വയനാട്ടിൽ നിന്ന് ഇനി അൽപ്പം അവക്കാഡോ (ബട്ടർ ഫ്രൂട്ട് അഥവാ വെണ്ണപഴം) ചിന്തകളാകാം. അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം അതിനുള്ള വഴികളാണ് ഒരുക്കുന്നത്. പുതിയ ഗവേഷണം നടത്തി ജില്ലയിലെ കർഷകർക്ക് താങ്ങും തണലുമായി മാറിയ കാർഷിക ഗവേഷണ കേന്ദ്രം ഏറ്റവുമെടുവിൽ അവക്കാഡോ കൃഷിയിൽ കർഷകരെ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ദിവസം ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ സെമിനാറിനും വലിയ അംഗീകാരമാണ് ലഭിച്ചത്. ഇന്ത്യക്ക് വിദേശനാണ്യം നേടി തരുന്നതിൽ വയനാട്ടിൽ നിന്ന് കാപ്പിയും കുരുമുളകും വഹിക്കുന്ന പങ്കും ചെറുതല്ല. എന്നാൽ കാലാവസ്ഥയിലുള്ള വ്യതിയാനവും മറ്റു കാരണങ്ങളും വയനാട്ടിൽ ഒറ്റ കൃഷി എന്ന രീതിയിൽ മാറ്റം വരുത്താൻ കർഷകരെ പ്രേരിപ്പിക്കുകയാണ്. നെൽവയലുകളുടെ നാടായിരുന്ന വയനാട്ടിൽ കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകളാണ് കൃഷിയെ സാരമായി ബാധിച്ചത്. അതോടൊപ്പം വന്യമൃഗശല്യവും തൊഴിലാളികളെ കിട്ടാനില്ലാത്തതും സ്വന്തം ആവശ്യത്തിന് നെൽകൃഷിയിറക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്കും കാര്യങ്ങളെത്തി. കാപ്പിയും കുരുമുളകും കൃഷി ചെയ്യുന്ന കർഷകരുടെ അവസ്ഥയും മറിച്ചല്ല. ഒരുതരം ചൂതാട്ടത്തിന് സമാനമാണ് വയനാട്ടിലെ കാർഷിക രംഗം. കിട്ടിയാൽ കിട്ടി, പോയാൽ പോയി! വില ഉള്ളപ്പോൾ വിള ഉണ്ടാവില്ല. വിള ഉള്ളപ്പോൾ വിലയും ഉണ്ടാവില്ല. ഇങ്ങനെ എല്ലാ തരത്തിലും കർഷകർ പ്രതിസന്ധിയിലാണ്. ഒരു കാലത്ത് ഇഞ്ചി കൃഷിയിൽ പലരും സമ്പന്നരായി. ഇതേത്തുടർന്ന് ഏവരും ഇഞ്ചി കൃഷിയിലേക്ക് ഇറങ്ങി. അപ്പോൾ വിലയും ഇല്ലാതായി. ഇഞ്ചിക്ക് വില കൂടുന്നത് കണ്ടപ്പോൾ കർണാടകയിലെയും തമിഴ്നാട്ടിലെയും ഭൂമികൾ വൻതോതിൽ പാട്ടത്തിനെടുത്ത് കൃഷിയിറക്കി തുടങ്ങി. വയനാട്ടിലെ കർഷകർ ഇതിനായി അവിടെത്തന്നെ താത്ക്കാലിക ഷെഡുകളിലേക്ക് താമസവും മാറ്റി. ഭാര്യയുടെ കെട്ടുതാലി പോലും പണയപ്പെടുത്തി കൃഷിയിറക്കിയവർക്കും പറയാനുണ്ടായിരുന്നത് നഷ്ടത്തിന്റെ കണക്കുകൾ മാത്രമായിരുന്നു. കടക്കെണിമൂലം ഏറ്റവും കൂടുതൽ കർഷകർ ആത്മഹത്യ ചെയ്തതും വയനാട്ടിലാണ്.
താങ്ങായി കാർഷിക
ഗവേഷണ കേന്ദ്രം
ജില്ലയിൽ കർഷകർക്ക് കൃഷിയുമായി മുന്നേറാനുള്ള പുതിയ പദ്ധതികളാണ് അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം ഒരുക്കുന്നത്. നാലര പതിറ്റാണ്ട് മുമ്പാണ് അമ്പലവയലിൽ കാർഷിക ഗവേഷണ കേന്ദ്രം തുടങ്ങിയത്. ഒരുകാലത്ത് കെടുകാര്യസ്ഥതയുടെ കേന്ദ്രമായി മാറിയ ഈ സ്ഥാപനം ഇന്ന് കർഷകരുടെ പ്രതീക്ഷയാണ്. പുത്തൻ പരീക്ഷണ വിജയങ്ങൾ നടത്തി കർഷകർക്ക് വേണ്ടി പുതിയ കാർഷിക വിഭവങ്ങൾ സംഭവന ചെയ്തുകൊണ്ടാണ് ഗവേഷണകേന്ദ്രം ശ്രദ്ധേയമാകുന്നത്. ഏറ്റവും അവസാനമായി വയനാടിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ അവക്കാഡോയിൽ ദേശീയ സെമിനാർ നടത്തികൊണ്ടാണ് കേന്ദ്രം കർഷകർക്കായി പുത്തൻ പ്രത്യാശ നൽകുന്നത്. അനുയോജ്യമായ കൃഷികൾ കർഷകർക്ക് പരിചയപ്പെടുത്തി കൊടുക്കുകയും കർഷകരെ കൃഷിയിലേയ്ക്ക് കൊണ്ടുവന്ന് സ്വയം പര്യാപ്തരാക്കുകയും ലക്ഷ്യം വച്ചാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. മാതൃകാ പ്രവർത്തനം നടത്തുന്ന അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിന് കൃഷി മന്ത്രി പി. പ്രസാദിന്റെ എല്ലാ പിന്തുണയുമുണ്ട്. നെല്ല്, കുരുമുളക്, കാപ്പി, മറ്റ് കിഴങ്ങുവിളകൾ, പച്ചക്കറികൾ എന്നിവ വയനാടൻ കാലാവസ്ഥയ്ക്ക് അനയോജ്യമാണെന്ന് കണ്ടെത്തി അതിൽ പുതിയ പരീക്ഷണങ്ങൾ നടത്തുകയും ഇതിൽ നിന്ന് പുതിയ വിത്തിനങ്ങൾ വികസിപ്പിച്ചെടുത്താണ് കർഷകർക്ക് നൽകിയത്. ഇത്തരത്തിൽ വികസിപ്പിച്ചെടുത്ത നെൽവിത്താണ് ദിപ്തി. വയനാട്ടിലെ കാലാവസ്ഥയിൽ നല്ല വിളവ് ലഭിക്കുന്ന നെല്ലിനമാണ്. പന്നിയൂർ 9, പന്നിയൂർ പത്ത് എന്നി കുരുമുളക് ഇനങ്ങളുടെ പരീക്ഷണവും റോബസ്റ്റ കാപ്പിയിലും പുത്തൻ പരീക്ഷണങ്ങൾ നടത്തുകയുണ്ടായി. പച്ചക്കറികൾ, പൂക്കൾ, പഴങ്ങൾ എന്നിവയിലും പുത്തൻ പരീക്ഷണങ്ങൾ നടത്തി.
കാലാവസ്ഥയും
അവക്കാഡോയും
വയനാടിന്റെ കാലാവസ്ഥയ്ക്ക് ഏറ്റവും അനയോജ്യമാണ് അവക്കാഡോ. അവക്കാഡോയുടെ ഗുണം ആദ്യമായി കണ്ടെത്തിയതും വയനാട്ടുകാരല്ല, ഇവിടെയെത്തിയ വിദേശികളാണ്. 1947ന് മുമ്പ് തന്നെ വയനാട്ടിൽ ബ്രിട്ടിഷുകാർ അവക്കാഡോ കൃഷിചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. നാലിനം അവക്കാഡോകളാണ് ഇപ്പോൾ സുലഭമായിട്ടുള്ളത് ഇതിൽ ഓയിൽ കണ്ടന്റും രുചിയും കൂടുതലുള്ള ഇനത്തിനാണ് കൂടുതൽ മാർക്കറ്റിംഗ് സാദ്ധ്യതയെന്ന് കഴിഞ്ഞ ദിവസം നടന്ന സെമിനാറിൽ പങ്കെടുത്ത വിദഗ്ധരിൽ ചിലർ പറയുകയുണ്ടായി. എന്നാൽ ഇവിടെ സുലഭമായിട്ടുള്ള വയനാടൻ അവക്കാഡോയ്ക്കാണ് കേരളത്തിന് പുറത്ത് ഡിമാന്റ്. രണ്ട് ദിവസങ്ങളിലായി നടന്ന അവക്കാഡോ ഫെസ്റ്റിൽ കേരളത്തിനകത്തും പുറത്തുനിന്നുമായി അഞ്ഞൂറോളം പേരാണ് പങ്കെടുത്തത്. അവക്കാഡോ കൃഷിയുടെ സാദ്ധ്യതകളും പ്രാധാന്യവും ഫെസ്റ്റിവലിൽ കർഷകരുമായി വിദഗ്ധർ പങ്കുവെച്ചു.വയനാടൻ അവക്കാഡോ ബ്രാൻഡ് ഉത്പ്പന്നമാക്കി മാറ്റുന്നതിനുള്ള പദ്ധതിയും അമ്പലവയൽ ആർ.എ.ആർ.എസ് നടപ്പാക്കാനുള്ള നീക്കം ആരംഭിച്ചു.
നിലവിൽ നടക്കുന്ന
പരീക്ഷണങ്ങൾ
ഔഷധ സസ്യങ്ങളുടെ പരീക്ഷണം, ട്രൈക്കോഡെർമ, കുരുമുളകിന്റെ വിയറ്റ്നാം മോഡൽ പരീക്ഷണം, കാപ്പികൂട്ട് (പാനകം)എന്നിവയിലാണ് പരീക്ഷണം നടക്കുന്നത്. ഇവയ്ക്ക് പുറമെ ആർ.എ.ആർ.എസിന്റെ 16 കേന്ദ്രങ്ങളിലുമായി നടന്നുവരുന്ന രക്ഷാസോപ്പിലും പരീക്ഷണം തുടരുന്നു.
നെൽ വിത്തിലെ പരീക്ഷണം
അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ കീഴിൽ 112 ഇനം നെൽവിത്തുകളിലാണ് പരീക്ഷണ നിരീക്ഷണം നടത്തിയത്. ജീരകശാല, ഗന്ധകശാല തുടങ്ങിയ ഔഷധഗുണമുള്ള നെൽവിത്തിനങ്ങളും ഇവിടെ വികസിപ്പിച്ചെടുക്കുന്നു. കാർഷിക ഗവേഷണ കേന്ദ്രത്തിൽ അപൂർവ്വങ്ങളായ ഡാലിയയും അഞ്ഞൂറോളം റോസാപൂക്കളും ഓർക്കിഡുകളുടെയും അപൂർവ്വ ശേഖരവുമുണ്ട്. ഇവ കാണുന്നതിനായി എല്ലാ ദിവസവും സൗകര്യം ഒരുക്കുന്നുണ്ടെങ്കിലും 15 ദിവസം നീണ്ടുനിൽക്കുന്ന ഫ്ളവർഷോയും എല്ലാ വർഷവും നടത്തുന്നു. വിവിധയിനം പച്ചക്കറികളും പഴങ്ങളും ഫാമിൽ നട്ടുവളർത്തിയാണ് കർഷകർക്കായി നൽകുന്നത്. ഈ പഴങ്ങളുടെയും പച്ചക്കറികളുടെ തൈകൾ കർഷകർക്ക് നൽകുന്നതിന് പുറമെ ഇതിന്റെ ഉപ ഉത്പ്പന്നങ്ങളും നൽകുന്നു. വയനാടിന്റെ കാലാവസ്ഥയിൽ വന്നുകൊണ്ടിരിക്കുന്ന വ്യതിയാനമാണ് പലകാർഷിക വിളകൾക്കും ഭീഷണിയായി മാറികൊണ്ടിരിക്കുന്നതെന്ന് ആർ.എ.ആർ.എസ് അസോസിയേറ്റ് ഡയറക്ടറും കാർഷിക കോളേജ് ഡീനുമായ ഡോ.സി.കെ. യാമിനി വർമ്മ പറഞ്ഞു. കാലാവസ്ഥയിൽ വന്ന മാറ്റമാണ് ഇപ്പോൾ ഇഞ്ചിയുൾപ്പെടെയുള്ള കിഴങ്ങ് വിളകൾക്ക് കേട് പിടിക്കാൻ കാരണം. കാലാവസ്ഥയിലെ മാറ്റത്തിനനുസരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ഗവേഷണ കേന്ദ്രത്തിലൂടെ നടപ്പിലാക്കുന്നതെന്ന് അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |