''അയ്യായിരം കൊല്ലങ്ങൾക്ക് മുമ്പുനടന്ന, അങ്ങേയറ്റം ദുഃഖകരമായൊരു അധാർമ്മിക പ്രവൃത്തി, ഇന്നും മനുഷ്യരൊരു കലാപരിപാടിപോലെ ശീലിച്ചുവരുന്നതിനെപ്പറ്റി, നിങ്ങളുമായി ഇനിയെങ്കിലും സംവദിച്ചില്ലെങ്കിൽ, അത് എന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാകുമോയെന്നൊരു ആകുലചിന്ത എന്റെ മനസിൽ പിടയാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി! അത് മറ്റൊന്നുമല്ല, വാല്മീകി രാമായണത്തിലെ രാമൻ, പൂർണ്ണ ഗർഭിണിയായിരുന്ന ഭാര്യ സീതാദേവിയെ, ഉപേക്ഷിച്ച വേദനാജനകമായ ആ പ്രവൃത്തിയെപ്പറ്റി തന്നെ! ഞാൻ വാല്മീകി രാമായണമെന്നു പറഞ്ഞത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ, കാരണം, നമ്മൾ വിലയിരുത്താൻ ശ്രമിക്കുന്നത് മനുഷ്യപ്രവൃത്തികളെപ്പറ്റിയാണ്, ദശാവതാരത്തിലെ ശ്രീരാമചന്ദ്രനെപ്പറ്റിയല്ല. ഒരു പക്ഷേ, ഏറ്റവും പഴക്കമുള്ള 'ഡൈവോഴ്സും" ആദികാവ്യത്തിൽ പ്രതിപാദിച്ചതു തന്നെയായിരിക്കാം! എന്തുകൊണ്ടാണ്, ശരാശരി കണക്കെടുക്കുമ്പോൾ, ദാമ്പത്യജീവിതങ്ങളുടെ ആയുർദൈർഘ്യം, ഭയാനകമായ നിലയിൽ നമ്മുടെ സമൂഹത്തിൽ കുറഞ്ഞുവരുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇന്നത്തെ നിലയിൽ വിലയിരുത്തുകയാണെങ്കിൽ, വിവാഹമോചനമെന്ന, ആശ്വാസമാഗ്രഹിച്ച്, ജീവിതം കൊണ്ടുനടക്കുന്നവരുടെ എണ്ണം വലിയൊരു സംഖ്യയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്! കേരളത്തിലെ ആദ്യത്തെ കുടുംബകോടതി 1991ൽ തൃശ്ശൂരിൽ ആയിരുന്നു സ്ഥാപിച്ചത്. അത് ഏഴ് ജില്ലകൾക്ക് ഒന്നായിരുന്നു. അതിനുശേഷം, കാലതാമസമില്ലാതെ എല്ലാ ജില്ലകളിലും കുടുംബക്കോടതികൾ വന്നു. ഇതിനകം തന്നെ ഭൂരിഭാഗം താലൂക്കുകളിലും കുടുംബക്കോടതികൾ സ്ഥാപിക്കാൻ കഴിഞ്ഞ സംസ്ഥാനമെന്നൊരു നേട്ടവും നമുക്ക് കൈവരിക്കുവാൻ കഴിഞ്ഞതും ചെറിയകാര്യമല്ല. ഇനി, നമ്മുടെ 1670 വില്ലേജുകളിലും കുടുംബക്കോടതികൾ ആരംഭിക്കുന്ന കാര്യങ്ങൾ ആത്മവിശ്വാസത്തോടെയും, അഭിമാനത്തോടെയും ആലോചിക്കാവുതേയുള്ളു! പദ്ധതി വിജയിക്കുമെന്നത് ഉറപ്പല്ലേ."" അഭിപ്രായഭിന്നതകൾ മൂലം വലിയ പ്രതിസന്ധിയിലായി പോകുന്ന ദാമ്പത്യബന്ധങ്ങളും, അതിന്റെ ഇരകളായി മാറുന്ന കുഞ്ഞുങ്ങളുടെ ജീവിതത്തിലെ നിർഭാഗ്യങ്ങളിലേക്കും സദസ്യരുടെ ശ്രദ്ധക്ഷണിച്ചുകൊണ്ട്, പ്രഭാഷകൻ സദസ്യരെ നോക്കിയപ്പോൾ, എല്ലാവരും വിഷയത്തിന്റെ ഗൗരവം പൂർണ്ണമായി ഉൾക്കൊണ്ട ഭാവത്തിലായിരുന്നു. വാത്സല്യപൂർവം സദസ്യരെയാകെ നോക്കി പുഞ്ചിരിച്ചുകൊണ്ട്, പ്രഭാഷകൻ ഇപ്രകാരം തുടർന്നു:
''ഡൈവോഴ്സ് ചെയ്യാനായി ആരെങ്കിലും വിവാഹം കഴിക്കുമോ? യുക്തിചിന്തയുള്ള ആരും അപ്രകാരം ചെയ്യില്ല. പിന്നെ എന്താണ് ഇത്ര വലിയ ദുരന്തങ്ങൾ സംഭവിക്കുന്നത്. കുടുംബജീവിതത്തിന്റെ വിജയം നിലകൊള്ളുന്നത് പരസ്പരമുള്ള വിശ്വാസത്തിലാണ്. അത് ഒരിക്കലും ഒരു അഡ്ജസ്റ്റ്മെന്റ് ആകരുത്, ദമ്പതികൾ പരസ്പരം മനസിലാക്കുന്നവരായിരിക്കണം. എങ്കിൽ, ലവകുശ കുമാരന്മാർ കൊട്ടാരത്തിൽ ജനിച്ച് രാജകുമാരന്മാരായി വളരുമായിരുന്നു. ആ കഥ തന്നെ ഇന്നും ആവർത്തിക്കുന്നു!
കലഹപ്രിയരായ ദമ്പതികളുടെ വീടിന്റെ മച്ചിനുമുകളിൽ ഒരു കൂട്ടം മരപ്പട്ടികൾ താമസമുണ്ടായിരുന്നു. രാത്രികാലങ്ങളിൽ അവ കടിപിടികൾ കൂടി ശല്യ മുണ്ടാക്കാറുണ്ടായിരുന്നെങ്കിലും, അതിനേക്കാൾ വലിയ അടിപിടിയിൽ ദമ്പതികൾ കഴിഞ്ഞിരുന്നതിനാൽ, മരപ്പട്ടികൾ അവർക്ക് അത്ര ശല്യമായിരുന്നില്ല. ഒരുദിവസം രാത്രിയിൽ, വഴക്കു മൂർച്ചിച്ച് ഭർത്താവ്, ഭാര്യയെ ക്രൂരമായി മർദ്ദിച്ചു. അതിനെത്തുടർന്ന്, ഗൃഹനാഥ തന്റെ കുഞ്ഞുങ്ങളുമായി അവിടം വിട്ടുപോയി. അങ്ങനെ, ആ വീട്ടിൽ ഭർത്താവ് തനിച്ചായി. അവൾ പൊയ്ക്കോട്ടെ, ഇനി ശല്യമില്ലല്ലോ എന്ന് അയാൾ സമാധാനിച്ചു. ഇനിയൊരു ശല്യം, ആ മരപ്പട്ടികളാണ്. അതുകൂടിപോയെങ്കിൽ സമാധാനമായി കഴിയാമായിരുന്നു എന്നയാൾ കണക്കുകൂട്ടി. എന്നാൽ അയാളുടെ കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട് അവറ്റകളുടെ ഒരു ഒച്ചപ്പാടും അവിടെ കേൾ ക്കാതെയായി. അത്തരമൊരു അവസ്ഥ അയാൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇനി അവ ചത്തുപോയി കാണുമോ. എന്തായാലും മച്ചിനു മുകളിൽ കയറി പരിശോധിക്കാൻ തീരുമാനിച്ചു. അപ്പോഴാണ്, അയാളെ, ആ വാർത്ത തേടിയെത്തിയത്, ആ മരപ്പട്ടികൾ കുടുംബമായി തന്നെ അവിടെ നിന്നും താമസം മാറി, അയാളുടെ ഭാര്യയുടെ വീടിന്റെ മച്ചിൽ താമസം തുടങ്ങിയെന്ന്. സ്വന്തം ഭാര്യയോടുപോലും വിശ്വാസ്യത പുലർത്താൻ കഴിയാത്തവന്റെ വീട്ടിൽ, അവറ്റകളെങ്ങനെ വിശ്വസിച്ചു കഴിയും! നോക്കണേ, മരപ്പട്ടികൾക്കുപോലും തിരിച്ചറിവു വന്നുതുടങ്ങി! എന്നിട്ടും, മനുഷ്യരെന്തേ ഇങ്ങനെയൊക്കെയായി പോയി?"" സദസിൽ നിന്നുയർന്ന കൂട്ടച്ചിരിയിൽ പ്രഭാഷകനും പങ്കുചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |