അകാലനര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേരുണ്ട്. അതിൽ ഭൂരിഭാഗം പേരും ആശ്രയിക്കുന്നതാകട്ടെ മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈയെയാണ്. എന്നാൽ കുറച്ചൊന്ന് മെനക്കെടാൻ തയ്യാറാണെങ്കിൽ യാതൊരു കെമിക്കലുകളും ചേർക്കാത്ത, തികച്ചും നാച്വറലായ ഹെയർ ഡൈ നമുക്ക് വീട്ടിൽത്തന്നെ തയ്യാറാക്കാൻ സാധിക്കും.
ആവശ്യമായ സാധനങ്ങൾ
കഞ്ഞിവെള്ളം
കാപ്പിപ്പൊടി
ഹെന്ന പൗഡർ
കാത്ത പൗഡർ
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഉപ്പിടാത്ത ഇളം ചൂടുള്ള കഞ്ഞിവെള്ളമെടുക്കുക. ഇതിലേക്ക് അൽപം കാപ്പിപ്പൊടിയിട്ട് നന്നായി തിളപ്പിക്കുക. ശേഷം അടുപ്പിൽ നിന്ന് മാറ്റിവയ്ക്കുക. ഇനി പഴയൊരു ഇരുമ്പിന്റെ ചീനച്ചട്ടിയെടുക്കുക. അതിലേക്ക് ആവശ്യത്തിന് ഹെന്ന പൗഡർ ഇട്ടുകൊടുക്കുക. ഹെന്നയുടെ പകുതി കാത്ത പൗഡർ ഇട്ടുകൊടുക്കുക. ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കു. ഇനി നേരത്തെ തയ്യാറാക്കിവച്ചിരിക്കുന്ന കഞ്ഞിവെള്ളം - കാപ്പിപ്പൊടി വെള്ളം ഇതിലേക്ക് ചേർത്തുകൊടുക്കാം. ഹെയർ ഡൈയുടെ പാകത്തിനാണ് വെള്ളം വേണ്ടത്. ശേഷം എട്ടുമണിക്കൂർ ഇരുമ്പിന്റെ ചീനടച്ചട്ടിയിൽത്തന്നെ അടച്ചുവയ്ക്കാം.
എട്ട് മണിക്കൂറിന് ശേഷം തുറന്നുനോക്കുമ്പോൾ കറുപ്പ് നിറമായിരിക്കുന്നത് കാണാം. ശേഷം എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലേക്ക് ഹെയർ ഡൈ തേച്ചുകൊടുക്കാം. ഒരു മണിക്കൂറിന് ശേഷം ചെമ്പരത്തി താളി ഉപയോഗിച്ച് കഴുകിക്കളയാം. കെമിക്കലുകൾ ചേർക്കാത്തതിനാൽത്തന്നെ പാർശ്വഫലങ്ങൾ ഉണ്ടാകില്ല. എന്നാൽ അലർജിയോ മറ്റോ ഉള്ളവർ കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഇത് ഉപയോഗിക്കാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |