പുത്തുമല(വയനാട്): ഉരുൾദുരന്തത്തിൽ ഉറ്റവരും ഉടയവരും അന്തിയുറങ്ങുന്ന പുത്തുമലയിൽ ഇന്നലെ കണ്ട കാഴ്ചകൾ ഹൃദയഭേദകം. ഉരുൾദുരന്തത്തിന്റെ ഒന്നാം വാർഷികമായ ഇന്നലെ പ്രിയപ്പെട്ടവർ അന്തിയുറങ്ങുന്ന ഇടങ്ങളിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഒഴുകിയെത്തി, കുഴിമാടങ്ങളിലെത്തിയ ബന്ധുക്കൾ പൊട്ടിക്കരഞ്ഞു. കണ്ടുനിന്നവരും കണ്ണീരണിഞ്ഞു. കുഴിമാടങ്ങളിൽ ചെന്ന് മുഖം അമർത്തി ചുംബിച്ചാണ് പലരും വിഷമങ്ങൾ കരഞ്ഞുതീർത്തത്.
വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന ഉരുൾ ദുരിതബാധിതർ ഇന്നലെ രാവിലെ പുത്തുമലയിലെ 'ജൂലൈ 30 ഹൃദയഭൂമി" എന്ന് പേരിട്ട പൊതുശ്മശാനത്തിലെത്തി.പൂക്കളും ചന്ദനത്തിരികളുമൊക്കെയായി എത്തിയവർ പൊട്ടിക്കരഞ്ഞ് കുഴിമാടങ്ങൾക്കു മുകളിൽ പൂക്കൾ അർപ്പിച്ചു. സങ്കടങ്ങൾ ഏറ്റുപറഞ്ഞ് അവർ കുഴിമാടത്തിന് മുന്നിൽ വിതുമ്പിനിന്നു. ചൂരൽമലയിലും പുത്തുമലയിലുമായി ദുരന്തത്തിൽ മരിച്ച 298പേരുടെയും ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. മേപ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ചിത്രങ്ങൾ തയ്യാറാക്കിയത്.
ഗാർഡ് ഓഫ് ഓണർ
രാവിലെ 11.30ന് സംസ്ഥാന സർക്കാരിന്റെ ഗാർഡ് ഓഫ് ഓണറോടെയായിരുന്നു ചടങ്ങുകൾക്ക് തുടക്കം. മരിച്ചവരുടെ ചിത്രങ്ങൾക്കു മുന്നിൽ ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിൽ പൊലീസ് സേനാംഗങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി. റവന്യു മന്ത്രി കെ. രാജൻ, മന്ത്രി ഒ.ആർ കേളു, മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. സർവമത പ്രാർത്ഥനയ്ക്ക് മേപ്പാടി ജുമാ മസ്ജിദ് ഇമാം മുസ്തഫുൽ ഫൈസി, ഷംസുദ്ദീൻ റഹ്മാനി, കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാ. ഡാനി, ഫാ. ഫ്രാൻസിസ്, മുണ്ടക്കൈ മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരി പി.ആർ ശ്രീരാജ് നമ്പൂതിരി, അഡ്വ. ബബിത എന്നിവർ നേതൃത്വം നൽകി. കൽപ്പറ്റ എം.എൽ.എ അഡ്വ. ടി സിദ്ധിഖ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ല കളക്ടർ മേഘശ്രീ ഡി.ആർ എന്നിവർ പങ്കെടുത്തു.
വയനാട്ടിലെ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളണം: പ്രിയങ്ക
ന്യൂഡൽഹി: വയനാട്ടിലെ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളണമെന്ന് എം.പി പ്രിയങ്ക ഗാന്ധി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ദുരന്തത്തിൽ വീടും കൃഷിയും ജീവിതോപാധികളെല്ലാം നഷ്ടപ്പെട്ടവരോട് വായ്പ തിരിച്ചടയ്ക്കണമെന്ന് എങ്ങനെയാണ് പറയാൻ സാധിക്കുന്നതെന്നും ലോക്സഭയിൽ ശൂന്യവേളയിൽ പ്രിയങ്ക ചോദിച്ചു. ദുരന്തമുണ്ടായി ഒരു വർഷം കഴിഞ്ഞിട്ടും ദുരന്തബാധിതർ ജീവിതം തിരിച്ചുപിടിക്കാൻ പോരാടുകയാണ്. 17കുടുംബങ്ങളാണ് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ പൂർണമായി ഇല്ലാതായത്. 1600ലേറെ കെട്ടിടങ്ങൾ തകർന്നു. നൂറുകണക്കിന് ഏക്കർ കൃഷി നശിച്ചു. കേന്ദ്ര ഫണ്ട് കൃത്യമായി ലഭിക്കാത്തതിനാൽ പുനരധിവാസം പൂർണമായി നടപ്പാക്കാനായിട്ടില്ല. വയനാടിന് ഫണ്ട് അനുവദിക്കാൻ ഒരു വർഷമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഇത് വയനാടിനെ സംബന്ധിച്ച് അപര്യാപ്തമാണ് പ്രിയങ്ക പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |