കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന് ഒരു വർഷം പൂർത്തിയാവുകയാണ്. പുന്നപ്പുഴയുടെ ഇരുകരകളിലുമായി പുഞ്ചിരിമുറ്റവും മുണ്ടക്കൈയും അട്ടാമലയും ആറാമലയും ഉൾപ്പെടുന്ന ചൂരൽമല, ഒരു ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ 298 പേരുടെ മരണം രേഖപ്പെടുത്തിയ ദുരന്തം. ഇത്രമേൽ വേദനിപ്പിച്ച മറ്റൊരു ദുരന്തം സമീപകാലത്ത് രാജ്യത്തുണ്ടായിട്ടില്ല. പൊലീസ്, ഫയർഫോഴ്സ്, എസ്.പി.ജി, കരസേന, നാവികസേന, കോസ്റ്റ് ഗാർഡ്, ദുരന്ത പ്രതികരണ സേന, യൂത്ത് ഡിഫൻസ്, കടാവർ ഡോഗ്സ്... പിന്നെ, കേരളത്തിന്റെയും രാജ്യത്തിന്റെ വിവിധ മേഖലകളിൽനിന്നുമുള്ള രക്ഷാപ്രവർത്തകരും ചേർന്ന മഹാദൗത്യമായിരുന്നു, മുണ്ടക്കൈ- ചൂരൽമല ദുരന്തമേഖലയിലെ രക്ഷാകർമ്മം.
അതിനൊക്കെ ശേഷം, പുനരധിവാസത്തിന്റെയും പുനർനിർമ്മാണ പ്രവർത്തനങ്ങളുടെയും അസാധാരണ മാതൃക അവിടെ യാഥാർത്ഥ്യമാക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെ സമർപ്പിതശ്രമം തുടരുക തന്നെയാണ്. 2024 ഓഗസ്റ്റ് 24-നകം അവസാനത്തെ ദുരുതാശ്വാസ ക്യാമ്പിലെയും ആളുകളെ പുനരധിവാസ സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. വാടകവീടുകളിൽ താമസിക്കുന്നവർക്കു മാത്രമല്ല, ബന്ധുവീടുകളിലേക്ക് മാറിയവർക്കും 6000 രൂപ വീതം അന്നുമുതൽ ഈ മാസം വരെയും കൊടുക്കാനായി. ക്യാമ്പുകളിൽ താമസിച്ചിരുന്നവർക്ക് എസ്.ഡി.ആർ.എഫും സി.എം.ഡി.ആർ.എഫും ഉപയോഗിച്ച് 10,000 രൂപയുടെ സഹായങ്ങൾ ആദ്യഘട്ടത്തിൽ നൽകി. എല്ലാ ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക്, ഒരു കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ രണ്ടുപേർക്ക് 300 രൂപ വീതം അനുവദിച്ചു. പൂർണമായും ആശുപത്രിക്കിടക്കയിൽ കഴിയുന്നവരുടെ സഹായികളായി ഒപ്പം നിന്നിരുന്നവർക്കും 300 രൂപ വീതം നൽകാൻ കഴിഞ്ഞിട്ടുണ്ട്.
ദുരന്തമുണ്ടായി ഒരുമാസം കഴിഞ്ഞപ്പോൾത്തന്നെ മുണ്ടക്കൈ എൽ.പി സ്‌കൂളിലെ കുട്ടികളുടെ തുടർപഠനം ഉറപ്പുവരുത്തി, മേപ്പാടി സ്‌കൂളിനടുത്തുള്ള എ.പി.ജെ അബ്ദുൾകലാം ഹാളിൽ ക്ലാസുകൾ തുടങ്ങി. അഞ്ഞൂറിലധികം വരുന്ന വെള്ളാർമല സ്‌കൂളിലെ കുട്ടികൾക്ക് മേപ്പാടി ഹയർ സെക്കണ്ടറി സ്‌കൂളിൽ പഠനം തുടരാനും നടപടി സ്വീകരിച്ചു. ബിൽഡിംഗ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ സി.എസ്.ആർ സഹായത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ടുകോടി രൂപ ചെലവിൽ മേപ്പാടി സ്‌കൂളിൽ രണ്ട് നിലകളുള്ള കെട്ടിടം നിർമ്മിച്ച് വെള്ളാർമലയിലെ കുട്ടികൾക്കു കൂടി പഠിക്കാൻ സൗകര്യമൊരുക്കി. പൊതുവിദ്യഭ്യാസ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് പുതിയൊരു കെട്ടിടം കൂടി ഓഗസ്റ്റ് പകുതിയോടെ പൂർത്തിയാകുന്നുണ്ട്.
പുനർനിർമ്മാണം
എന്ന മഹാദൗത്യം
കേന്ദ്രസർക്കാരിൽ നിന്ന് വായ്പയായി ലഭിച്ച പണവും, ഹൈക്കോടതി എസ്.ഡി.ആർ.എഫിന്റെ മാനദണ്ഡങ്ങൾ മറികടന്ന് ചെലവഴിക്കാൻ നൽകിയ 120 കോടിയും ഉപയോഗിച്ച് വിപുലമായ നിർമ്മാണ പ്രവർത്തനങ്ങളുടെ തയ്യാറെടുപ്പിലേക്ക് സർക്കാർ കടന്നുകഴിഞ്ഞു. നാല് പാലങ്ങളുടെയും എട്ട് റോഡുകളുടെയും നിർമ്മാണം അന്തിമഘട്ടത്തിലാണ്. വെള്ളാർമല സ്‌കൂൾ, വൈത്തിരി താലൂക്ക് ആശുപത്രി, തകർന്ന അങ്കണവാടികൾ ഉൾപ്പടെയുള്ള പുനർനിർമ്മിക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നു.
ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന് ദേശസാത്കൃത ബാങ്കുകളോട് നിർദ്ദേശിക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിട്ടിക്ക് അധികാരമുണ്ടെങ്കിലും, ഈ അധികാരം പ്രയോഗിക്കപ്പെട്ടില്ല. കേരള ബാങ്ക്, ദുരന്തഭൂമിയിലെ മുഴുവൻ കടങ്ങളും എഴുതിത്തള്ളി മാതൃക കാണിച്ചുകൊണ്ടാണ് കേന്ദ്രത്തിന് അപേക്ഷ സമർപ്പിച്ചത്. ഓഗസ്റ്റ് മുതൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതിയുടെ മുമ്പാകെ, എല്ലാ ആഴ്ചയും തങ്ങൾ പരിഗണിക്കുകയും പരിശോധിക്കുകയും ചെയ്യുമെന്ന് തുടർച്ചയായി പറഞ്ഞ സോളിസിറ്റർ ജനറൽ, ജൂൺ ആദ്യവാരം നൽകിയ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയത് ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാൻ ദുരന്ത നിവാരണ അതോറിട്ടിക്ക് നല്കിയിരുന്ന അധികാരം മാർച്ച് മാസത്തിൽ പാർലമെന്റ് എടുത്തുകളഞ്ഞു എന്നാണ്!
കേരളം ആവശ്യപ്പെട്ട മനുഷ്യത്വപരമായ വലിയൊരു സഹായം ലഭ്യമാക്കാതിരിക്കാൻ ആ വകുപ്പ് തന്നെ എടുത്തുകളയുക എന്ന അപകടരമായ ഒരു നിലവാരത്തിലേക്ക് കേന്ദ്രം എത്തിയെന്നാണ് ഇതിന് അർത്ഥം. സാധാരണ നിലയിൽ കിട്ടുന്ന എസ്.ഡി.ആർ.എഫ് അല്ലാതെ ഒരു സഹായവും അനുവദിച്ചില്ല. കേന്ദ്ര ബഡ്ജറ്റിൽ വയനാട് ദുരന്തത്തെക്കുറിച്ച് ഒരു വരിപോലും പരാമർശിച്ചില്ല. എന്നുമാത്രമല്ല, രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തവേളയിൽ പ്രയാസത്തിലായിരുന്ന കേരളത്തോട്, പണ്ട് പ്രളയകാലത്തു നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ ഹെലികോപ്ടർ വാടക ഇനത്തിൽ 120 കോടി രൂപ അടിയന്തരമായി നല്കണമെന്ന് നിർദ്ദേശിക്കുകയാണ് കേന്ദ്രം ചെയ്തത്.
ബാദ്ധ്യതകൾക്ക്
പരിഹാരമാകും
ചൂരൽമലയിലെ ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളില്ലെന്ന കേന്ദ്രത്തിന്റെ ധിക്കാര സമീപനം കേട്ടിരിക്കാനല്ല കേരളം ഉദ്ദേശിക്കുന്നത്. ആ കടങ്ങൾ ഇല്ലാതാക്കുന്ന സഹായങ്ങൾ കൂട്ടായ ആലോചനയിലൂടെ കണ്ടെത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണും. പുനരധിവാസത്തിന് ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിൽ കണ്ടെത്തിയ രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ഉടമകൾ കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് സമ്പാദിക്കുകയായിരുന്നു. തുടർന്ന്, ഡിസംബർ 27-ന് പുറപ്പെടുവിച്ച വിധിയിലൂടെയാണ് രണ്ട് എസ്റ്റേറ്റുകളും ഏറ്റെടുത്ത് പുനരധിവാസം മുന്നോട്ടു കൊണ്ടുപോകാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി ശരിവച്ചത്.
ദുരന്തബാധിതരെ പൂർണമായും ഒരു ടൗൺഷിപ്പിലേക്ക് കൊണ്ടുവരും. ടൗൺഷിപ്പിലേക്കു വരാൻ ആഗ്രഹിക്കാത്തവർക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകും. വീടുകൾ സ്‌പോൺസർ ചെയ്ത എല്ലാ ആളുകളുടെയും സംഘടനകളുടെയും യോഗം സർക്കാർ വിളിച്ചുചേർത്തിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 13-നാണ് ടൗൺഷിപ്പിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനായത്. കനത്ത മഴയുണ്ടായിട്ടും അഞ്ച് സോണുകൾ നിശ്ചയിച്ചതിൽ മൂന്ന് സോണുകളിലും ഒരേസമയം നിർമ്മാണം പുരോഗമിക്കുകയാണ്. നമ്മൾ ഇതുവരെ നടത്തിയിട്ടില്ലാത്തത്ര വിപുലമായ പുനരധിവാസ പ്രവർത്തനങ്ങളാണ് ചൂരൽമലയിൽ നടക്കുന്നത്. ഈ പുതിയ നഗരം കേരളചരിത്രത്തിലെ ആദ്യത്തെ മോഡലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |