ചുണ്ടിൽ സർവദാ രാമനാമവും ഹൃദയത്തിൽ ശ്രീരാമരൂപവുമായി രാമായണത്തിൽ നിറഞ്ഞുനിൽക്കുന്ന ഹനുമാൻ സത്യധർമ്മ പരിപാലനത്തിനായി വിനീത വിധേയനായി നിൽക്കുന്ന ചിത്രം ഭക്തിയോടുകൂടി മാത്രമേ ആരും ദർശിക്കു. സർവഥാ ശ്രീരാമദാസനായ ആഞ്ജനേയന്റെ യജമാനോടുള്ള കടമയും സ്‌നേഹാദരങ്ങളും വാക്കുകൾക്കതീതമാണ്. ബാലി-സുഗ്രീവ യുദ്ധത്തിലും സീതാന്വേഷണത്തിലും സേതുബന്ധനത്തിലുമെല്ലാം തന്റെ സ്വാമിക്കുവേണ്ടി ആത്മബന്ധുരമായ സമർപ്പണം നിർവഹിച്ച ഹനുമാൻ രാമായണത്തിലുടനീളം തിളങ്ങി നിൽക്കുന്നു.
രാമായണത്തിലെ ആത്മഹർഷഭരിതമായ ഹൃദയബന്ധമാണ് ശ്രീരാമ ആഞ്ജനേയ കഥ. ശിവൻ, വായു, കേസരി(വാനരരാജൻ) എന്നീ മൂന്നു പിതാക്കളുടെയും മൂന്നുമാതാക്കളുടെയും ഏകപുത്രനാണ് ഹനുമാൻ. മാരുതിയുടെ ജനനത്തോടെ ശാപമുക്തയായ അഞ്ജന സ്വർഗപ്രാപ്തിയ്ക്ക് ഒരുങ്ങവേ തന്റെ ജീവനവൃത്തി ഇനിയെന്തെന്ന് അന്വേഷിച്ച മാരുതിയോട് ഒരിക്കിലും നാശം വരില്ലെന്നും ഉദയസൂര്യനെചൂണ്ടിക്കാണിച്ചുകൊണ്ട്, ഇതുപോലെ തുടുത്ത പഴങ്ങൾ എന്നുമെവിടെയും നിനക്കാഹാരമായിരിയ്ക്കുമെന്ന് അനുഗ്രഹിച്ച് അപ്രത്യക്ഷയായി. അമ്മയുടെ വാക്ക് മനസിൽ സൂക്ഷിച്ച അഞ്ജനാസുതൻ പിന്നീട് തുടുത്തുരുണ്ടു തിളങ്ങുന്ന സൂര്യബിംബം കണ്ട്, അത് ഭക്ഷ്യവസ്തുവാണെന്ന് കരുതി കുതിച്ചുചാടി. സൂര്യബിംബം വിഴുങ്ങിക്കളഞ്ഞേക്കുമെന്നു പരിഭ്രാന്തനായ ഇന്ദ്രൻ ആ ബാലന്റെ നേർക്ക് വജ്രായുധം പ്രയോഗിച്ചു.
വജ്രംകൊണ്ടുള്ള ഏറ് താടിയിൽത്തട്ടി മുറിപ്പെട്ട അഞ്ജനാസുതൻ ഭൂമിയിൽ വീണു. ഇതുകണ്ട വായുദേവൻ കുട്ടിയെ എടുത്ത് പാതാളത്തിൽ താമസമാക്കി. ഇതോടെ വായുലഭിയ്ക്കാതെ ദേവഗണങ്ങളെല്ലാം ഭൂമിയിലെത്തി. ബ്രഹ്മനിർദേശത്താൽ വായുദേവൻ കുഞ്ഞിനെയും കൊണ്ടു ഭൂമിയിൽ വന്നു. സംതൃപ്തരായ ദേവാധിനാഥന്മാർ അഞ്ജനാപുത്രന് ഹനുവിൽ (താടിയിൽ) ക്ഷതമുദ്ര പതിഞ്ഞതിനാൽ ഹനുമാൻ എന്ന് നാമകരണംചെയ്തു. എന്തിലും വിജയംവരിയ്ക്കുവാനുള്ള അനുഗ്രഹവും നൽകി. പിൽക്കാലത്ത് രാമാവതാരവേളയിൽ എല്ലാ മഹത്കൃത്യങ്ങൾക്കും ഭാഗധേയനായി മാറി, മാരുതി.
അശോകവനികയിലിരിയ്ക്കുന്ന സീതാദേവിയെ തേടിയെത്തിയ ഹനുമാൻ, രാമനാമാങ്കിതമായ അംഗുലീയം നൽകി അവിടെനിന്ന് ശ്രീരാമന് നൽകാൻ സീതാദേവിയുടെ ചൂഢാരത്നവുമായാണ് മടങ്ങിയത്. ആഞ്ജനേയ ക്ഷേത്ര സന്നിധിയിൽ ചെല്ലുന്നവർ ആദ്യം പ്രാർത്ഥിക്കുന്നത് ശ്രീരാമനെയാണ്. തന്റെ ആത്മബന്ധുവായ, ലോകസ്വരൂപനായ ശ്രീരാമചന്ദ്രഭഗവാനെ സ്മരിച്ചശേഷമേ തന്നെ സ്മരിയ്ക്കുകവേണ്ടൂ. അല്ലാതെയുള്ള പ്രാർത്ഥന ഹനൂമാൻ ഒരുതരത്തിലും കൈക്കൊള്ളുകയില്ല എന്നാണ് ! മറ്റൊരു ദേവതകൾക്കുമില്ലാത്ത വ്യത്യസ്തതയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |