SignIn
Kerala Kaumudi Online
Thursday, 31 July 2025 8.16 AM IST

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് ഒരു വർഷം പിന്നിടുമ്പോൾ, മഹാനഷ്ടങ്ങളെ മറികടന്ന്

Increase Font Size Decrease Font Size Print Page
d

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിന് ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിന്റെ ഓർമ്മകൾ എക്കാലവും നമ്മുടെയൊരു നോവായി തുടരുക തന്നെ ചെയ്യും. ഏത് വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ- ചൂരൽമല. ദുരന്തമുണ്ടായ ഉടനെ രക്ഷാപ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കാനും ഏകോപിപ്പിക്കാനും നമുക്കു സാധിച്ചു. സർക്കാർ സംവിധാനങ്ങൾക്കൊപ്പം ജനങ്ങളും കൈകോർത്തു നടത്തിയ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നാടിന്റെ ഐക്യത്തിനും ഇച്ഛാശക്തിക്കും അടിവരയിടുന്നതായിരുന്നു.

ഉറ്റവരും ജീവിതവും നഷ്ടപ്പെട്ട ദുരന്തഭൂമിയിലെ എല്ലാ മനുഷ്യരെയും ചേർത്തുപിടിച്ച സർക്കാർ ഒട്ടും സമയം നഷ്ടപ്പെടാതെ അവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. പ്രത്യേകം സജ്ജീകരിച്ച ക്യാമ്പുകളിൽ മാനസിക പിന്തുണ ഉറപ്പു വരുത്താൻ ഉൾപ്പെടെയുള്ള എല്ലാ അവശ്യ സൗകര്യങ്ങളും ഒരുക്കി. ക്യാമ്പുകളിൽ കുട്ടികളുടെ മാനസികരോഗ്യം ഉറപ്പുവരുത്താൻ പ്രത്യേക നടപടികൾ കൈക്കൊണ്ടു. അദ്ധ്യാപകരുടെ സഹായത്തോടെ ക്യാമ്പുകളിൽ തന്നെ അവർക്ക് തുടർ പഠനത്തിന് വഴിയൊരുക്കി. പഴുതുകൾ അടച്ച ദുരിതാശ്വാസ പ്രവർത്തനത്തിനായി ക്യാബിനറ്റ് സബ് കമ്മിറ്റി രണ്ടു മാസത്തോളം വയനാട്ടിൽത്തന്നെ നിലയുറപ്പിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ദുരന്തമുണ്ടായി ഒരു മാസത്തിനകം താത്കാലിക പുനരധിവാസം പൂർത്തീകരിക്കുമെന്ന പ്രഖ്യാപനം അക്ഷരംപ്രതി പാലിച്ച സർക്കാർ ഓഗസ്റ്റ് 24-നകം ദുരുതാശ്വാസ ക്യാമ്പിലെ മുഴുവൻ ആളുകളെയും മറ്റ് പുനരധിവാസ സ്ഥലങ്ങളിലേക്ക് മാറ്റി.

വാടക വീടുകളിൽ മാത്രമല്ല,​ ബന്ധുവീടുകളിലേക്ക് താമസം മാറിയവർക്കു കൂടി 6000 രൂപ വീതം ഈ ജൂലൈ മാസം വരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകിവരികയാണ്. പുനരധിവാസം സ്ഥിരമാകുന്നതു വരെ ഈ സഹായം തുടരുകയും ചെയ്യും. ഈ ഇനത്തിൽ ഈ മേയ് മാസം വരെ ആകെ ചെലവഴിച്ചത് 3,98,10,200 രൂപയാണ്. ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് ആറുലക്ഷം രൂപ വീതം അനുവദിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് എസ്.ഡി.ആർ.എഫിൽ നിന്നുള്ള തുകയ്ക്കു പുറമെ 50,000 വീതവും,​ 40 മുതൽ 60 ശതമാനം വരെ വൈകല്യം ബാധിച്ചവർക്ക് 50,000 രൂപ വീതവും,​ 60 മുതൽ 80 ശതമാനത്തിലധികം വൈകല്യം സംഭവിച്ചവർക്ക് 75,000 രൂപ വീതവും അനുവദിച്ചു.

കരുതലിന്റെ

കൈത്താങ്ങ്

ദുരന്തബാധിതരുടെ തുടർചികിത്സാ ചെലവും സർക്കാർ വഹിക്കുന്നു. മാനസികരോഗ്യം വീണ്ടെടുക്കാൻ ആവശ്യമായ കൗൺസിലിംഗ് സംവിധാനവും ഒരുക്കി. വാർഷികത്തോട് അനുബന്ധിച്ച് എല്ലാ ദുരന്തബാധിതരെയും കണ്ട് കൗൺസിലിംഗ് സേവനങ്ങൾ ആവശ്യമെങ്കിൽ നൽകാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ദിവസം 300 രൂപ വീതം സഹായധനം അനുവദിച്ചു. പ്രതിമാസം 9000 രൂപ ആറുമാസത്തേക്കാണ് അനുവദിച്ചത്. ഇത് പിന്നീട് ഒൻപത് മാസത്തേക്കായി ദീർഘിപ്പിച്ചു. ഇതിനായി ആകെ 9,07,20,000 രൂപ ചെലവഴിച്ചിട്ടുണ്ട്. ആനുകുല്യം ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്ക് ഉറപ്പാക്കി.

നഷ്ടപ്പെട്ട റേഷൻ കാർഡ് മുതൽ പാസ്‌പോർട്ട് വരെയുള്ള മുഴുവൻ രേഖകളും തിരികെ ലഭിക്കാനുള്ള സഹായങ്ങൾ ആദ്യദിനങ്ങളിൽത്തന്നെ നൽകാൻ ആരംഭിച്ചു. ആയിരം രൂപയുടെ ഭക്ഷ്യകിറ്റ് ഒരോ മാസവും വിതരണം ചെയ്യുന്നു. ദുരന്തത്തിൽപ്പെട്ട വെള്ളാർമല സ്‌കൂളിലെയും മുണ്ടക്കൈ സ്‌കൂളിലെയും വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ ആവശ്യമായ നടപടികൾ വളരെ വേഗം സ്വീകരിച്ചു. ബിൽഡിംഗ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് പെതുവിദ്യാഭ്യാസ വകുപ്പ് തന്നെ നേതൃത്വം നൽകി രണ്ട് കോടി രൂപ ചെലവഴിച്ച് മേപ്പാടി സ്‌കൂളിൽ സൗകര്യങ്ങൾ സജ്ജമാക്കി. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഫണ്ടിൽ നാല് ക്ലാസ് മുറികളുള്ള പുതിയൊരു കെട്ടിടം കൂടി ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

പൂർത്തിയാകുന്ന

പുനരധിവാസം

ഇപ്പോൾ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പിന്റെ നിർമ്മാണം നടക്കുകയാണ്. പല വെല്ലുവിളികളും നേരിട്ടാണ് അതിനു വേണ്ടുന്ന ഭൂമി സർക്കാർ ഏറ്റെടുത്തത്. അവിടെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് മാതൃകാ ടൗൺഷിപ്പ് സജ്ജമാവുന്നത്. ടൗൺഷിപ്പ് പദ്ധതിയിൽ 410 റസിഡൻഷ്യൽ യൂണിറ്റുകൾ, പൊതു കെട്ടിടങ്ങൾ, റോഡുകൾ, ജലവിതരണം, മലിനജല സംവിധാനങ്ങൾ, വൈദ്യുതി, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, ലാൻഡ്സ്‌കേപ്പിംഗ്, സൈറ്റ് വികസനം എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇക്കഴിഞ്ഞ മേയ് 29-ന് പ്രീപ്രോജക്റ്റ് ചെലവായി കണക്കാക്കിയിട്ടുള്ള 40,03,778 രൂപ കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് അനുവദിക്കാൻ ഉത്തരവായി.

ജൂൺ 19, 20 തീയതികളിലായി,​ ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് അറിയിച്ച 104 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം വിതരണം ചെയ്തു. ആകെ 16,05,00,000 രൂപയാണ് ഇങ്ങനെ വിതരണം ചെയ്തത്. പുനരധിവാസ പട്ടികയിൽ ആകെയുള്ള 402 ഗുണഭോക്താക്കളിൽ നിന്ന് 107 പേരാണ് വീടിനു പകരം 15 ലക്ഷം രൂപ മതിയെന്ന് അറിയിച്ചിരുന്നത്. ഉരുൾപൊട്ടൽ പുനരധിവാസം സംബന്ധിച്ച് 2025 ജൂൺ 25 വരെ ആകെ 770,76,79,158 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. ഇതിൽ നിന്ന് ആകെ 91,73,80,547 രൂപ പുനരധിവാസവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് ചെലവഴിച്ചു. ഇതിൽ ദുരന്തബാധിതർക്ക് ധനസഹായം അനുവദിച്ചതിന് 7,65,00,000 രൂപയും,​ വീട്ടുവാടക ഇനത്തിൽ നേരത്തേ അനുവദിച്ച തുകയ്ക്കു പുറമെ 50,00,000 രൂപയും ചെലവാക്കിയിട്ടുണ്ട്.

കൂടാതെ, എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കലിനായി 43,56,10,769 രൂപയും,​ ടൗൺഷിപ്പ് പ്രോജക്ടിന് ഇരുപതു കേടി രൂപയും,​ ടൗൺഷിപ്പ് പ്രീ പ്രൊജക്ട് ചെലവുകൾക്ക് 40,03,778 രൂപയും,​ ടൗൺഷിപ്പിനു പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് 15 ലക്ഷം രൂപ വീതം നൽകിയ വകയിൽ 13,91,00,000 രൂപയും,​ ജീവനോപാധി ധനസഹായത്തിനായി 3,61,66,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ചെലവാക്കി. ഉപജീവന സഹായം, വാടക, ചികിത്സാ സഹായം, വിദ്യാഭ്യാസം, സമഗ്രമായ പുനരധിവാസം എന്നിങ്ങനെ എല്ലാ മേഖലകളിലും അതിജീവിതർക്ക് കരുത്തേകി സർക്കാർ ഒപ്പമുണ്ട്. സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് അത്യുജ്ജ്വലമായി തിരികെ വന്ന അതിജീവിതർക്കും അതു സാദ്ധ്യമാക്കുവാൻ അക്ഷീണം പ്രയത്നിച്ചവർക്കും അഭിവാദ്യങ്ങൾ നേരുന്നു. പുനരധിവാസം മികച്ച രീതിയിൽ പൂർത്തീകരിക്കാൻ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളുമായി ഒറ്റക്കെട്ടായി നമുക്ക് മുന്നോട്ടു പോകാം.

TAGS: WAYANADU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.