വൈക്കം : വേമ്പനാട്ടുകായലിൽ ചെമ്പ് മുറിഞ്ഞപുഴയ്ക്ക് സമീപം വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി, 22 പേരെ രക്ഷപ്പെടുത്തി. കാട്ടിക്കുന്ന് തുരുത്തേലുള്ള ബിന്ദുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം പാണാവള്ളിയിലേക്ക് പോയവർ സഞ്ചരിച്ച മോട്ടോർ എൻജിൻ ഘടിപ്പിച്ച വള്ളമാണ് അപകടത്തിൽപ്പെട്ടത്. ബിന്ദുവിന്റെ ഭർത്താവ് മുരളിയുടെ ബന്ധുക്കളും, സുഹൃത്തുക്കളുമായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. പാണാവള്ളി പണിക്കെടത്ത് വീട്ടിൽ സുമേഷ് (കണ്ണൻ,45) നെയാണ് കാണാതായത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. ശക്തമായ കാറ്റിലും തിരയിലും ആടിയുലഞ്ഞ വള്ളം ഒരു വശത്തേക്ക് മറിയുകയായിരുന്നു. വള്ളത്തിൽ പിടിച്ച് കിടന്ന 22 പേരെ നാട്ടുകാരും, കക്കാവാരൽ, മത്സ്യത്തൊഴിലാളികളും ചേർന്നാണ് രക്ഷിച്ചത്.
സുമേഷിനായി തെരച്ചിൽ
ഒഴുക്കിൽപ്പെട്ട് കാണാതായ സുമേഷിനായി രാത്രി വൈകിയും തെരച്ചിൽ തുടരുകയാണ്. വൈക്കത്ത് നിന്ന് ഫയർഫോഴ്‌സും, സ്‌കൂബാ ടീം അംഗങ്ങളും, വൈക്കം പൊലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |