സാങ്കേതികം, ഡിജിറ്റൽ, കേരള എന്നിങ്ങനെ മൂന്ന് സർവകലാശാലയിൽ വൈസ്ചാൻസലറാവുകയെന്ന അപൂർവ ബഹുമതിയാണ് ഡോ. സിസാതോമസിനുള്ളത്. ഗവ.എൻജിനിയറിംഗ് കോളേജുകളിലും സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിന്റ് ഡയറക്ടറായും 33വർഷത്തെ സർവീസുണ്ടായിരുന്ന സിസയുടെ പെൻഷനും ആനുകൂല്യങ്ങളും സർക്കാർ തടഞ്ഞിരുന്നു. ഗവർണറുടെ ഉത്തരവനുസരിച്ച് സാങ്കേതിക വി.സിയായി ചുമതലയേറ്റെന്നതായിരുന്നു കാരണം. സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തിയാണ് ആനുകൂല്യങ്ങൾ ലഭിച്ചത്. വീണ്ടുമൊരു സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡിജിറ്റൽ സർവകലാശാലയിൽ രണ്ടാംവട്ടം വി.സിയായി ഇന്നലെ ചുമതലയേറ്റ സിസാ തോമസ് 'കേരളകൗമുദി'യുമായി സംസാരിക്കുന്നു.
?മൂന്ന് സർവകലാശാലകളിലായി നാലുവട്ടം വി.സിയായത് അപൂർവമാണല്ലോ.
വളരെ സന്തോഷം. ന്യായം ജയിക്കുന്നത് എല്ലാവർക്കും സന്തോഷമുള്ളതാണല്ലോ.
?വി.സിയായപ്പോഴെല്ലാം വിവാദങ്ങളുമുണ്ടായി
സർവകലാശാലകളിലെ സ്ഥിതി നേരിട്ട് കണ്ടതാണ്. സാങ്കേതിക സർവകലാശാലയിൽ സിൻഡിക്കേറ്റിന്റെയടക്കം പരിഗണനാ വിഷയങ്ങളിൽ ഏറ്റവും അവസാനത്തേത് വിദ്യാർത്ഥികളായിരുന്നു. അങ്ങനെയായിക്കൂടാ. വിദ്യാർത്ഥികൾക്കായിരിക്കണം ആദ്യ പരിഗണന. ഇതിനാണ് അദ്ധ്യാപകരും ജീവനക്കാരുമടക്കം വലിയ സംവിധാനം സർവകലാശാലകളിലുള്ളത്.
?വിദ്യാർത്ഥി ക്ഷേമമല്ലാതെ എന്തൊക്കെയാണ് ചെയ്യുക
ടി.എ, ഡി.എ, സിറ്റിംഗ് ഫീസ് എങ്ങനെ കൂട്ടാം എന്നതാണ് സിൻഡിക്കേറ്റിന്റെ മുഖ്യപരിഗണന. പതിനായിരമായിരുന്ന സിറ്റിംഗ് ഫീസ് 25,000ആക്കണം- ഇങ്ങനെയായിരുന്നു ആവശ്യങ്ങൾ. സിറ്റിംഗ് ഫീസ് കൂട്ടുന്നതുകൊണ്ട് കുട്ടികൾക്ക് എന്ത് മെച്ചമാണുണ്ടാവുന്നത്. കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമാണ് സർവകലാശാലകൾ.
?ഡിജിറ്റൽ സർവകലാശാലയിലെ അദ്ധ്യാപകരുടെ കമ്പനികൾ വിവാദത്തിലാണല്ലോ.
ഡിജിറ്റൽ സർവകലാശാലയിലെ അദ്ധ്യാപകർക്ക് കമ്പനികൾ ആരംഭിക്കാമെന്ന് എ.ഐ.സി.ടി.ഇ നിർദ്ദേശമുള്ളതാണ്. വിദ്യാർത്ഥികൾ ജോലിക്ക് പറ്റിയ നൈപുണ്യമില്ലാത്തവരാണെന്ന കമ്പനികളുടെ പരാതിയെത്തുടർന്നാണ് അദ്ധ്യാപകർക്ക് കമ്പനികൾ ആരംഭിക്കാമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. പഠിച്ചിറങ്ങുന്നവരെ ആറുമുതൽ ഒരുവർഷം വരെ പരിശീലനം നൽകിയിട്ടേ കമ്പനികൾക്ക് ജോലിക്കെടുക്കാനാവുന്നുള്ളൂ. മുഴുവൻ ശമ്പളത്തോടെയാണ് പരിശീലനം.
? നൈപുണ്യപരിശീലനമെന്ന ലക്ഷ്യം ഫലംകണ്ടോ.
കമ്പനി സംവിധാനവും വ്യവസായശാലകളിൽ എന്താണ് നടക്കുന്നതെന്നും മനസിലാക്കി അദ്ധ്യാപകർ വിദ്യാർത്ഥികളെ പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം. അദ്ധ്യാപകരുടെ കമ്പനികളിൽ കുട്ടികൾക്ക് ഇന്റേൺഷിപ്പ് നൽകണം. അതിലൂടെ പഠനകാലത്തു തന്നെ വരുമാനം നേടാനുമാവും. ധനസമ്പാദനമായിരിക്കരുത് കമ്പനികളുടെ ലക്ഷ്യം. പ്രോജക്ടുകളിൽ വിദ്യാർത്ഥികളെയാണ് ഉൾപ്പെടുത്തേണ്ടത്. കമ്പനികൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകുന്നുണ്ട്. പക്ഷേ ലക്ഷ്യമിട്ടതിന്റെ കടകവിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. പ്രോജക്ടുകൾക്ക് പുറമെയുള്ളവരെ നിയോഗിക്കുന്നതിനാൽ കുട്ടികൾക്ക് മെച്ചമില്ല.
?കുട്ടികൾക്ക് ഇന്റേൺഷിപ്പും ലഭിക്കുന്നില്ലല്ലോ
അദ്ധ്യാപകരുടെ കമ്പനികളിൽ വിദ്യാർത്ഥികൾക്ക് നിർബന്ധമായും ഇന്റേൺഷിപ്പ് നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഒരു വിദ്യാർത്ഥിയും ഇന്റേൺഷിപ്പിനായി വലയരുത്. തനിയെ പോയി കണ്ടുപിടിച്ചോളൂ എന്നുപറഞ്ഞ് വിദ്യാർത്ഥികളെ ഇറക്കിവിടാനാവില്ല. അവർക്ക് ചെറിയ തുക സ്റ്റൈപ്പന്റായി നൽകണം. പഠനത്തോടൊപ്പം ദിവസേന മൂന്നു മണിക്കൂർ ജോലി ചെയ്യാനും അവസരമൊരുക്കണം. ഇങ്ങനെയായാൽ കുട്ടികൾ വിദേശപഠനത്തിന് പോവുന്നത് കുറയും. ഡിജിറ്റൽ സർവകലാശാലയിൽ ഗവേഷകരും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുമാണുള്ളത്. വിവാഹിതരുമുണ്ട്. വീട്ടിൽ നിന്ന് ഫീസിനായി പണം വാങ്ങുന്നതിലും നല്ലത് അവർക്ക് വരുമാനമാർഗം ഒരുക്കുന്നതാണ്.
?ഇത് അദ്ധ്യാപകരുടെ ഉത്തരവാദിത്തമല്ലേ.
അദ്ധ്യാപകരുടെ സാമൂഹ്യ ഉത്തരവാദിത്തം മാത്രമല്ല, സ്ഥാപനത്തോടും പദവിയോടുമുള്ള ഉത്തരവാദിത്തം കൂടിയാണ്. പ്രദേശവാസികൾക്ക് കമ്പനികളിൽ ജോലി നൽകുന്ന സാമൂഹ്യ ഉത്തരവാദിത്തം അടുത്ത ഘട്ടത്തിൽ നിറവേറാം. ജോലിചെയ്യാനാണല്ലോ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. അപ്പോൾ അവർക്ക് ജോലി നൽകുകയല്ലേ പ്രധാനം.
?ഡിജിറ്റൽ സർവകലാശാലയിൽ ഗവേഷണം കാര്യക്ഷമമല്ലല്ലോ.
ഇക്കാര്യത്തിൽ പുനർവിചിന്തനം ആവശ്യമാണ്. ഗവേഷണത്തിന്റെ ഗുണമേന്മ കൂട്ടണം. ഐ.ഐ.ടിയിൽ നടക്കും പോലുള്ള ഗവേഷണം നടക്കുന്നില്ല. അദ്ധ്യാപകരുടെ കൂടി സഹകരണത്തോടെ ഗവേഷണം മെച്ചപ്പെടുത്തും. ഐ.ഐ.ടികളുമായടക്കം ദേശീയ സ്ഥാപനങ്ങളുമായി സഹകരണം തുടരും.
?എൻജിനിയറിംഗ് സിലബസ് മെച്ചപ്പെടുത്തേണ്ടതല്ലേ.
അദ്ധ്യാപകർ പുതിയ കാര്യങ്ങൾ പഠിച്ചെടുത്ത് കുട്ടികളെ പഠിപ്പിക്കണം. അതിനായി പുതിയ അറിവുകളും കണ്ടെത്തലുകളും സിലബസിൽ ഉൾപ്പെടുത്തണം. സിലബസിൽ കുറേ മാറ്റം വരുത്തിയിട്ടുണ്ട്. ഇനിയും വേണം. കമ്പനികൾ നോക്കുന്നത് ഡിഗ്രിയോ മാർക്കോ അല്ല. മുമ്പ് മാർക്ക് നോക്കി സമർത്ഥരാണെന്ന് വിലയിരുത്തുമായിരുന്നു. ഇപ്പോൾ എത്രത്തോളം നൈപുണ്യമുള്ളവരാണ് എന്നാണ് കമ്പനികൾ പരിഗണിക്കുന്നത്. മുമ്പ് ഹാർഡ് വർക്ക് ചെയ്യുന്നവരെയായിരുന്നു ആവശ്യം, ഇപ്പോഴത് സ്മാർട്ട് വർക്കായി. സ്കൂൾതലം മുതൽ നൈപുണ്യവികസനത്തിന് സർക്കാർ ശ്രമിക്കുകയാണ്. അതിനാൽ എൻജിനിയറിംഗ് തലത്തിൽ കാര്യമായി മാറ്റം വരേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |