SignIn
Kerala Kaumudi Online
Monday, 28 July 2025 10.19 AM IST

ഇന്ത്യ- യു.കെ വ്യാപാര കരാർ, പുതിയ ഭാരതത്തിലേക്ക് വലിയ ചുവടുവയ്പ്

Increase Font Size Decrease Font Size Print Page

aa

നാഴികക്കല്ലായി മാറുന്ന ഇന്ത്യ- യു.കെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന ദർശനത്തിന് അനുപൂരകമായി, ഇന്ത്യയിലെ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും കരകൗശല വിദഗ്ദ്ധർക്കും ചെറുകിട വ്യാപാരികൾക്കും മറ്റും ആഗോളതലത്തിൽ വ്യക്തിമുദ്ര പതിപ്പിക്കാനും, അനവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, സാധാരണക്കാർക്ക് മത്സരാധിഷ്ഠിത നിരക്കിൽ ഉന്നത നിലവാരമുള്ള ഉത്പന്നങ്ങൾ ലഭിക്കുന്നതിനും വഴിയൊരുക്കും.

ഓസ്‌ട്രേലിയ, യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ രാജ്യങ്ങൾ, യു.എ.ഇ എന്നിവ ഉൾപ്പെടെയുള്ള മറ്റ് വികസിത രാജ്യങ്ങളുമായി ഇതിനകം ഇന്ത്യ യാഥാർത്ഥ്യമാക്കിയ സമാനമായ കരാറുകളുടെ തുടർച്ചയാണിത്. 2047-ൽ വികസിതഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് സാമ്പത്തിക വളർച്ചയും തൊഴിലവസര സൃഷ്ടിയും പരമാവധിയിലെത്തിക്കുക എന്ന മോദി സർക്കാരിന്റെ തന്ത്രത്തിന്റെ ഭാഗം കൂടിയാണ് ഇത്.


ആഗോളതലത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട ആത്മവിശ്വാസം പുനർനിർമ്മിക്കുന്നതിനും, വിദേശ നിക്ഷേപകർക്ക് ഇന്ത്യൻ വിപണി ആകർഷകമാക്കിത്തീർക്കുന്നതിനുമുള്ള ദൃഢനിശ്ചയത്തോടെയുള്ള തന്ത്രം 2014 മുതൽ മോദി സർക്കാർ സ്വീകരിച്ചു പോരുന്നു. ഈ വിശാലമായ തന്ത്രത്തിന്റെ ഭാഗമായാണ് ഒന്നിനുപുറകെ ഒന്നായി വികസിത രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകളിൽ ഏർപ്പെടുന്നത്. വ്യാപാര നയങ്ങൾ സംബന്ധിച്ച അനിശ്ചിതത്വങ്ങൾ പൂർണമായും നീക്കുന്ന സ്വതന്ത്ര വ്യാപാര കരാറുകൾ നിക്ഷേപകരുടെ ആത്മവിശ്വാസം പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു.

വികസനത്തിന്റെ

പരിണാമം

യു.പി.എ ഭരണകാലത്ത് വികസിത രാജ്യങ്ങൾ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ ഏതാണ്ട് ഉപേക്ഷിച്ച മട്ടായിരുന്നു. അന്ന് ആഗോളതലത്തിൽ ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായാണ് ഇന്ത്യ കണക്കാക്കപ്പെട്ടിരുന്നത്. 2014-നു ശേഷമുള്ള കാലയളവിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (GDP) ഏകദേശം മൂന്നിരട്ടി വർദ്ധിച്ച് 331 ലക്ഷം കോടി രൂപയായി ഉയർന്നു. വിപ്ലവകരമായ പരിഷ്‌കാരങ്ങൾ, സുഗമമായ ബിസിനസ് അന്തരീക്ഷം, മോദിയുടെ ആഗോള സ്വീകാര്യത എന്നിവ ശക്തമായ അവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യയെ സഹായിച്ചു. ലോകം ഇന്ന് ഇന്ത്യയുടെ വിജയഗാഥയിൽ പങ്കാളികളാകാനും സ്വതന്ത്ര വ്യാപാര കരാറുകളിൽ ഏർപ്പെടാനും ആഗ്രഹിക്കുന്നു.

യു.കെ വിപണിയിയുടെ സമസ്ത മേഖലകളിലും ഇന്ത്യൻ ഉത്പന്നങ്ങൾക്ക് സമഗ്രമായ വിപണി പ്രവേശനം ഇപ്പോഴത്തെ കരാർ ഉറപ്പാക്കും. വ്യാപാര മൂല്യത്തിന്റെ ഏകദേശം 100 ശതമാനം ഉൾക്കൊള്ളുന്ന ഉത്പന്നങ്ങളിൽ 99 ശതമാനത്തിനും നികുതി ഒഴിവാക്കിയിട്ടുണ്ട്. CETA (കോംപ്രിഹെൻസീവ് ഇക്കണോമിക് ആൻഡ് ട്രേഡ് എഗ്രിമെന്റ്)​ പൂർണതോതിൽ പ്രാവർത്തികമാകുന്ന 2030 ആകുന്നതോടെ വ്യാപാരം ഇരട്ടിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് 56 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരത്തിനുള്ള വലിയ അവസരങ്ങൾ സൃഷ്ടിക്കുന്നു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് സമാന മേഖലയിലെ എതിരാളികളെക്കാൾ മത്സരക്ഷമതയിൽ മുൻതൂക്കമുള്ള സാഹചര്യത്തിൽ ചെറുകിട ബിസിനസുകൾ അഭിവൃദ്ധിപ്പെടും.

കർഷകർക്ക്

ഗുണകരം

95 ശതമാനം കാർഷിക ഉത്പന്നങ്ങൾക്കും സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കൾക്കും പൂർണമായും നികുതി ഒഴിവാകും. ഇത് കാർഷിക കയറ്റുമതിയിലും ഗ്രാമീണ അഭിവൃദ്ധിയിലും ദ്രുതഗതിയിലുള്ള മുന്നേറ്റത്തിന് വഴിയൊരുക്കും. തീരുവരഹിത വിപണി പ്രവേശനം മൂന്നു വർഷത്തിനുള്ളിൽ കാർഷിക കയറ്റുമതി 20 ശതമാനത്തിലധികം വർദ്ധിപ്പിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് 2030 ആകുമ്പോഴേക്കും 100 ബില്യൺ ഡോളർ കാർഷിക കയറ്റുമതി എന്ന നമ്മുടെ ലക്ഷ്യത്തിന് ഗണ്യമായ സംഭാവന നൽകുമെന്ന് വിശ്വസിക്കാം.

ആഭ്യന്തര കർഷകരെ സംരക്ഷിക്കുന്നതിനായി ഇന്ത്യൻ കാർഷിക മേഖലയിലെ അതീവ സംവേദനാത്മകമായ വിഭാഗങ്ങളെ CETA ഒഴിവാക്കുന്നു. പാൽ ഉത്പന്നങ്ങൾ, ഓട്‌സ്, പാചക എണ്ണകൾ എന്നിവയ്ക്ക് ഇന്ത്യ യാതൊരു നികുതി ഇളവുകളും നൽകിയിട്ടില്ല. ഭക്ഷ്യസുരക്ഷ, ആഭ്യന്തര വിലസ്ഥിരത, ദുർബല കർഷക സമൂഹങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകാനുള്ള മോദി സർക്കാരിന്റെ ഉറച്ച നയകുശലതയാണ് ഈ ഒഴിവാക്കലുകളിലൂടെ പ്രതിഫലിക്കുന്നത്. ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ, പ്രത്യേകിച്ച് കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, എന്നിവിടങ്ങളിലുള്ളവർക്ക് യു.കെയുടെ സമുദ്ര വിപണിയിലേക്കുള്ള പ്രവേശനത്തിലൂടെ അതിശയകരമായ അഭിവൃദ്ധി സാദ്ധ്യമാകും.

മാറ്റങ്ങളിലേക്ക്

മുഖം മാറുന്നു


പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ യാഥാർത്ഥ്യമാക്കപ്പെടുന്ന ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാറുകൾ ചരക്കുകൾക്കും സേവനങ്ങൾക്കുമപ്പുറം കടന്ന് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നു. EFTA (യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ)​ രാജ്യങ്ങളുമായി ചേർന്ന്, ഇന്ത്യയിൽ നേരിട്ടുള്ള ഒരു ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന 100 ബില്യൺ ഡോളറിന്റെ നിക്ഷേപം ഇന്ത്യ ഉറപ്പാക്കി. ബ്രിട്ടനുമായുള്ള കരാറിന്റെ ഏറ്റവും പ്രധാന വശങ്ങളിലൊന്നാണ് ഡബിൾ കോൺട്രിബ്യൂഷൻ കൺവെൻഷൻ. ഇത് യു.കെയിലെ തൊഴിലുടമകളെയും താത്കാലിക ഇന്ത്യൻ തൊഴിലാളികളെയും മൂന്നു വർഷത്തേക്ക് സാമൂഹിക സുരക്ഷാ സംഭാവനകളിൽ നിന്ന് ഒഴിവാക്കുന്നു. ഇന്ത്യൻ സേവനദാതാക്കളുടെ മത്സരശേഷി ഇത് ഗണ്യമായി വർദ്ധിപ്പിക്കും.

മോദി സർക്കാർ ഒപ്പുവച്ച ഓരോ സ്വതന്ത്ര വ്യാപാര കരാറിനെയും വ്യവസായ സംഘടനകൾ സർവാത്മനാ പിന്തുണയറിയിച്ച് സ്വാഗതം ചെയ്യുന്നു എന്നത് സന്തോഷകരമാണ്. വൻകിട സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള സന്തുലിതവും അഭിലഷണീയവുമായ വ്യാപാര കരാറുകൾക്കുള്ള ഒരു മാനദണ്ഡമാണ് CETA. നമ്മുടെ കാതലായ താത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ, അടിസ്ഥാന ജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവർക്ക് ആകർഷകമായ ആഗോള അവസരങ്ങൾ സ്വതന്ത്ര വ്യാപാര കരാറുകൾ തുറന്നു നൽകുന്നു. പുതിയ ഇന്ത്യ എങ്ങനെയാണ് ബിസിനസ് ബന്ധങ്ങളിലേർപ്പെടുന്നത് എന്നതിന്റെ തിളക്കമാർന്ന ഉദാഹരണം കൂടിയാണിത്.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.