കൊൽക്കത്ത: വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശ് യുവതി അറസ്റ്റിൽ.
നടിയും മോഡലുമായ ശാന്ത പോളാണ് (28) അറസ്റ്റിലായത്. ചൊവ്വാഴ്ച പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ബംഗ്ലാദേശ് വിമാന കമ്പനിയിൽ ജീവനക്കാരിയായിരുന്നു ശാന്ത. ബംഗ്ലാദേശ് പാസ്‌പോർട്ട് ഉപയോഗിച്ച് 2023ലാണ് ഇന്ത്യയിലെത്തിയത്. ആന്ധ്ര സ്വദേശിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ അഷ്റഫിനെ വിവാഹം കഴിച്ചു. പിന്നീട് ഇരുവരും കൊൽക്കത്തയിൽ ഫ്ളാറ്റ് വാടകയ്‌ക്കെടുത്തു.
കുടുംബവുമായി പ്രശ്നങ്ങളുള്ളതിനാലാണ് കൊൽക്കത്തയിൽ താമസിക്കുന്നതെന്നാണ് ഫ്ളാറ്റിന്റെ ഉടമസ്ഥനോട് പറഞ്ഞത്. ഫ്ളാറ്റ് വാടകയ്ക്ക് എടുക്കുന്നതിന് വ്യാജ അധാർ കാർഡും പാൻകാർഡും വോട്ടർ ഐ.ഡിയുമാണ് നൽകിയത്. പ്രാദേശിക ഏജന്റ് വഴിയാണ് വ്യാജരേഖകൾ നിർമ്മിച്ചതെന്ന് പൊലീസ് പറയുന്നു. രണ്ടു വിലാസങ്ങളിലായി രണ്ട് ആധാർ കാർഡുകൾ യുവതിയുടെ കൈവശമുണ്ടായിരുന്നു.
ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച് നിരവധി സൗന്ദര്യ മത്സരങ്ങളിൽ ഇവർ പങ്കെടുത്തിട്ടുണ്ട്. 2016ൽ ഇന്തോ-ബംഗ്ലാ സൗന്ദര്യ മത്സരത്തിൽ ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച് മത്സരിച്ചു. 2019ൽ കേരളത്തിൽ നടന്ന മിസ് ഏഷ്യ ഗ്ലോബൽ മത്സരത്തിലും പങ്കെടുത്തു.
രണ്ടു വർഷമായി തമിഴ്, ബംഗാളി സിനിമകളിൽ അഭിനയിച്ചു വരികയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |