കൊവിഡിനുശേഷമുള്ള വർഷങ്ങളിൽ കേരളത്തിലുണ്ടാകുന്ന പകർച്ചവ്യാധികൾ മനുഷ്യന്റെ ആരോഗ്യത്തെ പിടിച്ചുലയ്ക്കുന്നുണ്ട്. ഈ മൺസൂൺ കാലത്തും ശരീരത്തിന്റെ പ്രതിരോധം കുറയുന്ന സമയത്താണ് പകർച്ചവ്യാധികളുടെ പട തന്നെ ആക്രമണത്തിനിറങ്ങിയിരിക്കുന്നത്. നിപ്പ ഉൾപ്പെടെയുള്ള വെെറസുകളുടെ തിരിച്ചുവരവ് കരുതിയിരിക്കണമെന്നാണ് വെെദ്യശാസ്ത്ര വിദഗ്ദ്ധർ പറയുന്നത്. മനുഷ്യരുടെ ആരോഗ്യനിലവാരവും രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കുക എന്നതു മാത്രമാണ് പ്രധാന പോംവഴി. അതിന് ചികിത്സാശാഖകളും ചികിത്സാരീതികളും തമ്മിൽ പോരടിച്ചാൽ പോരാ, ഒന്നിക്കണമെന്നതാണ് പൊതുവേയുള്ള അഭിപ്രായം. ലോകജനതയുടെ 80 ശതമാനവും ആധുനിക ചികിത്സാ രീതികളോടൊപ്പം ഏതെങ്കിലും രീതിയിലുള്ള പരമ്പരാഗത ചികിത്സകളും സ്വീകരിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. സിന്തറ്റിക് മരുന്നുകളുടെ വലിയതോതിലുള്ള ഉപയോഗം പാർശ്വഫലങ്ങൾക്കും തുടർന്ന് മറ്റു രോഗാവസ്ഥകൾക്കും കാരണമാകുന്നു എന്ന തിരിച്ചറിവ് വലിയരീതിയിൽ തന്നെ ജനങ്ങളെ സ്വാധീനിക്കുന്നുണ്ട്. താരതമ്യേന പാർശ്വഫലങ്ങൾ കുറഞ്ഞ ചികിത്സാരീതികളിലുള്ള വിശ്വാസം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് അശ്വഗന്ധ എന്ന ഔഷധത്തിന്റെ ആഗോള വിപണി. ചൈനീസ് ജിൻസെങിന് തുല്യമായി 1.9 ബില്ല്യൺ ഡോളർ വിറ്റുവരവിൽ എത്തിയിരിക്കുകയാണ് അശ്വഗന്ധ.
പലതരം ചികിത്സാരീതികളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഇന്റെഗ്രേറ്റീവ് മെഡിസിൻ രീതികളെ പ്രോത്സാഹിപ്പിക്കുന്നതിനായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ വിവിധതരം പദ്ധതികൾ ലോകമെമ്പാടും നടത്തിവരുന്നുണ്ട്.
വ്യത്യസ്ത വൈദ്യശാസ്ത്ര ശാഖകളുടെ മേന്മകൾ സങ്കലനം ചെയ്തുകൊണ്ടുള്ള ചികിത്സാരീതികളുടെ ഗുണഫലങ്ങൾ ഏറെയാണെന്ന് ശാസ്ത്ര പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിൽ അലോപ്പതിചികിത്സക്കൊപ്പം ആയുഷ് ചികിത്സാരീതികളും ലഭ്യമാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാരിൻറെ കോ ലൊക്കേഷൻ പദ്ധതിയും വർദ്ധമാൻ മഹാവീർ മെഡിക്കൽ കോളേജ്, സഫ്‌ദർജംഗ് ഹോസ്‌പിറ്റൽ, ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് എന്നീ കേന്ദ്ര ഗവൺമെന്റ് ആശുപത്രികളിലെ ഇന്റെഗ്രേറ്റീവ് മെഡിസിൻ ഡിപ്പാർട്ട്മെന്റ് വിഭാവനം ചെയ്തിരിക്കുന്നതും ഇതിനെ അടിസ്ഥാനമാക്കിയാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ശക്തികളെ ആയുർവേദത്തിന്റെ സമഗ്രമായ സമീപനവുമായി സംയോജിപ്പിക്കുക, കൂടുതൽ സമഗ്ര ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്
ഇന്ത്യയിൽ അമൃത വിശ്വവിദ്യാ പീഠം പോലുള്ള സ്ഥാപനങ്ങളും യു.എസിലെ മഹാറിഷി ഇന്റർനാഷണൽ യൂണിവേർസിറ്റി ഉൾപ്പടെ നിരവധി വിദേശ യൂണിവേഴ്‌സിറ്റികളും ഇന്റെഗ്രേറ്റീവ് മെഡിസിൻ കോഴ‌്സ് നടത്തിവരുന്നുണ്ട്. സിലബസ് അലോപ്പതിയിലായാലും ലോകത്താകമാനം ഉപയോഗിക്കുന്ന മരുന്നുകളിൽ 25% വും സസ്യാധിഷ്‌ഠിത മരുന്നുകളാണെന്ന വസ്തുതയും പഠനങ്ങളിൽ വെളിപ്പെടുന്നുണ്ട്. പലതരം ചികിത്സാരീതികൾ സമന്വയിപ്പിക്കുമ്പോൾ പൊതുജനാരോഗ്യത്തിന് ഗുണഫലങ്ങൾ നൽകുന്നതായിരിക്കണം.
ആയുർവേദ മരുന്നുകൾ കഴിച്ചാൽ ആന്തരിക അവയവങ്ങൾ തകരാറിലാകും എന്ന പ്രചാരണങ്ങൾ കൂടി വരുന്നുണ്ട്. എല്ലാത്തരം ചികിത്സാരീതികളെയും സമന്വയിപ്പിക്കുന്നത് ഭാവിയിൽ മരുന്നുകളുടെ ഉപഭോഗം 50% വരെ കുറയ്ക്കുന്നതിനും മികച്ച ജീവിത നിലവാരം സാദ്ധ്യമാകുന്നതിനും സഹായകരമാകും എന്ന് ലോകാരോഗ്യസംഘടന പോലും വിലയിരുത്തുന്നുണ്ട്. എല്ലാ ചികിത്സാരീതികളുടേയും പരിമിതികളും കുറവുകളും ദോഷവശങ്ങളും തിരിച്ചറിഞ്ഞ് രോഗിയുടെ ആരാേഗ്യാവസ്ഥ മെച്ചപ്പെടുത്തുക തന്നെയാണ് പ്രധാനം.
എല്ലാം തികഞ്ഞ
ശാസ്ത്രമുണ്ടോ?
ഒരു ചികിത്സാരീതിയും പൂർണ്ണമല്ലെന്നും ആധുനിക ചികിത്സ ലോകത്താകമാനം സൃഷ്ടിച്ച ആരോഗ്യരംഗത്തെ മുന്നേറ്റത്തെക്കുറിച്ചും ആർക്കും വ്യത്യസ്ത അഭിപ്രായമുണ്ടാകില്ല. പക്ഷേ, പുതിയ കാലത്തിനനുസരിച്ച് മാറി ചിന്തിക്കേണ്ടതും അനിവാര്യതയാണ്. ജിപ്മെറിൽ ബി.എ.എം.എസ് - എം.ബി.ബി.എസ് ഇന്റേഗ്രേറ്റെഡ് കോഴ്‌സുകൾ ആരംഭിക്കുന്നതിന് നേരിടുന്ന തടസങ്ങളും പ്രതിരോധങ്ങളും മാറേണ്ടതുണ്ടെന്നാണ് വലിയൊരു വിഭാഗം ആരോഗ്യപ്രവർത്തകർ തന്നെ പറയുന്നത്. ആയുർവേദത്തിന്റെ സാദ്ധ്യതകൾ അലോപ്പതി വിഭാഗക്കാർക്ക് കൂടുതൽ മനസിലാക്കുന്നതിനും ചികിത്സാ രംഗത്തെ ഫലസിദ്ധി കൂട്ടുന്നതിനും അത് വഴിയൊരുക്കും. ആയുർവ്വേദവുമായി ബന്ധപ്പെട്ട ഗവേഷണഫലങ്ങൾ ഇപ്പോൾ ധാരാളമുണ്ട്. പക്ഷേ, മറ്റൊരു ലക്ഷ്യത്തോടെ ഏതൊരു ചികിത്സാരീതിയേയും നിരാകരിക്കുന്ന പ്രവണത
ഒഴിവാക്കണമെന്നാണ് പൊതുവേയുള്ള അഭിപ്രായം. ചൈനയിൽ നടപ്പിലായതുപോലെ പൊതുജനാരോഗ്യത്തിനായി സർക്കാർ തലത്തിലും അല്ലാതെയും നിരവധി ഗവേഷണങ്ങൾ ആയുർവ്വേദ രംഗത്ത് നിരന്തരമായി നടക്കുന്നതും ശാസ്ത്രീയ അടിത്തറ ഉറപ്പിക്കാൻ സഹായകമാണ്. വ്യത്യസ്‌ത ചികിത്സാ രീതികൾ സമന്വയിപ്പിച്ചുകൊണ്ട് ഒത്തൊരുമിച്ചുള്ള ഒരു മുന്നേറ്റം വൻസാദ്ധ്യതകളാണ് തുറന്നു തരുന്നതെന്ന് ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.
ആയുർവേദം
തേടി കേരളത്തിലേക്ക്
ഏറ്റവും മികച്ച ആയുർവേദ ചികിത്സ തേടി കേരളത്തിലെത്തുന്ന വിദേശികളും അന്യസംസ്ഥാനങ്ങളിലെ പ്രമുഖരുമേറെയാണ്. പ്രത്യേകിച്ച് ഈ കർക്കടകമാസത്തിൽ ആയുർവേദചികിത്സാ കേന്ദ്രങ്ങളിൽ വൻ തിരക്കാണ്. കഴിഞ്ഞ ദിവസം തൃശൂർ തളിക്കുളം സീതാറാം ആയുർവേദ ബീച്ച് റിട്രീറ്റിൽ ചികിത്സക്കായി ഓൾ ഇന്ത്യ ടെററിസ്റ്റ് ഫ്രണ്ട് ചെയർമാനും യൂത്ത് കോൺഗ്രസ് മുൻ ദേശീയ അദ്ധ്യക്ഷനുമായ മനീന്ദർ ജിത് സിംഗ് ബിട്ട എത്തിയിരുന്നു. മൂന്നാം തവണയാണ് അദ്ദേഹമെത്തിയത്. കേരളത്തിലെ ആയുർവേദ ചികിത്സ മഹത്തരമാണെന്നും അത് തന്നെ ആരോഗ്യവാനാക്കിയെന്നും അനുഭവം കൊണ്ട് ആയുർവേദത്തിന്റെ ഫലസിദ്ധി തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. നിരവധി ബോംബ് സ്‌ഫോടനങ്ങളിൽ നിന്ന് അത്ഭുതകരമായാണ് അദ്ദേഹം രക്ഷപ്പെട്ടത്. കാലുകൾക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. ആരോഗ്യപ്രശ്‌നങ്ങളേറെയുണ്ടായിരുന്നു. അതെല്ലാം കുറഞ്ഞു. നടക്കാനുളള പ്രയാസങ്ങൾ മാറി. ഇനിയും ആയുർവേദ ചികിത്സയ്ക്ക് വരാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറയുന്നു. സീതാറാം എം.ഡി ഡോ. ഡി.രാമനാഥൻ, ഡോ. വിഘ്‌നേഷ് ദേവരാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അദ്ദേഹത്തിന് ചികിത്സ നൽകിയത്.
നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റായിരുന്നു മനീന്ദർജീത് സിംഗ് ബിട്ട. 14 പ്രാവശ്യം അദ്ദേഹത്തിനു നേരെ ഭീകരാക്രമണമുണ്ടായി.
ഇപ്പോഴും ഇസെഡ് പ്ലസ് സുരക്ഷ ഇദ്ദേഹത്തിനുണ്ട്. ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കുന്ന ഓൾ ഇന്ത്യ ആന്റ്റി ടെററിസ്റ്റ് ഫ്രണ്ട് എന്ന സന്നദ്ധസംഘടനയുടെ ചെയർമാനായ ബിട്ട ആയുർവേദത്തെക്കുറിച്ച് പറയുന്നത് ഒരു ജീവിതപാഠം കൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |