ജീവനുള്ള ഏതൊരു വസ്‌തുവിനും ഒരു നാൾ നാശമുണ്ടാകുമെന്ന് ഉറപ്പാണ്. അത്തരത്തിൽ നാശമുണ്ടാകാൻ പല കാരണങ്ങളുണ്ടാകാം. സ്വാഭാവികമായി ഉണ്ടാകുന്നതും, അണുബാധയോ ഒടിവ് ചതവോ അത്തരത്തിലുള്ളതോ ആയ കുഴപ്പങ്ങൾ കാരണവും മരണം സംഭവിക്കാം. മുതിർന്നവരിലാണ് അണുബാധയും മറ്റും കാരണം വേഗം മരണം സംഭവിക്കാൻ സാദ്ധ്യത. ഇത്തരം സാദ്ധ്യതകളെ കുറച്ചുകൊണ്ടുവന്ന് ആയുസ് വർദ്ധിപ്പിക്കുന്നതിന് വഴി തേടുകയാണ് മെഡിക്കൽ ഗവേഷക ലോകം.
മരണം എന്നത് കോശങ്ങളെ സംബന്ധിച്ച് രണ്ട് തരമുണ്ട് അപോപ്‌റ്റോസിസ് എന്ന ജനിതകമായി പ്രോഗ്രാം ചെയ്‌ത തരം മരണമാണ് ആദ്യത്തേത്. അപോപ്‌റ്റോസിസ് വഴി ക്യാൻസറോ മറ്റ് തരം രോഗങ്ങളോ വരാതെ തടയാൻ കഴിയും. കോശങ്ങളുടെ മരണം ഉണ്ടാകുന്ന നെക്രോസിസ് എന്ന മറ്റൊരു തരത്തിലുള്ള അവസ്ഥയുണ്ട്. ശരീരത്തിലെ കലകളും കോശങ്ങളും എന്തെങ്കിലും മുറിവുകൾ കാരണമോ രോഗങ്ങൾ കാരണമോ മടങ്ങിവരാനാകാത്ത തരത്തിൽ നശിച്ചുപോകുന്നതാണിത്. ഈ അവസ്ഥ കാരണമാണ് പ്രായമായവരിൽ വൃക്കരോഗങ്ങൾ, അൽഷിമേഴ്‌സ്, പാർക്കിൻസൺസ്, ക്യാൻസർ തുടങ്ങിയ രോഗങ്ങളുണ്ടാകുന്നത്.
നമ്മുടെ നാട്ടിൽ 75 വയസിന് മുകളിൽ പ്രായമായ മിക്കവരിലും ഈ രോഗങ്ങൾ വരികയും മരണകാരണമാകുകയും ചെയ്യാറുണ്ട്. 75 വയസിന് മുകളിലുള്ള പകുതിയിലധികം പേർക്കും വൃക്കരോഗ ബാധയുള്ളവരാണെന്ന് മേയ് മാസത്തിൽ പ്രസിദ്ധീകരിച്ച ഓങ്കോജീനെ എന്ന ശാസ്ത്രപ്രസിദ്ധീകരണത്തിൽ പറയുന്നു. ലിങ്ക്‌ജെവിറ്റി എന്ന ബയോ ടെക്‌നോളജി കമ്പനിയിലെ സിഇഒയും ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ മുൻ ജനിതക ശാസ്‌ത്രജ്ഞനുമായ കരിന കേൺ ആണ് ഈ പഠനം നടത്തിയത്. ഇത്തരത്തിൽ നോക്രോസിസ് നാശം ഒഴിവാക്കാൻ ആന്റി നെക്രോസിസ് മരുന്ന് കണ്ടെത്തിയിരിക്കുകയാണ് ഇവരും സംഘവും.
കോശങ്ങളിൽ മുറിവോ രോഗങ്ങളോ ഉണ്ടാകുന്നത് ആന്റി നെക്രോസിസ് മരുന്ന് തടയുമ്പോൾ പ്രായമേറിയവർക്ക് അധികം രോഗങ്ങൾ ഇല്ലാതെ ജീവിക്കാൻ കഴിയും. പ്രത്യേകിച്ച് മാരകമായ ക്യാൻസർ പോലെയുള്ള രോഗങ്ങളുടെ ശല്യമില്ലാതെ. തന്റെ മുത്തശി വയസുകാലത്ത് രോഗംബാധിച്ച് മരണമടഞ്ഞത് കാണേണ്ടിവന്നതാണ് കേൺ ഇത്തരം മരുന്ന് തയ്യാറാക്കാനുള്ള നിരീക്ഷണത്തിലേക്ക് തിരിയാൻ കാരണം.
കാൽസ്യം-അയൺ ഘടകങ്ങൾ നശിക്കുന്നതാണ് നോക്രോസിസിന് കാരണം. കോശത്തിനുള്ളിലെ വിവിധ പ്രക്രിയകളെ നിയന്ത്രിക്കുന്നത് കാൽസ്യം തന്മാത്രകളാണ്. കോശത്തിനുള്ളിൽ ഇതിന്റെ സാധാരണ അളവ് പുറമേ ഉള്ളതിനെക്കാൾ 10,000 മുതൽ ഒരു ലക്ഷം വരെ മടങ്ങ് കുറവാണ്. നോക്രോസിസ് കാരണം ഇവിടെ സമ്മർദ്ദമുണ്ടാകുമ്പോൾ ഇവ നശിക്കും. അത് രോഗത്തിനിടയാക്കും.
1970കൾ മുതൽ ഈ രോഗാവസ്ഥയെ ശാസ്‌ത്രജ്ഞർക്ക് അറിയാമെങ്കിലും ഈ പ്രശ്‌നം പരിഹരിക്കാൻ വളരെ കുറച്ച് ശ്രമങ്ങളേ നടന്നിട്ടുള്ളു. ഇതിനായി കേണും സംഘവും പരീക്ഷണം നടത്തിയത് വൃക്കയിലാണ്. ആന്റി നെക്രോട്ടിക് മരുന്നുകളുടെ ക്ളിനിക്കൽ പരീക്ഷണങ്ങൾ ഈ വർഷം അവസാനത്തോടെ തുടങ്ങുമെന്നാണ് കരുതുന്നത്. ഈ പരീക്ഷണങ്ങൾ തീരാൻ രണ്ട് മുതൽ മൂന്ന് വർഷങ്ങൾ വേണ്ടിവന്നേക്കാം. വാർദ്ധക്യത്തിന്റെ ദോഷകരമായ ഫലങ്ങൾ കുറയ്‌ക്കാനും ആയുർദൈർഘ്യമുണ്ടാകാനും ഈ മരുന്നിന് കഴിയുമെന്ന് ക്ളിനിക്കൽ ട്രയലിൽ തെളിയിക്കാനാകുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |