പൊന്നാനി: എന്റെ മന്ത്രിക്കുട്ടീ...ഇക്കഴിഞ്ഞ ഓണാഘോഷപരിപാടിക്കിടെയും സ്വകാര്യമായി ആസ്യാത്ത വിളിച്ചു.'എന്താണുമ്മാ', മനസിൽ മകന്റെ സ്ഥാനമുറപ്പിച്ച് മന്ത്രി കെ.ടി. ജലീൽ വിളികേട്ടു.
ഇനിയൊരു കൂടിക്കാഴ്ചയുണ്ടാവില്ലെന്ന് ഇരുവരും ഓർത്തില്ല.ഇന്നലെ തവനൂർ വൃദ്ധസദനത്തിലെ അന്തേവാസി ആസ്യാത്തയുടെ ഖബറടക്കത്തിന് നേതൃത്വം നൽകുമ്പോൾ മന്ത്രിയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പിയത് ഇതോർത്താവണം.'ഉമ്മായെ അവസാനമായി എനിക്കൊരുനോക്ക് കാണണം'- മരണവിവരം അറിഞ്ഞ് ജലീൽ പറഞ്ഞു. എല്ലാ തിരക്കുകളും മാറ്റിവച്ച് തിരുവനന്തപുരത്തു നിന്നും തവനൂരിലേക്ക് മന്ത്രി ഓടിയെത്തി.
മത നിയമമനുസരിച്ച് മയ്യത്ത് നമസ്കാരത്തിന് മക്കളോ അടുത്ത ബന്ധുക്കളോ നേതൃത്വം നൽകുകയാണ് പതിവ്. എന്നാൽ ആരോരുമില്ലാത്ത ആസ്യാത്തയുടെ മകന്റെ സ്ഥാനം മന്ത്രി ജലീൽ ഏറ്റെടുത്തു. അവരുടെ ജനാസ നമസ്കാരത്തിന് നായകത്വം വഹിച്ചു.
കെ.ടി. ജലീലിന്റെ മണ്ഡലമായ തവനൂരിലെ വൃദ്ധസദനത്തിൽ ചെല്ലുമ്പോഴെല്ലാം സ്വന്തം മകനെപ്പോലെയാണ് ആസ്യാത്ത ജലീലിനെ സ്വീകരിച്ചിരുന്നത്. മന്ത്രിയായ ശേഷമാണ്
'എന്റെ മന്ത്രിക്കുട്ടി" എന്നു വിളിച്ചുതുടങ്ങിയത്. പുറമ്പോക്കിലെ രേഖകളൊന്നുമില്ലാത്ത സ്ഥലത്ത് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന വീട് നന്നാക്കി അങ്ങോട്ട് മാറണമെന്നും അവിടെ വച്ചു മരിക്കണമെന്നുമായിരുന്നു ആസ്യാത്തയുടെ ആഗ്രഹം. ഓണാഘോഷപരിപാടിയിൽ കണ്ടപ്പോഴും ഇക്കാര്യം മന്ത്രിയോട് പങ്കുവച്ചിരുന്നു. ബുധനാഴ്ച മരിച്ച ആസ്യാത്തയുടെ മൃതദേഹം ഇന്നലെ ഈഴുവത്തിരുത്തി ഉമറുബ്‌നുൽ ഖത്താബ് ജുമാ മസ്ജിദിലാണ് കബറടക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |