ആലപ്പുഴ: ന്യൂസിലാൻഡിൽ എത്തിയിട്ടും കുടുംബത്തിൽ നിന്ന് പഠിച്ച കൃഷിപാഠങ്ങൾ മറന്നില്ല ആലപ്പുഴ കൈനകരി സ്വദേശി ലിജോമോൾ. 11വർഷം മുമ്പ് ന്യൂസിലാൻഡിലെ ഓക്‌ലാൻഡിലെത്തിയ ലിജോ ഇപ്പോൾ നാടൻ പച്ചക്കറികൾ നൂറുമേനി വിളയിക്കുന്ന കർഷകയാണ്.
2018ൽ അവിടെ വീടുവാങ്ങിയതോടെയാണ് സ്വന്തം വീട്ടുവളപ്പിൽ കൃഷി ചെയ്യണമെന്ന ലിജോയുടെ ആഗ്രഹം യാഥാർത്ഥ്യമായത്. കുട്ടനാട്ടിലെ കൃഷിപരിചയം കരുത്തായി.
മണ്ണൊരുക്കുന്നതിനും മറ്റും ഐ.ടി ഉദ്യോഗസ്ഥനായ ഭർത്താവ് ശിവദാസും മക്കളായ ധൻവിൻ, ധ്യാൻ, ദിവ എന്നിവരും ഒപ്പം ചേർന്നതോടെ പതിമ്മൂന്നര സെന്റിൽ വാഴ, തക്കാളി, പാവയ്ക്ക, കുമ്പളങ്ങ, ചീര, വഴുതന, ക്യാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, കോളിഫ്ലവർ, പയർ, ബ്രൊക്കോളി, നാരങ്ങ, ആപ്പിൾ, ഓറഞ്ച് എന്നിവയെല്ലാം തഴച്ചുവളരാൻ തുടങ്ങി. വിളവെടുക്കുന്ന പച്ചക്കറികളിൽ വീട്ടാവശ്യത്തിനുള്ളതെടുത്ത് ബാക്കി സുഹൃത്തുക്കൾക്കും ജോലി സ്ഥലത്തും നൽകും.
ന്യൂസിലാൻഡിൽ ഓരോ കാലത്തും കൃഷിചെയ്യേണ്ടവയെപ്പറ്റിയുള്ള ഗാർഡൻ പ്ലാൻ അനുസരിച്ചായിരുന്നു കൃഷി. നഴ്സായ ലിജോയ്ക്ക് ആഴ്ചയിൽ 36 മണിക്കൂറാണ് ജോലി.ബാക്കി സമയമെല്ലാം കൃഷിക്കായി മാറ്റിവച്ചു. കീടങ്ങളുടെ ശല്യമില്ലാത്തത് ഗുണമായി.
കൃഷി പഠിപ്പിക്കാൻ റീൽ
കൃഷിരീതിയും വിളവെടുപ്പും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാൻ തുടങ്ങിയതോടെ ലിജോയ്ക്ക് ആരാധകരുടെ പ്രവാഹമായി. അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി, കൃഷിയിടം ഒരുക്കുന്നതും വളമിടുന്നതും വെള്ളമൊഴിക്കുന്നതുമെല്ലാം വിശദമാക്കുന്ന റീലുകൾ പങ്കുവച്ചുതുടങ്ങിയതോടെ ലിജോമോൾ ന്യൂസിലാൻഡിലെ അറിയപ്പെടുന്ന കർഷകയുമായി.
ഞങ്ങളുടേത് കർഷക കുടുംബമാണ്. ന്യൂസിലാൻഡിൽ കൃഷി ചെയ്തു തുടങ്ങിയതിനു കാരണം തന്നെ മക്കളും ഇത് കണ്ട് പഠിക്കാനായാണ്
- ലിജോമോൾ അഗസ്റ്റിൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |