിരുമുറ്റംപാറയും മുത്തിപ്പാറയും കടന്ന് ആദ്യം എത്തുന്നത് തമ്പുരാട്ടി പാറയിലാണ്. ഒരു സ്ത്രീ കിടക്കുന്നതിന് സമാനമാണ് പാറയുടെ ആകൃതി. ഈ പാറ കടന്നുവേണം തമ്പുരാൻ പാറയിൽ എത്താൻ. പാറയ്ക്ക് മുകളിൽ ഒരിക്കലും വറ്റാത്ത ഉറവയും കാണാം. വർഷങ്ങളായി ആരാധന നടത്തിവരുന്ന ഗുഹാക്ഷേത്രവും പതിനഞ്ചടിയോളം ഉയരമുള്ള ഒരു ഗണപതി വിഗ്രഹവും തമ്പുരാൻ പാറയിലുണ്ട്.
പാറയുടെ ഒത്തമുകളിലെത്തുമ്പോഴുള്ള നല്ല തണുത്ത കാറ്റ് ശരീരത്തെയും മനസിനെയും ഒന്നുപോലെ തണുപ്പിക്കും. ആ തണുപ്പിലലിഞ്ഞ് നഗരത്തിന്റെയും പരിസരത്തിന്റെയും സുന്ദരദൃശ്യങ്ങളും കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |